സർക്കാരിനെതിരേ തൃക്കാക്കര വിധിയെഴുതും: മുസ്‌ലിം ലീഗ്
മലപ്പുറം
ജനദ്രോഹ സർക്കാരിനെതിരായ വിധിയെഴുത്തായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സിൽവർലൈനിന്റെ പേരിലുള്ള ഭരണകൂട വേട്ടയ്ക്ക് ജനം മറുപടി നൽകും. വർഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാനുള്ള എൽ.ഡി.എഫിന്റെ അവസരവാദ നയങ്ങൾക്ക് തൃക്കാക്കരയിലെ ജനം അന്ത്യം കുറിക്കുമെന്നും പ്രവർത്തക സമിതി വിലയിരുത്തി.
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീന് നൽകി. ഷഹീൻബാഗിലുണ്ടായ അതിക്രമം മണ്ണുമാന്തികളുപയോഗിച്ച് ജനജീവിതത്തെ തുടച്ചുനീക്കാനുള്ള ബി.ജെ.പി ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് പ്രവർത്തക സമിതി യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. ഗുജറാത്തിൽ മുസ്‌ലിംകളായ മത്സ്യതൊഴിലാളികൾക്ക് ജീവിത സൗകര്യവും തൊഴിൽ സ്വാതന്ത്ര്യവും അനുവദിക്കണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ പര്യടനങ്ങൾ ജൂൺ രണ്ട് മുതൽ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചർച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഉന്നതാധികാര സമിതി അംഗങ്ങളായ ഡോ. എം.കെ മുനീർ എം.എൽ.എ, വി.കെ ഇബ്രാഹിം കുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, സി.പി ബാവ ഹാജി, കെ.ഇ അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.എം ഷാജി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, ബീമാപള്ളി റഷീദ്, പി.എം സാദിഖലി, സി.പി. ചെറിയമുഹമ്മദ്, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി, അഡ്വ. യു.എ ലത്തീഫ്, നജീബ് കാന്തപുരം, എ.കെ.എം അഷ്‌റഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."