ഭക്ഷണം രാഷ്ട്രീയം പറയുന്നു
കെ.എല്‍ മോഹനവര്‍മ
അമ്മേ, വിശക്കുന്നു. കുറച്ചുനേരം കൂടി കളിക്ക്. അപ്പോഴേക്കും ഉണ്ടാക്കിത്തരാം.
അമ്മേ, എളുപ്പം വേണം... വിശന്നിട്ടു വയ്യ.
ലോകത്തെമ്പാടും ചരിത്രാതീത കാലംമുതല്‍ ഇന്നുവരെ ജാതി മത വര്‍ഗ ഭാഷാ ഭൂമിശാസ്ത്ര വ്യത്യാസമില്ലാതെ അവരവരുടേതായ ഭാഷകളില്‍ സഹസ്രകോടി തവണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, അമ്മയും മക്കളും തമ്മില്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്ററോ അധ്യാപകനോ പഠിപ്പിക്കാത താനെ രൂപപ്പെട്ട് ഉയര്‍ന്നുവന്നിരുന്ന സൂപ്പര്‍ ഡയലോഗ് ആണിത്. വരുംകാലത്തും ഇതിന് ഒരു മാറ്റവും ഉണ്ടാകാന്‍ ഇടയില്ല. കാരണം സിംപിള്‍ ആണ്. എല്ലാ ജീവികള്‍ക്കും വേണ്ട എന്തിനെയും അതും ഈ രണ്ട് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താം.
ഭക്ഷണവും കളിയും
ഭക്ഷണം മരണംവരെ ശരീരം നിലനിര്‍ത്താനുള്ള ഇന്‍പുട്ട്. കളി മനസിനെ നിലനിര്‍ത്താനും... കളിയില്‍ എല്ലാം വരും. സംസ്‌കാരവും അറിവും തത്വശാസ്ത്രവും മാനസികോല്ലാസവും കലകളും പ്രാര്‍ഥനയും സ്വപ്‌നവും എല്ലാം... സ്വാഭാവികമായും ശരീരത്തിലാണ് മുന്‍ഗണന. ഭക്ഷണം... മറ്റെന്തും മാനവികതയുടെ പൂരകങ്ങള്‍ മാത്രമാണ്. സ്വാഭാവികമായും ഭക്ഷണം ഏതു രാഷ്ട്രീയത്തിലെയും അടിസ്ഥാനഘടകമാണ്. വ്യക്തിപരമായി സ്വയംപര്യാപ്തത ഭക്ഷണകാര്യത്തില്‍ നേടാന്‍ പറ്റാത്ത സമൂഹത്തെ ഒപ്പംനിര്‍ത്താന്‍ ഏറ്റവും നല്ല രാഷ്ട്രീയ ആയുധം ഭക്ഷണമാണ്.
ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് പി.കെ ഭഗവതി (പിന്നീട് അദ്ദേഹം ആഗോളതലത്തില്‍ ഏറ്റവും പ്രസിദ്ധനായ നിയമോപദേശകനായി ഉയര്‍ന്ന പദവികളിലും സേവനമനുഷ്ഠിച്ചിരുന്നു) ഒരു വിധിന്യായത്തില്‍ എഴുതി; ഇന്ത്യയിലെ ഒരു സാധാരണ പൗരന് ഉന്നതമായ സൗധങ്ങളോ എയര്‍കണ്ടിഷന്‍ സൗകര്യങ്ങളോ അല്ല ആവശ്യം, അവനു വിശക്കുമ്പോള്‍ ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും ഒരു സവാള ഉള്ളിയും രണ്ടു പച്ചമുളകും അല്‍പം ഉപ്പും ഒരു മൊന്ത കുടിവെള്ളവുമാണു വേണ്ടത്.
ഇതു നല്‍കാന്‍ നമുക്കു കഴിയുന്നില്ല. ഇത് അദ്ദേഹം 40 കൊല്ലം മുന്‍പ് എഴുതിയതാണ്.
പക്ഷേ ഇന്നും നമുക്ക്, സാധാരണക്കാരന് നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിവെള്ളം നല്‍കുക എന്നത് ഈ 2021ലെ തെരഞ്ഞെടുപ്പില്‍ തന്നെ നമ്മുടെ രാഷ്ട്രീയസംവിധാനത്തിലെ എല്ലാ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടംപിടിക്കുന്നുണ്ട്.
ഇന്ത്യയുടെ ഹൃദയഭാഗമായ ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് (ഇന്നത്തെ ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ) സംസ്ഥാനങ്ങളെ പത്തറുപത് കൊല്ലം മുന്‍പ് അല്‍പം തമാശയായി വിളിച്ചിരുന്നത് ആ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് ആകങഅഞക പ്രദേശങ്ങള്‍ എന്നായിരുന്നു. ബിമാരി എന്നാല്‍ രോഗം എന്നാണ് ഹിന്ദിയില്‍. ഇന്ത്യയുടെ രോഗബാധിത നെഞ്ച് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഈ പ്രദേശങ്ങളെ വിലയിരുത്തുമ്പോള്‍ തന്നെ പൊതുവായി ഈ വിശേഷണം ഉപയോഗിക്കാറുമുണ്ടായിരുന്നു. ഇന്ത്യയുടെ വികസനത്തില്‍ നഗരങ്ങള്‍ പ്രാധാന്യം നേടിയപ്പോള്‍ ഈ ബിമാരി പ്രദേശങ്ങളുടെ രോഗം വര്‍ധിക്കുകയാണുണ്ടായത്.
ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള അതിഥി തൊഴിലാളികളുടെ പ്രയാണം കൊണ്ട് ഗ്രാമങ്ങളിലെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും സ്വാഭാവികമായും ആചാരങ്ങളിലും മാത്രമാണ് താരതമ്യേന പുരോഗതി ഉണ്ടായത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നഗരങ്ങളില്‍ സംഘടിത തൊഴിലാളികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കോരനു കുമ്പിളില്‍ കഞ്ഞി എന്ന നമ്മുടെ പഴഞ്ചൊല്ല് പോലെ ജസ്റ്റിസ് ഭഗവതി പറഞ്ഞ സാധാരണക്കാരന്‍ കര്‍ഷകതൊഴിലാളിക്ക് പഴയ ചപ്പാത്തിക്കൊപ്പം ഉപ്പ് ടാറ്റായുടെ അയഡൈസ്ഡ് സാള്‍ട്ട് ആയി എന്നതും മൊബൈല്‍ ഫോണ്‍ മിക്ക ഗ്രാമങ്ങളിലും ഭക്ഷണത്തിനു രുചി വേണമെന്ന ആശയം കുട്ടികളില്‍ കൊണ്ടുവരികയും ചെയ്തത് മാത്രമായിരുന്നു വ്യത്യാസം.
ചായക്കടകളില്‍ ബിസ്‌ക്കറ്റ് പാക്കിനു പകരം സ്‌നാക്‌സും കുപ്പിവെള്ളവും എത്തി.
ഇവയെല്ലാം ഭക്ഷണം അടിസ്ഥാനമാക്കി ഉള്ളവയായിരുന്നു. അധികാര രാഷ്ട്രീയം ആചാരത്തെയും ഭക്ഷണത്തെയും രാഷ്ട്രീയമായി ഉപയോഗിക്കുന്ന രീതി സര്‍വസാധാരണമായി. ഗോമാംസവും പന്നിയിറച്ചിയും ഇന്നും ഒരു ശക്തമായ രാഷ്ട്രീയവസ്തു ആണല്ലോ. ഉത്തരേന്ത്യയില്‍ ഒരു ചൊല്ലുണ്ട്; ഇന്ത്യന്‍ രാഷ്ട്രീയം സവാളയുടെ വിലയില്‍ ആണെന്ന്. ഇത് ഒരു പരിധിവരെ ശരിയുമാണ്. എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും അറിയാം. സവാള ഉള്ളിയുടെ വന്‍ മൊത്തക്കച്ചവടക്കാര്‍ ഇന്നും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ ശക്തമായി സ്വാധീനിക്കുന്ന വരാണെന്ന്.
ചപ്പാത്തിയും ഉപ്പും
സവാളയും കുടിവെള്ളവും തന്നെയാണ് ഇന്നും വെറും സാധാരണക്കാരായ ഭൂരിപക്ഷം ഇന്ത്യന്‍ പൗരന്മാരുടെയും ആവശ്യം. ഭാരത സര്‍ക്കാരിന്റെ ആറാം പ്ലാനിങ് കമ്മിഷന്‍ 1980കളില്‍ ഒരു പ്രതിസന്ധി നേരിട്ടു. അന്ന് തമിഴ്‌നാട് സംസ്ഥാനം തയാറാക്കി അയച്ച കേന്ദ്ര വികസന പദ്ധതികളില്‍ തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പോഷകമായ ഉച്ചഭക്ഷണം നല്‍കണം എന്ന പ്രൊപ്പോസല്‍ ഉണ്ടായിരുന്നു.
പ്ലാനിങ് കമ്മിഷന്‍ ആദ്യകാലം മുതല്‍ കര്‍ശനമായി നടപ്പാക്കിയിരുന്ന ഒരു നിയമമായിരുന്നു മൂലധന നിക്ഷേപം. അല്ലാതെ റവന്യൂ എക്‌സ്‌പെന്‍ഡിച്ചര്‍ സ്‌കീമുകള്‍ കേന്ദ്ര പദ്ധതിയുടെ ഭാഗം ആകുകയില്ല എന്ന്. അന്നു തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന എം.എം.ജി രാമചന്ദ്രന്‍, നമ്മുട എം.ജി.ആര്‍ ഒരു വൈകാരികമായ നിരീക്ഷണം നല്‍കുകയുണ്ടായി. നിങ്ങള്‍ ഈ പ്ലാനിങ് കമ്മിഷനില്‍ ഇരിക്കുന്ന ഒരാളുപോലും ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരിടത്തുനിന്നും ഭക്ഷണം കിട്ടാന്‍ നിവൃത്തിയില്ലാത കുട്ടിക്കാലത്ത് നിസ്സഹായനായി വിശന്ന് തളര്‍ന്നുകരഞ്ഞു ബോധമില്ലാതെ കിടന്നിട്ടുണ്ടോ? ഇല്ല, കാണില്ല. തീര്‍ച്ചയായും ഉണ്ടാകില്ല.
ഞാന്‍ എന്റെ ഏഴാം വയസില്‍ അങ്ങനെ പലപ്പോഴും വീണു കരഞ്ഞിട്ടുണ്ട്. എന്റെ സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യമാണ് നാടിന്റെ ഏറ്റവും പ്രധാന വികസനം. വിശപ്പുകൊണ്ട് പൊരിയുമ്പോള്‍ മറ്റൊന്നും തലയില്‍ കയറില്ല, എനിക്കറിയാം. നിങ്ങള്‍ അറിഞ്ഞിരിക്കണം.
22 ലക്ഷം പേര്‍ പട്ടിണികൊണ്ട് മരിച്ച ബംഗാള്‍ ക്ഷാമം. 80 വര്‍ഷം പോലും ആയിട്ടില്ല ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നടന്നിട്ട്. മൂന്നുവര്‍ഷം തുടര്‍ച്ചയായി അസാധാരണമായ കൊടുംവരള്‍ച്ചയും രണ്ടാം ലോക മഹായുദ്ധത്തിനു വേണ്ടി ഉല്‍പന്നങ്ങളും സേവനങ്ങളും മുഴുവനും വഴിതിരിച്ചുവിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യക്കാരെ അപരിഷ്‌കൃതരായ അടിമകളായി മാത്രം കണക്കാക്കിയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ക്രൂരമായ നയങ്ങളും ഇന്ത്യയിലെ സ്വാതന്ത്ര്യസമര നേതാക്കളുടെ ദില്ലി അടിസ്ഥാനമായ കേന്ദ്രീയ രാഷ്ട്രീയ സമരശൈലിയുടെ നാഗരികതയും എല്ലാം ചേര്‍ന്നപ്പോള്‍ ഭക്ഷണം കിട്ടാതെ മരിച്ചുവീണ സാധാരണക്കാര്‍ വെറും കണക്കുകളിലെ അക്കങ്ങള്‍ ആയി മാറി.
സത്യജിത് റേ ഉള്‍പ്പെടെ അനവധി മഹാന്മാര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിസ്സംഗത പില്‍ക്കാലത്ത് തുറന്നുകാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭക്ഷണം എത്രത്തോളം നിര്‍ണായകം ആകുന്നുവെന്നു നോക്കാം. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഏറെക്കാലമായി വോട്ടിനു വില പോലെ, പക്ഷേ ഒരു ഔദാര്യം എന്നമട്ടില്‍ വോട്ടര്‍മാര്‍ക്ക് ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും ടി.വി, റേഡിയോ, ഡ്രസ്, ചിലപ്പോള്‍ പണവും നല്‍കുന്നത് തെറ്റായി ആരും കണക്കാക്കിയിരുന്നില്ല.
രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ രാഷ്ട്രീയക്കാര്‍ കരമായും കൈക്കൂലിയായും തങ്ങളില്‍നിന്ന് തന്നെ ശേഖരിച്ച് സ്വത്തിലെ ഒരു ചെറിയ ഭാഗമാണ് വോട്ട് സമയത്ത്് തരുന്നത് എന്ന സാമൂഹ്യമായ കാഴ്ചപ്പാട് നിലനില്‍ക്കുന്നുണ്ട്. ഒപ്പം ഉച്ചഭക്ഷണത്തിന് ആവശ്യമായ ധാന്യങ്ങളുടെയും റേഷന്‍ സാധനങ്ങളുടെയും കാര്യത്തില്‍ വലിയ തോതില്‍ സബ്‌സിഡി നല്‍കാനും അതിനെ രാഷ്ട്രീയമായി വോട്ടുമായി ബന്ധപ്പെടുത്താനും മടി കാണിക്കാറില്ല. തമിഴ്‌നാട്ടിലെ പോലെ മറ്റു സംസ്ഥാനങ്ങളിലും അല്‍പസ്വല്‍പം വ്യത്യാസത്തോടെ ഇതേ രീതി നടക്കുന്നുണ്ട്.
പക്ഷേ, കേരളം വ്യത്യസ്തമായിരുന്നു. ഇവിടുത്തെ അഭ്യസ്തവിദ്യരായ ജനവും അവരുടെ രാഷ്ട്രീയബോധവും ഈ രീതി സ്വീകരിച്ചില്ല. ഇവിടെ ജാതി മത വര്‍ഗ വ്യത്യാസങ്ങളും ഇടതുപക്ഷ ചിന്താഗതിയും കൂട്ടുകക്ഷി ഭരണത്തിന്റെ ദുരന്ത ഭാഗമായിത്തീര്‍ന്ന കുടുംബ പാര്‍ട്ടികളുടെ സ്വന്തം ഏരിയകള്‍ കൈയടക്കുകളും ഇവയെല്ലാം ചേര്‍ന്ന് ഇത്തരം പ്രവണതകളെ തടഞ്ഞുനിര്‍ത്തിയിരുന്നു. പക്ഷേ ഇപ്പോള്‍ ശൈലി മാറി.. സോഷ്യല്‍ മീഡിയ രാഷ്ട്രീയപ്രവര്‍ത്തനത്തിനു പുതിയ രൂപം നല്‍കിയപ്പോള്‍ പെന്‍ഷന്‍ പണവും ഭക്ഷണ കിറ്റുകളും പ്രധാന രാഷ്ട്രീയ ആയുധമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു.
നമ്മുടെ എല്ലാ മതങ്ങളും വിശ്വാസങ്ങളും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു മാര്‍ഗങ്ങള്‍ തേടിയിരുന്നു. ശാരീരികമായി നമുക്കുണ്ടാകുന്ന അല്‍പസ്വല്‍പം വ്യത്യാസങ്ങള്‍ പോലും നാം ഗൗരവമായി കണക്കാക്കേണ്ടതാണ്. പ്രകൃതി ഒരിക്കലും ഒരു സ്ഥിരമായ വഴിയിലൂടെ സഞ്ചരിക്കുന്നതല്ല.
ശരീരത്തിന്റെ ആരോഗ്യമാണ് മനസിന്റെ ആരോഗ്യത്തിന് അടിസ്ഥാനം. അവിടെയാണ് റമദാന്‍ പോലെയുള്ള വിശുദ്ധമായ ആചാരങ്ങളുടെ പ്രസക്തി. ഭക്ഷണമാണ് നമ്മുടെ പ്രാഥമിക ആവശ്യം. ഭക്ഷണം ഉള്ളവന്‍ ഭക്ഷണം ഇല്ലാത്തവരെ സഹായിക്കുക മാത്രമല്ല, അവരുടെ വേദനയിലും നിസ്സഹായതയും എന്നതുകൂടി മനസിന്റെ ആരോഗ്യത്തിനുള്ള ഭാഗമാണ്. ഭക്ഷണം ആവശ്യപ്പെടുന്നവനു നല്‍കുക എന്നതല്ല, ആവശ്യമുള്ളവനു നല്‍കുക എന്നതാണ് മഹത്തായ കര്‍മം. അതാണ് രാഷ്ട്രീയവും. ആചാരങ്ങളും തത്വശാസ്ത്രങ്ങളും ആ മഹാ സത്യത്തിലേക്കുള്ള ചൂണ്ടുവിരലുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."