സത്യപ്രതിജ്ഞ സ്റ്റേഡിയത്തില്‍ തന്നെ; ആളെക്കുറയ്ക്കാന്‍ തീരുമാനം
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സറ്റേഡിയത്തില്‍ തന്നെ നടക്കും. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. സാമൂഹിക അകലം കൃത്യമായി പാലിക്കുമെന്നും സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി.
ഈ മാസം 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ഒന്നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കേണ്ടുന്ന തിരുവനന്തപുരം ജില്ല.
കൊവിഡ് ഇത്രയും രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആഘോഷമാക്കാതെ പരിമിതമായ ചടങ്ങു മാത്രം നടത്തണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.
വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തി സര്‍ക്കാര്‍ പുതിയ മാതൃകകാട്ടണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐ.എം.എ മുന്നോട്ടുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."