സാമ്പത്തിക പ്രശ്‌നം നമുക്ക് പരിഹരിക്കാനാവും
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
നമ്മുടെ കണ്ണ് തുറപ്പിക്കേണ്ട ഒരു നബിവചനമാണിത്. ”സമ്പന്നരായ മുസ്‌ലിംകളുടെ സമ്പത്തിന് അല്ലാഹു ചുമത്തിയ സകാത്ത് അവരിലെ പാവപ്പെട്ടവരുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പര്യാപ്തമായ വിഹിതമാണ്”-ത്വബ്‌റാനി.
ഈ നബിവചനം ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. ”ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ പാവപ്പെട്ടവര്‍ കഷ്ടപ്പെടുന്നുവെങ്കില്‍ അത് സമ്പന്നരുടെ ചെയ്തികൊണ്ട് മാത്രമാണ്. നിശ്ചയം അല്ലാഹു അവരെ വിചാരണയ്ക്ക് വിധേയമാക്കും. കഠിനനിലയില്‍ ശിക്ഷിക്കുകയും ചെയ്യും”.
മനോഹരമായ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ സദ്ഫലമാണ് നാമിവിടെ കണ്ടത്. സമ്പത്തിന്റെ നിശ്ചിതവിഹിതം നിര്‍ബന്ധദാനമായി നല്‍കേണ്ട സകാത്ത്, ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കാനുള്ള പ്രോത്സാഹനം, അനന്തരാവകാശത്തിന്റെ ശാസ്ത്രീയമായ വിഭജനം, സമ്പത്ത് മനുഷ്യന്റേതല്ല, അല്ലാഹുവിന്റേതാണ്. മനുഷ്യര്‍ അത് കൈകാര്യം ചെയ്യുന്ന പ്രതിനിധി മാത്രമാണെന്ന ഇസ്‌ലാമിക സിദ്ധാന്തം, സമ്പാദിക്കുന്നതിന് നിയന്ത്രണമില്ല, എത്രയും സമ്പാദിക്കാം. നിശ്ചിത വിഹിതം സാധുക്കള്‍ക്ക് മാറ്റിവയ്ക്കണമെന്നു മാത്രം. കച്ചവടം അനുവദനീയം, പലിശ നിഷിദ്ധം തുടങ്ങിയ തത്വങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ ലോകത്തെ ഏറ്റവും ശാസ്ത്രീയ സാമ്പത്തിക വ്യവസ്ഥയാണ്. പരീക്ഷിച്ച് വിജയിച്ച ഏകസാമ്പത്തിക നിയമവും ഇസ്‌ലാമിന്റേതു മാത്രമാണ്.
പാവപ്പെട്ടവന്റെ കൈകളില്‍ പണം എത്താന്‍ ഇസ്‌ലാം നിശ്ചയിച്ച രണ്ടാമത്തെ വഴിയാണ് സ്വദഖ (ഐഛിക ദാനം). അശരണരെ സഹായിക്കുന്നതിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ഇസ്‌ലാം നല്‍കുന്നു. ഇൗ വിഷയവുമായി ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും കാണാം. ദാനത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം നോക്കൂ: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്. ആ വിത്ത് ഏഴ് കതിരുകളെ ഉല്‍പ്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് വീതം മണികള്‍. ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി അല്ലാഹു നല്‍കും. അവന്‍ വിശാലമായ കഴിവും അറിവും ഉള്ളവനാകുന്നു”. (അല്‍ബഖറ 261).
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം, വിധവകള്‍ക്കും അഗതികള്‍ക്കും വേണ്ടി ശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന യോദ്ധാവിനെപ്പോലെയാണ്” (ബുഖാരി). ഇസ്‌ലാമിക സാമ്പത്തികവ്യവസ്ഥയുടെ ആണിക്കല്ലാണ് സകാത്തും സ്വദഖയും. ഇത് രണ്ടും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന നാട്ടില്‍ മുസ്‌ലിംകള്‍ക്കിടയില്‍ സാമ്പത്തിക പരാധീനതയുണ്ടാവില്ല, തീര്‍ച്ച.
ഇന്ത്യ ഒരു മതേതര രാജ്യമായതു കൊണ്ട് സകാത്ത് സ്വമേധയാ നല്‍കാത്തവരില്‍ നിന്ന് പിടിച്ചെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഈ പരിമിതി മാറ്റിവച്ചാല്‍ മുസ്‌ലിം ധനികര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും സാധുസംരക്ഷണത്തിന് വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നമുക്ക് യാതൊരു തടസവുമില്ല.
ഒരു പള്ളി, ഖാസി, ശരാശരി മുന്നൂറ് കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹല്ല് (പ്രദേശം). മഹല്ല് ജമാഅത്ത് കമ്മിറ്റി തുടങ്ങിയ ക്രമീകരണങ്ങള്‍ നമുക്കുണ്ട്. ഓരോ മഹല്ലിലും അവശതയനുഭവിക്കുന്നവരുടെ കണക്കെടുക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഖാസിയുടെ നേതൃത്വത്തില്‍ മഹല്ല് കമ്മിറ്റിക്ക് ഇക്കാര്യം നിര്‍വഹിക്കാം.
ഒരു ഉദാഹരണം പറയാം: വീട് നിര്‍മാണത്തില്‍ ബാധ്യതയുള്ള മൂന്നു കുടുംബങ്ങള്‍ ഒരു മഹല്ലിലുണ്ട്. അന്‍പതിനായിം, ഒരുലക്ഷം, ഒരുലക്ഷത്തി അന്‍പതിനായിരം എന്നിങ്ങനെയാണ് അവരുടെ ബാധ്യത. ഹൃദ്രോഗത്തിന് സര്‍ജറി നടത്തേണ്ട ഒരു കേസുണ്ട്. രണ്ടുലക്ഷം രൂപ ഇതിനാവശ്യമാണ്. വിവാഹത്തോടനുബന്ധിച്ച് ബാധ്യതയുള്ള രണ്ടു കുടുംബങ്ങള്‍. അവരുടെ കടം വീട്ടാന്‍ ഓരോ ലക്ഷം വേണം. ഒരു ഡയാലിസിസ് രോഗിയും. പ്രതിമാസം 25000 രൂപ വേണം ഈ രോഗിക്ക്.
ഖാസിയും മഹല്ല് കമ്മിറ്റിയും സംയുക്തമായി നാട്ടിലെ സമ്പന്നരെന്ന് കരുതുന്നവരെ നേരില്‍ ചെന്ന് കാണുന്നു. സകാത്തിന്റെ പ്രാധാന്യവും സകാത്ത് നല്‍കാതിരുന്നാലുള്ള ശിക്ഷയുടെ സ്വഭാവവും വിശദീകരിച്ചു കൊടുക്കുന്നു. പള്ളിയില്‍ വച്ച് പൊതുവായ ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നേരത്തേ നടത്തിയിരിക്കണം. മഹല്ലിലെ പാവപ്പെട്ടവരുടെ സ്ഥിതിവിവരക്കണക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. ആവശ്യമെങ്കില്‍ സകാത്ത് സംഖ്യ എത്രയാണ് നല്‍കേണ്ടതെന്ന് കണക്കാക്കാന്‍ സഹായിക്കണം.
45,220 രൂപ (595 ഗ്രാം വെള്ളിയുടെ വില) യോ അതില്‍ കൂടുതലോ ഒരു വര്‍ഷം കൈവശം വയ്ക്കുകയോ അതേസംഖ്യ വരുന്ന ചരക്കുകളുള്ള ഒരു ചെറിയ കച്ചവടസ്ഥാപനമെങ്കിലും നടത്തുകയോ ചെയ്യുന്നവര്‍ വര്‍ഷംപ്രതി സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. തന്റെ അധീനതയിലുള്ള സംഖ്യയുടെയും കച്ചവടച്ചരക്കിന്റെയും രണ്ടര ശതമാനമാണ് ഓരോ വര്‍ഷവും സകാത്തായി നല്‍കേണ്ടത്.
മുന്‍വര്‍ഷങ്ങളിലെ കുടിശ്ശികയുണ്ടെങ്കില്‍ അതും നല്‍കിയേ തീരൂ. ഈ വിഷയത്തില്‍ ഒരു ഇളവുമില്ല. മരണാനന്തരം ഒരു വ്യക്തിയുടെ സ്വത്ത് ഭാഗിക്കുമ്പോള്‍ ആദ്യം ബാധ്യതകള്‍ വീട്ടണം. സ്വത്ത് കടബാധ്യതകള്‍ മുഴുവന്‍ വീട്ടാന്‍ തികയില്ലെങ്കില്‍ വ്യക്തികളുടെ കടത്തേക്കാള്‍ അല്ലാഹുവിന്റെ കടത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. സകാത്ത് അല്ലാഹുവിന്റെ കടമാണ്.
താങ്കളുടെ സകാത്തില്‍നിന്ന് ഒരുവിഹിതം നമ്മുടെ നാട്ടിലെ ഈ ഏഴ് വ്യക്തികള്‍ക്ക് അല്‍പ്പാല്‍പ്പമായി നല്‍കിയാല്‍ നന്നായിരുന്നു. എല്ലാവര്‍ക്കും നല്‍കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ താല്‍പര്യമുള്ള വിഷയത്തിന് നല്‍കിയാലും മതി. ഞങ്ങള്‍ മറ്റുള്ളവരെയും കാണുന്നുണ്ട്. എല്ലാവരും അവരവരുടെ സകാത്തില്‍ നിന്ന് ഓരോ വിഹിതം ഇവര്‍ക്ക് നല്‍കിയാല്‍ ഇവരുടെ ബാധ്യതയിലേക്ക് മോശമല്ലാത്ത ഒരു സംഖ്യകിട്ടും. ഡയാലിസിസ്, ബൈപാസ് സര്‍ജറി തുടങ്ങിയവക്കാവശ്യമായ സംഖ്യ നാട്ടില്‍ നിന്നും പുറത്തുനിന്നും മഹല്ല് കമ്മിറ്റിക്ക് സംഘടിപ്പിക്കാവുന്നതാണ്. സര്‍ജറിയും ചികിത്സയും നീട്ടിവയ്ക്കാന്‍ പറ്റില്ലല്ലോ.
കടബാധ്യതയുള്ളവര്‍ക്ക് എത്ര സംഖ്യ നല്‍കി എന്ന് ജമാഅത്ത് കമ്മിറ്റി പരിശോധിക്കണം. ആ പണം അതിനു തന്നെ വിനിയോഗിച്ചു എന്ന് ഉറപ്പുവരുത്തണം. തുടര്‍വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കണം. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇവരുടെ ബാധ്യതകള്‍ തീരും. പുതിയ കേസുകള്‍ ഇപ്രകാരം പരിഹരിക്കാം. പാവപ്പെട്ടവരുടെ വ്യക്തമായ ചിത്രം സമ്പന്നരുടെ മുന്നില്‍ മഹല്ല് നേതൃത്വം സമര്‍പ്പിക്കുമ്പോള്‍ സകാത്ത് വിഹിതം മാത്രമല്ല, ഐഛികദാനമായും അവര്‍ സഹായിക്കും.
സാമ്പത്തിക വിഷയത്തില്‍ മഹല്ല് നേതൃത്വം ഇടപെടുന്നതോടെ മഹല്ലിനോട് ജനങ്ങള്‍ക്കുള്ള ആദരവും വിധേയത്വവും വര്‍ധിക്കും. ഇത് മഹല്ല് ജമാഅത്തിന്റെ സുഗമമായുള്ള പ്രവര്‍ത്തനത്തിന് ആക്കംകൂട്ടും. ബ്ലേഡ് പലിശക്കാരില്‍നിന്ന് കടമെടുക്കുന്നവരും നമ്മിലുണ്ട്. അത് നിര്‍ത്തല്‍ ചെയ്യണം. പകരം സുന്നി മഹല്ല് ഫെഡറേഷന്റെ പലിശരഹിത സഹായനിധി ഓരോ മഹല്ലിലും നിലവില്‍ വരുത്തണം. ഇച്ഛാശക്തിയുള്ള നേതൃത്വമുണ്ടെങ്കില്‍ ഇക്കാര്യം നിഷ്പ്രയാസം നടപ്പാക്കാവുന്നതേയുള്ളൂ.
(സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിങ്
സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."