യാസ് ഇന്ന് ഉച്ചയോടെ ഒഡിഷ തീരം തൊടും; ബംഗാളിലും ജാഗ്രത
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ യാസ് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയില്‍ നിന്നും ബംഗാളില്‍ നിന്നും ഇരുപതുലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു.
ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളിലും ഒഡീഷയിലും കനത്ത മഴ പെയ്യുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കാറ്റും മഴയും കനത്ത നാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്‍ക്കത്ത വിമാനത്താവളം രാവിലെ എട്ടര മുതല്‍ രാത്രി എട്ട് വരെയും അടച്ചിടും. ഭുവനേഷ്വര്‍ വിമാനതാവളം നാളെ രാവിലെ വരെയും അടച്ചിടും.
ഭദ്രാക്ക് ജില്ലയിലെ ധര്‍മപോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. ജനങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 4000 കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."