സിറിയയില്‍ യു.എസ് പോര്‍വിമാനങ്ങള്‍; റഷ്യയുടെ ക്രൂയിസ് മിസൈല്‍ ആക്രമണം
ബെയ്‌റൂത്ത്: സിറിയയില്‍ സാധാരണക്കാരെയും ആശുപത്രികളെയും ലക്ഷ്യംവച്ച് റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കിടെ യു.എസ് യുദ്ധവിമാനങ്ങള്‍ സിറിയയിലെത്തി. സിറിയന്‍ നഗരമായ ഹസാകെയിലാണ് യുദ്ധവിമാനങ്ങളെത്തിയതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. കുര്‍ദ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്.
ഐ.എസിനെതിരേ പോരാടുന്ന യു.എസ് സൈന്യത്തിന് സുരക്ഷ നല്‍കാനാണ് സേനാനീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. വടക്ക് കിഴക്കന്‍ സിറിയന്‍ നഗരമായ കുര്‍ദ് ജില്ലയില്‍ രണ്ടു ദിവസമായി വ്യോമാക്രമണം നടന്നിരുന്നു. ഐ.എസിനെതിരേയുള്ള പോരാട്ടത്തില്‍ അമേരിക്കയെ സഹായിക്കുന്ന കുര്‍ദ് സേനയ്ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ യു.എസ് രംഗത്തെത്തിയിട്ടുണ്ട്. 300 യു.എസ് സേനാ ട്രൂപ്പുകളാണ് സിറിയയിലുള്ളത്. സിറിയന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെങ്കിലും സ്വയംരക്ഷയ്ക്കാണ് യു.എസിന്റെ ശ്രമമെന്നും സിറിയന്‍ വിമാനവുമായി യു.എസിന് റേഡിയോ ബന്ധമില്ലെന്നും പെന്റഗണ്‍ പറഞ്ഞു.
അതിനിടെ, അലെപ്പോയെ ലക്ഷ്യംവച്ച് റഷ്യന്‍ നാവികസേന ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചു. വെള്ളിയാഴ്ച മധ്യധരണ്യാഴിയില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ വ്യോമതാവളത്തില്‍ നിന്ന് ആക്രമണം നടത്തിയതിനു പിന്നാലെയാണ് സിറിയയ്ക്കു നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം.
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സഹായിക്കാന്‍ ഒരു വര്‍ഷം മുന്‍പാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. കാപ്‌സിയന്‍ കടലില്‍ നിന്ന് മൂന്ന് ക്രൂയിസ് മിസൈലുകള്‍ റഷ്യ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. നുസ്‌റ ഫ്രണ്ടിനു നേരെയാണ് ആക്രമണമെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."