മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ജാമ്യം
കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയെതുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത സംവിധായകന് സനല്‍ കുമാര്‍ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കുകയും പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും ചെയ്തുവെന്ന മഞ്ജുവിന്റെ പരാതിയിലാണ് കൊച്ചി എളമക്കര പൊലിസ് സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തത്.
മഞ്ജു വാര്യരെ ഇഷ്ടമാണെന്നും അതിനാലാണ് പ്രണയാഭ്യര്‍ഥന നടത്തിയത് എന്നും സനല്‍കുമാര്‍ ശശിധരന് പൊലീസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ പരാതിയില്‍ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.
അതേ സമയം തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സനല്‍കുമാര്‍ ശശിധരന് ആരോപിച്ചു. സ്റ്റേഷന് ജാമ്യം വേണ്ടെന്നും തനിക്ക് ചില കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കാനുണ്ടെന്നും സനല്‍കുമാര്‍ പറഞ്ഞിരുന്നു.
മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അതെക്കുറിച്ച് മഞ്ജു പ്രതികരിച്ചിട്ടില്ല.
മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും തനിക്കറിയില്ല. ഞാന്‍ മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നത് സത്യമാണ്. മഞ്ജുവിനെ ഒരുപാട് വട്ടം കാണാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല.
സുഹൃത്തുക്കളും ബന്ധുക്കളും വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സനല്‍കുമാര്‍ പ്രണ്യയാഭ്യര്ഥന നടത്തിയിരുന്നതായും ശല്യപ്പെടുത്തിയിരുന്നതായും മഞ്ജു പറയുന്നു. മഞ്ജു വാര്യര്‍ നായികയായ 'കയറ്റം' എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു സനല്‍കുമാര്‍ ശശിധരന്. ഭീഷണിപ്പെടുത്തല്‍, ഐ.ടി ആക്ട് എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."