'കുടിക്കല്ലേ…വാട്‌സ് ആപ് ഡോക്ടര്‍മാരുടെ ഡിറ്റോക്‌സ് ജ്യൂസുകള്‍..' മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
'ഇച്ചിരി ബീറ്റ്‌റൂട്ട്..ഒരു പിടി ചീര (ഇലവര്‍ഗം) ഇതൊന്ന് നന്നായി ബ്ലന്‍ഡ് ചെയ്ത് ഇത്തിരി ഇളം ചൂടുവെള്ളവും നാരങ്ങനീരും മധുരം വേണേല്‍ തേനും....ഒന്ന് കഴിച്ചു നോക്കൂ..നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിന് അത്യുത്തമം..' കണ്ടിട്ടുണ്ടാവും നിങ്ങളില്‍ പലരും ഇത്തരം 'ആരോഗ്യ' ടിപ്‌സുകള്‍. കരളിലെ വിഷാംശം ഇല്ലാതാക്കും...അടിഞ്ഞുകൂടിയ ഫാറ്റി ലിവറുകള്‍ഒഴുകിപ്പോവും എന്നൊക്കെയായിരിക്കും വിദഗ്‌ധോപദേശം. കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന രീതിയില്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഐറ്റമാണ് ഡിറ്റോക്‌സ് ജ്യൂസുകള്‍. പഴങ്ങളും വേവിക്കാത്ത പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്നതാണ് ഡിറ്റോക്‌സ് ജ്യൂസുകള്‍. എന്നാല്‍ പ്രത്യേകിച്ചും കരള്‍ രോഗമുള്ളവര്‍ ഇത്തരം കെണികളിലൊന്നും വീണേക്കല്ലേ എന്ന മുന്നറിയിപ്പു നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍.
TheLiverDoc എന്നറിയപ്പെടുന്ന ഡോ.ഫിലിപ്‌സാണ് ഇതിന്റെ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന ജ്യൂസുകള്‍ നിലവില്‍ കരള്‍രോഗമുള്ളവര്‍ക്ക് ദോഷകരമാണെന്ന് ഡോ.ഫിലിപ്‌സ് ട്വീറ്റ് ചെയ്തു. വീട്ടില്‍ ദിവസവും പഴംപച്ചക്കറി ജ്യൂസ് കഴിച്ച് വൃക്കരോഗം ബാധിച്ച് ഈ ആഴ്ച രണ്ടുരോഗികള്‍ എത്തിയെന്നും അദ്ദേഹം പങ്കുവെച്ചു.
'നിങ്ങള്‍ക്ക് മുമ്പേ കരള്‍ രോഗമുണ്ടെങ്കില്‍, ദയവായി പഴങ്ങളും നിറമുള്ള പച്ചക്കറികളും അടിച്ചുണ്ടാക്കി സ്വയം ഡിറ്റോക്‌സ് ജ്യൂസ് ഉണ്ടാക്കരുത്.
'നെല്ലിക്ക, ബീറ്റ്‌റൂട്ട്, ചീര പോലെ പച്ച ഇലകള്‍ എന്നിവയും സിട്രസ് പഴങ്ങളുമായി ചേര്‍ത്ത് ജ്യൂസുണ്ടാക്കി കുടിക്കുന്നത് പുതിയ ഭ്രമമാണ്. വാട്ട്‌സ്ആപ്പിലേയും യൂട്യൂബിലെയും 'ഡോക്ടര്‍മാര്‍' ഇത് കരള്‍ ആരോഗ്യത്തിന് നല്ലതാണ് എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഫലമാണിത്. എന്നാല്‍ ഇത് ദയവായി അനുകരിക്കരുത്. ഇത്തരം ജ്യൂസുകള്‍ വൃക്കള്‍ക്ക് ദോഷം ചെയ്യും. മാത്രവുമല്ല, ഇതിന്റെ പാര്‍ശ്വ ഫലങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കിഡ്‌നി ഏറെ സമയമെടുക്കുകയും ചെയ്യും.' അദ്ദേഹം ട്വീറ്റ് ചെയ്തു.
Please don't mix fruits and a whole lot of raw green and colored veggies into a blender and make yourself a detox juice if you have pre existing liver disease.
— TheLiverDoc (@theliverdr) March 15, 2023
This is the second patient this week who seems to have developed kidney injury after daily consumption of home made… https://t.co/5DUezMy8oO
പഴങ്ങളും പച്ചക്കറികളും മെയിന്‍ കോഴ്‌സ് ഭക്ഷണത്തിന്റെ സ്ഥാനത്ത് ഇന്ന് സാധാരണയായി കണ്ടു വരുന്ന ഒന്നാണ്. എന്നാല്‍ വ്യത്യസ്ത തരം പഴങ്ങളും പച്ചക്കറികളും ഇടകലര്‍ത്തി കഴിക്കുന്നത് കരള്‍ രോഗികള്‍ക്കും വൃക്ക രോഗികള്‍ക്കും നല്ലതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കരള്‍ അല്ലെങ്കില്‍ വൃക്ക രോഗങ്ങളില്‍ ചില പോഷകങ്ങളുടെ രാസവിനിമയം നിര്‍ണായകമാകുമെന്നതിനാല്‍ അത് ആശങ്കാജനകമാണ്. അതിനാല്‍, ഏത് തരത്തിലുള്ള പച്ചക്കറികളോ പഴങ്ങളോ ആണ് നിങ്ങള്‍ ഒരു ജ്യൂസിനോ സ്മൂത്തിക്കോ വേണ്ടി യോജിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്നതെന്ന് അറിയേണ്ടത് പ്രധാനമാണ്- വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇലക്കറികള്‍ (ഉദാ. ചീര), ചോക്കലേറ്റ്, റബര്‍ബാര്‍ബ്, ബീറ്റ്‌റൂട്ട്, ചാര്‍ഡ്, ചായ, പരിപ്പ്, ഗോതമ്പ് തവിട് എന്നിവ ഓക്‌സലേറ്റിന്റെ പ്രധാന സ്രോതസാണ്. ഇവ വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍ എന്നിവയടങ്ങിയ പഴങ്ങളുമായ ചേര്‍ക്കുമ്പോള്‍ വൃക്കകളില്‍ ഓക്‌സലേറ്റ് പരലുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. പഴങ്ങളും വേവിക്കാത്ത പച്ചക്കറികളുമായി കൂടുമ്പോള്‍ ഈ പ്രക്രിയ വര്‍ധിക്കുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍പറയുന്നു. ചിലരില്‍ ഡിടോക്‌സ് ജ്യൂസ് അസിഡിറ്റി, വയറിളക്കം, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഡിറ്റോക്‌സ് ജ്യൂസുകള്‍ ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ഹൈദരാബാദ് കാമിനേനി ഹോസ്പിറ്റല്‍സിലെ ഉദരരോഗ വിദഗ്ധന്‍ ഡോ.പരാഗ് ദശത്വാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ജ്യൂസുകളുടെ ഉപയോഗം നേരത്തെ ലിവര്‍ പ്രശ്‌നം ഉള്ളവര്‍ക്ക് അധികരിക്കാന്‍ മാത്രമല്ല ഇല്ലാത്തവര്‍ക്ക് ഉണ്ടാകാനുള്ള സാധ്യതയും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."