ഒരു മീറ്റര്‍ അകലം മതിയാവില്ല; കൊവിഡ് വായുവിലൂടെ പകരുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് വായുവിലൂടെ പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം ബാധിച്ചവര്‍ ചുമയ്ക്കുകയും തുമ്മുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ വായുവില്‍ കലര്‍ന്ന വൈറസിലൂടെയാണ് കൂടുതല്‍ പേര്‍ക്കും കൊവിഡ് ബാധയുണ്ടായതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പുതുക്കിയ ചികിത്സാ മാര്‍ഗരേഖയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് ബാധിച്ചവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ നിലത്ത് വീഴുന്ന വൈറസില്‍ മറ്റുള്ളവര്‍ സ്പര്‍ശിച്ച ശേഷം സ്വന്തം മൂക്കിലോ വായിലോ കണ്ണിലോ തൊട്ടാലാണ് കൊവിഡ് പകരുന്നതെന്നായിരുന്നു കഴിഞ്ഞവര്‍ഷം ജൂണില്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നത്. ഇതിലാണ് തിരുത്തുവരുത്തിയത്. വൈറസ്ബാധയുള്ള സ്രവങ്ങളുടെ സൂക്ഷ്മകണികകള്‍ക്ക് വായുവില്‍ 10 മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് മാര്‍ഗരേഖ പറയുന്നു. ഇത് കണ്ണുകള്‍, മൂക്ക്, വായ എന്നിവയിലൂടെ പകരാം. രോഗിയെ സ്പര്‍ശിച്ചില്ലെങ്കിലും രോഗം പകരാനിടയുണ്ട്. വലിയ കണികകള്‍ മാത്രമാണ് നിലത്ത് വീഴുന്നത്. രോഗിയില്‍ നിന്ന് രണ്ടുമീറ്റര്‍ അകലത്തില്‍ വരെ വലിയ കണികകള്‍ പതിച്ചേക്കാം. ഇതിലൂടെയും രോഗം പകരും. വായുസഞ്ചാരം കുറഞ്ഞതോ അടച്ചിട്ടതോ ആയ ഹാളുകളിലോ മുറികളിലോ കൂടുതല്‍ സമയം രോഗിക്കൊപ്പം കഴിഞ്ഞാലും വൈറസ് വായുവിലൂടെ പകരാമെന്നും പുതിയ മാര്‍ഗരേഖ പറയുന്നു. വായു സഞ്ചാരമുള്ള മുറികള്‍ കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."