സിൽവർലൈനിൽ വാദം തുടർന്ന് സി.പി.എം കല്ലിടാതെയും പദ്ധതി നടപ്പാക്കാമെന്ന് കോടിയേരി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സിൽവർലൈൻ പദ്ധതിക്കായി സാമൂഹ്യാഘാത പഠനത്തിന് മഞ്ഞക്കുറ്റികൾ ഇടുന്നതിന് സർക്കാർ വിലങ്ങിട്ടുവെങ്കിലും പദ്ധതിക്കു വേണ്ടി വാദം തുടർന്ന് സി.പി.എം. കല്ലിടാതെയും ജനങ്ങളോട് യുദ്ധം ചെയ്യാതെയും പദ്ധതി നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി.കെ.എസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർലൈനുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരടെ കൂടെ സർക്കാരുണ്ടാകുമെന്നും വീട് നഷ്ടപ്പെടുന്നവർക്ക് വീട് നിർമിച്ചു നൽകുമെന്നും കോടിയേരി വ്യക്തമാക്കി.
സിൽവർലൈൻ വന്നാൽ കേരളം വികസിത സംസ്ഥാനമായി മാറും. എൽ.ഡി.എഫിന് സ്വീകാര്യത വർധിക്കും. അതിനാൽ ഇത് തടയുകയെന്ന ഉദ്ദേശ്യത്തോടെ വിമോചനസമരം എന്ന രീതിയിൽ സമരം സംഘടിപ്പിക്കാൻ എതിരാളികൾ രംഗത്തിറങ്ങി. എന്നാൽ, സിൽവർലൈനുമായി ഇടതുസർക്കാർ മുന്നോട്ടുപോകും, അതു യാഥാർഥ്യമാക്കുകയും ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
ജനവുമായി യുദ്ധം ചെയ്ത് പദ്ധതി കൊണ്ടുവരാനല്ല ശ്രമിക്കുന്നത്. അവരുമായി സഹകരിക്കാനാണ്. ഭൂമിയും വീടും വിട്ടുകൊടുക്കുന്നർക്ക് ഇന്നവർ താമസിക്കുന്നതിനേക്കാൾ നല്ല നിലയിൽ താമസിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കും. എന്നാൽ, പ്രശ്‌നം യു.ഡി.എഫിനും ബി.ജെ.പിക്കുമാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ വികസനമേ ഇല്ല എന്ന് വരുത്തണം. ജനം നൽകിയ പിന്തുണക്കനുസരിച്ച് പ്രവർത്തിക്കുകയെന്ന ഉത്തരവാദിത്തം പിണറായി സർക്കാരിനുണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഡി.പി.ആറിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദനും വ്യക്തമാക്കി. കേരളത്തിന്റെ അടുത്ത 50 വർഷത്തെ വളർച്ച മുന്നിൽക്കണ്ടുള്ള പദ്ധതിയാണ് സിൽവർലൈൻ എന്നാണ് മന്ത്രി ഗോവിന്ദന്റെ അവകാശവാദം. യാത്രക്കാരുടെ സൗകര്യം മാത്രമല്ല കേരളത്തിന്റെ സമഗ്ര വികസനമാണ് സിൽവർലൈൻ ലക്ഷ്യമിടുന്നത്. ഒരൊറ്റ മനുഷ്യന് പോലും പ്രയാസമില്ലാത്ത നിലയിലേ പദ്ധതി വരൂ. ആർക്കെങ്കിലും വിഷമമുണ്ടായാൽ പിന്നെ പദ്ധതി ഉണ്ടാകില്ല എന്നു തന്നെ സർക്കാരിന് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും എം.വി ഗോവിന്ദൻ സൂചിപ്പിച്ചു.
ജി.പി.എസ് സർവേ പ്രതിഷേധക്കാർ എങ്ങിനെ തടസപ്പെടുത്തുമെന്ന് മുൻധനമന്ത്രി തോമസ് ഐസകും ചോദിച്ചു. കല്ലിട്ടുള്ള സർവേ അവസാനിപ്പിച്ചെങ്കിലും പദ്ധതിയിൽനിന്ന് പിന്നോട്ടു പോയിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് സി.പി.എം നേതാക്കൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."