ആദ്യം നോമ്പെടുക്കാന്‍ മത്സരിച്ചു, പിന്നെ വേദികളിലും
രഹ്‍ന
പരിശുദ്ധ റംസാന്റെ കൃപ കൊണ്ട്
സുബ്ഹാനെ..പാപം പൊറുത്തീടണേ...
തെറ്റുകള്‍ എല്ലാം തിരുത്തി മടങ്ങുന്നു
കണ്ണുനീര്‍ തൂവുന്നു....
ഇശലിന്റെ ഈരടികള്‍ നിറഞ്ഞ ജീവിതമാണ് രഹ്‌നയുടേത്. ഇരവുകള്‍ രാഗാര്‍ദ്രമാക്കുന്ന മാപ്പിളപ്പാട്ടുകാരി. കാല്‍നൂറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന രഹ്‌ന നോമ്പോര്‍മകള്‍ പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ പലപ്പോഴും കണ്ണുനിറഞ്ഞു. കൂടെയുള്ളവരുടെ വേർപാടിന്റെ നൊമ്പരംകൂടി ഉള്ളിലൊതുക്കിയാണ് നോമ്പും പെരുന്നാളും പറഞ്ഞുതീര്‍ത്തത്.
സ്‌കൂള്‍ പ്രായത്തില്‍ തന്നെ നോമ്പെടുക്കുക എന്നത് ആവേശം തന്നെയാണ്. വീട്ടിലെ സഹോദരങ്ങളോട്, അയല്‍വാസികളായ സമപ്രായക്കാരോട്, സ്‌കൂളിലെ കൂട്ടുകാരികളോട് എല്ലാവരോടും മത്സരിക്കും. അവരെക്കാളും കൂടുതല്‍ നോമ്പ് എടുക്കാനായിരുന്നു മത്സരം. ചെറുപ്രായത്തില്‍തന്നെ നോമ്പുനോറ്റ് ശീലമായതിനാല്‍ പിന്നീട് അതൊരു പ്രയാസമായി തോന്നിയിട്ടില്ല. നോമ്പുകാലത്തെ റെക്കോര്‍ഡിങ് പോലും പാടാനുള്ള ഉന്മേഷമാണുണ്ടാക്കിയത്.
നോമ്പ് കഴിഞ്ഞെത്തുന്ന പെരുന്നാളാണ് കുട്ടിയായിരിക്കുമ്പോള്‍ ഏറെ പ്രിയം. പുതിയ ഉടുപ്പ്, മൈലാഞ്ചി, വിരുന്നുപോക്ക്.... അങ്ങനെ പെരുന്നാള്‍ വലിയ സന്തോഷം തരുന്നതാണ്. ഗായിക ആയതിനു ശേഷം നോമ്പിനെ കുറിച്ചും പെരുന്നാളിനെ കുറിച്ചും നിരവധി ഗാനങ്ങള്‍ പാടാനായിട്ടുണ്ട്. റമദാനിലും പെരുന്നാള്‍ ദിനത്തിലും മാപ്പിളപ്പാട്ട് കാസറ്റുകള്‍ പുറത്തിറങ്ങിയിരുന്ന കാലത്താണ് ഞാന്‍ ഗായികയായി രംഗത്തുവരുന്നത്. നോമ്പുകാലത്തേക്കുള്ള പാട്ടുകള്‍ അതിനു തൊട്ടുമുമ്പാണ് റെക്കോര്‍ഡിങ്ങുണ്ടാവുക. എന്നാല്‍ പെരുന്നാള്‍ പ്രമാണിച്ച് പുറത്തിറക്കുന്ന കാസറ്റുകളിലെ ഗാനങ്ങള്‍ നോമ്പുകാലത്താണ് പാടി റെക്കോര്‍ഡിങ് ചെയ്തിരുന്നത്. അത് പലപ്പോഴും രാവിലെയായിരിക്കും. നോമ്പ് തുറന്നതിനു ശേഷം റെക്കോര്‍ഡ് ചെയ്ത പാട്ടുകളും ഏറെയുണ്ട്. നോമ്പ് ഒഴിവാക്കി ഒരിക്കലും റെക്കോര്‍ഡിങ് ചെയിതിട്ടില്ല.
കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലേറെ സ്റ്റേജുകളില്‍ പാടാന്‍ അവസരം കിട്ടിയത് ഏറെ ഭാഗ്യമായി കരുതുന്നു. നാട്ടില്‍നിന്ന് ആദ്യമായി വിദേശ പര്യടനത്തിനെത്തുന്നത് ദുബൈയിലാണ്. ഷാര്‍ജ, അബൂദബി, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, സഊദി അറേബ്യ തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് കാസറ്റുകള്‍ക്ക് ജനകീയത കൈവന്നതില്‍ പ്രവാസികള്‍ക്കുള്ള പങ്ക് വലുതാണ്. അതുപോലെയാണ് അവിടെ വേദികള്‍ പങ്കിടുമ്പോഴും അനുഭവപ്പെടുന്നത്. ഗള്‍ഫിലേക്ക് പെരുന്നാള്‍ പ്രോഗ്രാമിന് പോകുന്നത് നോമ്പ് അവസാനത്തിലായിരിക്കും. ജീവിതത്തില്‍ ഏറെക്കാലം ചെറിയ പെരുന്നാള്‍ പ്രവാസികളോടൊത്താണ് ആഘോഷിച്ചത്. അവസാന പത്തിലാണ് ഗള്‍ഫിലേക്ക് പോവുക. എരഞ്ഞോളി മൂസ, കണ്ണൂര്‍ ഷരീഫ്, പീര്‍ മുഹമ്മദ്, അഫ്‌സല്‍, വിളയില്‍ ഫസീല അങ്ങനെ നിരവധി പേരുണ്ടാവും. കൊവിഡ് വന്നതോടെ ഈ തുടര്‍ച്ച നിന്നു. ഇപ്പോള്‍ പ്രോഗ്രാമുകള്‍ ഗള്‍ഫിലും തുടങ്ങിയിട്ടുണ്ട്.
ഇഷ്ടമുള്ളവര്‍ കൂടെയില്ലാത്ത ഒരു റമദാന്‍ കൂടിയാണ് ഇത്തവണ കടന്നു പോകുന്നത്. ഭര്‍ത്താവ് നവാസ് ഇക്ക ഇല്ലാത്ത മൂന്നാമത്തെ നോമ്പുകാലമാണ്. കഴിഞ്ഞ നോമ്പിന് കൂടെയുണ്ടായിരുന്ന പീര്‍ മുഹമ്മദ്, വി.എം കുട്ടി എന്നിവരും നമ്മോടൊപ്പം ഇന്നില്ല. എരഞ്ഞോളി മൂസക്കയും രണ്ടുവര്‍ഷം മുമ്പ് മടങ്ങി. എല്ലാവരെ കുറിച്ചും ഓര്‍ക്കുമ്പോള്‍ ഒരു വിങ്ങലാണ്. അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന കൂടിയാണ് ഈ നോമ്പുകാലം.
ശവ്വാലും ഉദിച്ചെത്തി
ഷറഫോടെ വിരുന്നെത്തി
ശരറാന്തല്‍ തിരികത്തി.., കണ്ണില്‍,
ഷൗക്കോടെ പെരുന്നാള്‍പിറ വന്നെത്തി..
നോമ്പിനെ കുറിച്ച് പാടി നോമ്പ് അനുഭവങ്ങള്‍ പങ്കുവച്ച രഹ്‌ന പെരുന്നാള്‍ പൊന്നമ്പളിയെ കുറിച്ച് ഇശല് പാടിയാണ് ഓര്‍മക്കുറിപ്പുകള്‍ അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."