മത്സ്യത്തൊഴിലാളികളുടെ അന്നത്തിൽ മണ്ണെണ്ണ ഒഴിക്കരുത്
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വീണ്ടും വെട്ടിക്കുറച്ച കേന്ദ്ര നടപടിയുടെ ദുരിതം ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതീക്ഷയ്ക്കു മുകളിൽ കാറുംകോളുമായി ഭവിച്ചിരിക്കുന്നു. മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ജി.എസ്.ടി നികുതി വർധനയേയും ആഴക്കടലിലെ കരിനിയമങ്ങളേയും അതിജീവിച്ച് മത്സ്യബന്ധനം നടത്തുന്നവരാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. മണ്ണെണ്ണ ഇന്ധനമാക്കിയുള്ള ഔട്‌ബോർഡ് എൻജിനുകൾ ഘടിപ്പിച്ച ബോട്ടുകളിൽ മത്സ്യബന്ധനം നടത്തുന്ന ഇവർക്ക് ആവശ്യത്തിന് മണ്ണെണ്ണ കിട്ടാതായാൽ, അനുബന്ധ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഉൾപ്പെടെ ലക്ഷക്കണക്കിന് തീരദേശവാസികൾക്ക് മറ്റൊരു ആഘാതാമായിരിക്കും ഇത്.
പുതിയ സാമ്പത്തിക വർഷം മുതലുള്ള സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ പകുതിയായിട്ടാണ് കുറച്ചിരിക്കുന്നത്. ഇത് ആദ്യ നടപടിയല്ല. കഴിഞ്ഞ വർഷവും വിഹിതം പകുതിയാക്കി വെട്ടിക്കുറച്ചിരുന്നു.
കേന്ദ്രം തുടർച്ചയായി മത്സ്യത്തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താനോ ബദൽ മാർഗങ്ങൾ സ്വീകരിക്കാനോ സംസ്ഥാന സർക്കാർ തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മണ്ണെണ്ണ എൻജിനുപകരം എൽ.പി.ജി ഇന്ധനത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വള്ളങ്ങൾ യാഥാർഥ്യമായാൽ പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാകുമെങ്കിലും കേരളം ഇക്കാര്യത്തിൽ ഒട്ടും മുന്നോട്ടുപോയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളാകട്ടെ ഏറെ മുന്നേറുകയും ചെയ്തു. 14 വർഷം മുമ്പുതന്നെ എൽ.പി.ജി ഇന്ധനമായുള്ള എൻജിനുകൾ ഉപയോഗിച്ചുള്ള വള്ളങ്ങൾ പ്രവർത്തിക്കാനുള്ള പദ്ധതികൾ ആരംഭിച്ചിരുന്നുവെങ്കിലും അതും വിജയിപ്പിക്കാൻ കഴിഞ്ഞില്ല. ഇന്ധനം നിറയ്ക്കുന്ന സിലിണ്ടറിന്റെ വലുപ്പക്കൂടുതലാണ് തടസം. എന്നാൽ ആലപ്പുഴയിൽ 10 മത്സ്യബന്ധന വള്ളങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ വിജയിപ്പിക്കാൻ കഴിഞ്ഞുവെന്ന വാർത്ത ആശ്വാസകരമാണ്. ഇനിയും ഇങ്ങനെ മുന്നോട്ടുപോകാൻ കഴിഞ്ഞാൽ അത് ആയിരക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതായിരിക്കും.
സംസ്ഥാനത്ത് മത്സ്യബന്ധനത്തിനുള്ള പെർമിറ്റ് ലഭിച്ചത് 4,481 ഔട്‌ബോർഡ് എൻജിൻ വള്ളങ്ങൾക്കാണ്. ഇതിൽ ഏറെയും ഒമ്പത് കുതിര ശക്തിയുള്ളതാണ്. ഇവ ഒരു മണിക്കൂർ പ്രവർത്തിച്ച് മത്സ്യബന്ധനം നടത്തുന്നതിന് എട്ട് ലിറ്റർ മണ്ണെണ്ണയാണ് വേണ്ടത്. ഒരു ദിവസം ഏഴു മണിക്കൂർ എന്ന തോതിൽ 25 ദിവസം പ്രവർത്തിക്കണമെങ്കിൽ 1400 ലിറ്റർ മണ്ണെണ്ണ വേണം. ഇപ്പോൾ ലഭിക്കുന്ന മണ്ണെണ്ണ വിഹിതത്തിന്റെ കണക്ക് പരിശോധിച്ചാലാണ് പൊരുത്തക്കേട് വ്യക്തമാകുക. പൊതുവിതരണ സമ്പ്രദായം (പി.ഡി.എസ്) വഴി നൽകുന്ന മണ്ണെണ്ണയുടെ വിഹിതം 3888 കിലോലിറ്ററിൽ നിന്ന് (38.88 ലക്ഷം ലിറ്റർ) 1944 ലിറ്ററായി (19.44 ലക്ഷം ലിറ്റർ) കുറച്ചപ്പോൾ മത്സ്യബന്ധനമേഖലയ്ക്ക് വിതരണം ചെയ്യാൻ ലഭിച്ചിരുന്ന നോൺ പി.ഡി.എസ് വിഹിതം 2160 കിലോ ലിറ്ററിൽ നിന്ന് (21.60 ലക്ഷം ലിറ്റർ) 1296 കിലോ ലിറ്ററാക്കി. (12.96 ലക്ഷം ലിറ്റർ). അതായത് ഇപ്പോൾ ലഭിക്കുന്ന മണ്ണെണ്ണ സംസ്ഥാനത്തുള്ള ഔട്‌ബോർഡ് എൻജിൻ വള്ളങ്ങൾക്കായി തുല്യമായി വീതിച്ചാൽ മൂന്നു ദിവസത്തേക്ക് തികയില്ല എന്ന് സാരം.
ഈ സാമ്പത്തിക വർഷത്തിലേക്കുള്ള ആദ്യ മൂന്നുമാസ വിഹിതം അറിയിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം അയച്ച കത്തിലാണ് മണ്ണെണ്ണ വെട്ടിക്കുറച്ച വിവരം അറിയിക്കുന്നത്. മത്സ്യ, കാർഷിക മേഖലകൾക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കി ആവശ്യത്തിന് മണ്ണെണ്ണ അനുവദിക്കണമെന്ന ഉത്തരവ് 2012 മുതൽ നിലവിലുണ്ട്. വിഹിതത്തിൽ വെട്ടിക്കുറവുണ്ടായപ്പോൾ വിഷയം എം.പിമാർക്ക് പാർലമെന്റിൽ ഉന്നയിക്കുകയോ സംസ്ഥാന സർക്കാരിന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തെഴുതുകയോ ചെയ്യാമായിരുന്നു. എന്നാൽ ഇതൊന്നും കേരളത്തിന്റെ കാര്യത്തിൽ നടന്നില്ല. ഇക്കാര്യത്തിൽ ഉണ്ടായ വീഴ്ച മറച്ചുവച്ചതുകൊണ്ട് കാര്യമില്ല. ഇനിയെങ്കിലും ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. പാർലമെന്റ് ചേരുന്നതിനു മുന്നോടിയായി എം.പിമാരുടെ യോഗം വിളിച്ച് കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ഉന്നയിക്കുന്നതുസംബന്ധിച്ചു ധാരണയിൽ എത്താറുണ്ട്. എന്നാൽ സഭയിയിൽ ഒരു ജനപ്രതിനിധിയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തിൽ കാര്യമായി ഇടപെടുന്നത് കണ്ടില്ല. ഈ സ്ഥിതി മാറണം. ഒപ്പം ഇനിയെങ്കിലും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കത്തു നൽകാൻ സംസ്ഥാന സർക്കാർ തയാറാകുകയും വേണം.
തീരദേശമേഖല വറുതിയിലാകാതിരിക്കണമെങ്കിൽ ചെറുകിട വള്ളങ്ങളും ബോട്ടുകളും കടലിലിറങ്ങണം. മത്സ്യത്തൊഴിലാളികളുടെ വല നിറയെ മീൻ നിറയണം.
മണ്ണെണ്ണയുടെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ മൂന്നുമാസത്തിലൊരിക്കൽ ലഭിച്ചിരുന്ന അരലിറ്റർ മണ്ണെണ്ണ കേരളത്തിലെ നീല, മഞ്ഞ കാർഡുകാർക്കുള്ളത് ഇനി കിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ.
മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നുവെങ്കിലും വില കൂടുകയാണ് ചെയ്തത്. മാത്രമല്ല, ആവശ്യത്തിന് നൽകാതിരിക്കുക, വില കുറയ്ക്കാൻ ശ്രമം നടത്താതിരിക്കുക, ബദൽ മാർഗങ്ങൾക്ക് വേണ്ടത്ര പ്രോത്സാഹനം കൊടുക്കാതിരിക്കുക തുടങ്ങിയ ആക്ഷേപങ്ങളുമാണ് ഫിഷറീസ്, ഭക്ഷ്യ പൊതുവിതരണ വകുപ്പുകൾക്കെതിരേ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്. ഈ ആക്ഷേപങ്ങൾ കാണാതിരിക്കരുത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചെറുവള്ളങ്ങളിലും ബോട്ടുകളിലും കടലിൽപോയി മത്സ്യബന്ധനം നടത്തി അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നവരാണ്. ഇവർ കടലിൽ പോയില്ലെങ്കിൽ കരയിലിരിക്കുന്നവരുടെ തീൻമേശ മീൻവിഭവങ്ങൾകൊണ്ട് നിറയുമോ ഇല്ലയോ എന്നതല്ല വിഷയം. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ അന്നം മുടങ്ങുകയില്ലേ എന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."