ഇന്നസെന്റിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍; മൃതദേഹം വീട്ടിലെത്തിച്ചു
തിരുവനന്തപുരം: നടനും മുന്‍ എംപിയുമായിരുന്ന ഇന്നസെന്റിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെയും പൊതുദര്‍ശനത്തിന് ശേഷം ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിച്ചു.
ഒരായുഷ്‌ക്കാലം ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് വിടപറഞ്ഞ നടന്‍ ഇന്നസെന്റിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ ആണ് എത്തിയത്. ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നസെന്റിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി തന്റെ ഭാര്യ കമലയ്‌ക്കൊപ്പമാണ് ടൗണ്‍ ഹാളിലെത്തിയത്.
ഇന്നസെന്റിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാഴ്ചക്കാരുടെ ജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിപ്പിക്കപ്പെടുമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."