തെരുവു നായ്ക്കളുടെ ആക്രമണം: ആരോഗ്യ വകുപ്പും കണ്ണടയ്ക്കുന്നു
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റെത്തുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ല.
ആരോഗ്യ വകുപ്പ് അധികാരികളും പ്രധിരോധ സംവിധാനവും നോക്കുകുത്തിയായി മാറുമ്പോള്‍ നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. തെരുവുനായ്ക്കള്‍ പെരുകുന്നത് തടയാന്‍ ബാധ്യസ്തരായ കോര്‍പറേഷനോ ജില്ലാ ഭരണാധികാരികളോ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന മട്ടിലാണ്.
കടിയേറ്റ് ആശുപത്രിയിലെത്തുന്നവര്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് മരുന്നും സ്റ്റോക്കില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ആശ്രയം. പേപ്പട്ടി വിഷ പ്രതിരോധത്തിനു വേണ്ടത് ഇമ്യൂണോ ഗ്ലോബുലിന്‍ വാക്‌സിനാണ്. ഒരുവര്‍ഷമായി ഈ മരുന്ന് പല സര്‍ക്കാരാശുപത്രികളിലുമില്ല. കേരളത്തിലെ ഓരോ മെഡിക്കല്‍ കോളേജിലും ദിനംപ്രതി ശരാശരി നാല്‍പ്പതിലേറെ ആളുകളാണ് പ്രധിരോധ കുത്തിവയ്പിനായി എത്തുന്നത്. ഇതില്‍ വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റ് എത്തുന്നവരുമുണ്ട്. 70 പേര്‍വരെ നായ്ക്കളുടെ കടിയേറ്റ് എത്തുന്ന ദിവസങ്ങളുണ്ടെന്ന് അധികൃതര്‍ പറയുന്നു. നായയുടെ കടിയേറ്റാല്‍ എത്രയും വേഗം ചികിത്സ തേടിയില്ലെങ്കില്‍ സ്ഥിതി വഷളാവാന്‍ സാധ്യത ഏറെയാണ്.
ചോര പൊടിയാത്ത മുറിവുകള്‍ക്ക് കുത്തിവയ്ക്കുന്ന വാക്‌സിന് മെഡിക്കല്‍ കോളജില്‍ ക്ഷാമമില്ല. എന്നാല്‍ ആഴത്തിലുള്ള മുറിവ് പറ്റിയാല്‍ ഉപയോഗിക്കേണ്ട സിറത്തിനാണ് കടുത്ത ക്ഷാമം. ആശുപത്രി വികസനഫണ്ടില്‍ നിന്നാണ് അടിയന്തര സാഹചര്യത്തില്‍ മരുന്ന് എത്തിക്കുന്നത്. 800 മുതല്‍ 15,000 രൂപ വരെ വിലയുള്ള മരുന്നാണ് ഇത്തരത്തില്‍ പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നത്.
മെഡിക്കല്‍ കോളജുകളില്‍ മാത്രമല്ല, ജില്ലാ ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ഈ മരുന്നുകള്‍ ദുര്‍ലഭമാണ്. ഇതിനെല്ലാം പിന്നില്‍ വമ്പന്‍ ലാഭം ലക്ഷ്യമിടുന്ന മരുന്നു കമ്പനികളുടെ നീക്കമാണെന്നാണ് വിവരം.
സംസ്ഥാനത്ത് എത്രപേര്‍ പേപ്പട്ടിയുടെ ആക്രമണത്തിനിരയായി, എത്രപേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തി തുടങ്ങിയ വിവരങ്ങളൊന്നും ആരോഗ്യവകുപ്പിന്റെ പക്കലില്ല. 2013-14ല്‍ പേവിഷബാധയേറ്റ് എത്തിയവരില്‍ 250 പേര്‍ക്കു മാത്രമാണ് പേവിഷബാധാ കുത്തിവയ്‌പ്പെടുക്കാന്‍ കഴിഞ്ഞത്. ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."