പേടിക്കില്ല ആരെയും
'ഇന്ത്യൻ മുസ്‌ലിംകൾ നിങ്ങളെ ഭയക്കില്ല. ഞാൻ ഭയക്കില്ല; ആരും ഭയക്കില്ല. ഞങ്ങളുടെ ഭയം ഇന്ത്യൻ ഭരണഘടനയെ കുറിച്ചാണ്'- 2019 ഡിസംബർ 11ന് രാജ്യസഭയിലാണ് കപിൽ സിബലിന്റെ ഈ പ്രഖ്യാപനം. പൊട്ടിത്തെറിച്ചുകൊണ്ടുള്ള പ്രഖ്യാപനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ടായിരുന്നു.
ഐ.എ.എസ് ലഭിച്ചിട്ടും സ്വീകരിക്കാതെ അഭിഭാഷക വൃത്തി സ്വീകരിച്ച കപിൽ, മൂന്നു പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ബന്ധം വിഛേദിച്ചപ്പോഴും കുലീനത കാട്ടി. 'കോൺഗ്രസിനെ കുറിച്ച് പറയാനുള്ളതൊക്കെയും ആ പാർട്ടിയിലായിരുന്നപ്പോൾ ഞാൻ പറഞ്ഞു കഴിഞ്ഞു'.
അധികാരവും അഭിഭാഷകവൃത്തിയും ഇഴപിരിക്കാനാവാത്ത വിധം കൂടിച്ചേർന്നവരുടെ വൻ നിര തന്നെയുണ്ട് ഡൽഹിയിൽ. അഭിഷേക് സിഘ്‌വി, ആനന്ദ് ശർമ, പി. ചിദംബരം, അരുൺ ജയ്റ്റ്‌ലി… ഇവരിൽ നിന്ന് രാജീവ് ഗാന്ധിയാണ് കപിൽ സിബലിനെ കോൺഗ്രസിലെത്തിച്ചത്. രാജ്യം ആവശ്യപ്പെട്ടപ്പോഴെല്ലാം സുപ്രിംകോടതിയിലും പാർലമെന്റിന്റെ ഇരു സഭകളിലും കപിൽ സിബൽ എഴുന്നേറ്റു നിന്നു. ഈ പ്രതിരോധങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് അദ്ദേഹം ആണയിടുന്നു. സ്വതന്ത്രനായാണെന്ന് മാത്രം.
രാജ്യസഭയിൽ കപിൽ സിബലിന്റെ കാലാവധി അവസാനിക്കുകയാണ്. അവിടെ ആ സാന്നിധ്യം വീണ്ടും ഉണ്ടാകണമെന്ന് അദ്ദേഹം മാത്രമല്ല, ഇന്ത്യയിലെ സാധാരണ ജനവും ആഗ്രഹിക്കുന്നുണ്ട്. കാര്യം, അതിന്റെ ഗുണഫലം അടിച്ചമർത്തപ്പെടുന്നവനുള്ളതാണ്. പക്ഷേ അത് നീട്ടിക്കൊടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അവിടെ അധികാരമോഹികളുടെ ക്യൂ. ആദ്യം സമീപിച്ചത് മമതയെ. തൃണമൂലിൽ ചേരണമെന്ന നിബന്ധനവച്ചു. അഖിലേഷ് യാദവിനെ കണ്ടു. സമ്മതം. സ്വതന്ത്രനായി പത്രിക നൽകുന്നു. അഖിലേഷ് പിന്തുണക്കുന്നു.
1998ൽ ബിഹാറിൽ നിന്ന് രാജ്യസഭാംഗമായാണ് കപിൽ സിബൽ പാർലമെന്ററി ഇന്നിങ്സ് ആരംഭിക്കുന്നത്. 2004ലും 2009ലും ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്ന് ലോക്സഭയിലെത്തുകയും ഡോ. മൻമോഹൻ സിങ് മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ഏറ്റെടുക്കുകയും ചെയ്തു. 14 വയസ്സു വരെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം അവകാശമാക്കുന്ന നിയമം അംഗീകരിച്ചത് കപിൽ സിബൽ മാനവ വിഭവശേഷി മന്ത്രിയായിരിക്കെയാണ്. ഇന്റർനെറ്റ് നിയന്ത്രണത്തിന് ശ്രമിച്ചതിന്റെ പേരിൽ വിമർശനത്തിനിരയായതൊഴിച്ചാൽ വിവിധ വകുപ്പുകളിൽ അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമായി.
ജലന്ധറിൽ നിന്ന് 1964ൽ ഡൽഹിയിലെത്തിയ സിബൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. യൂനിവേഴ്‌സിറ്റി ഓഫ് ഡൽഹിയിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കി. ഹാർവാഡ് സർവകലാശാലയിൽ നിന്നാണ് നിയമത്തിലെ മാസ്റ്റർ ഡിഗ്രി ചെയ്തത്. ഇക്കാലത്ത് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവിസിലേക്ക് അവസരം വന്നുവെങ്കിലും കോടതി തെരഞ്ഞെടുക്കുകയും രാജ്യം കാതോർത്ത നിരവധി കേസുകളിൽ ഗൗണണിയുകയും ചെയ്തത് ചരിത്രം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിനെതിരേ പാർലമെന്റിൽ വന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ ചെറുത്തുതോൽപിച്ചത് സിബലിന്റെ പോരാട്ട വീഥിയിലെ മുഖ്യ വഴിത്തിരിവ്.
ബാബരി മസ്ജിദ്, മുത്വലാഖ്, എൻ.ആർ.സി… തുടങ്ങി കത്തുന്ന വിഷയങ്ങളിലും ഏറ്റവും ഒടുവിൽ ജഹാംഗിർപുരി ബുൾഡോസർ രാജിന്നെതിരിലും കോടതിയിൽ മനുഷ്യപക്ഷത്ത് നിലകൊണ്ട കപിൽ സിബൽ ഒരു കാര്യം ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട് ചത്താലും ബി.ജെ.പിയിലേക്കില്ല. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ ജനങ്ങളുടെ ഐക്യത്തിലൂന്നിയ പ്രതിരോധം സംഘടിപ്പിച്ചു കൊണ്ടു തന്നെയാവും ജീവിതം അവസാനിപ്പിക്കുക.
കുറച്ചു കാലമായി കോൺഗ്രസ് നേതൃത്വത്തിനു നേരെ കപിൽ വിമർശനമുയർത്തുന്നുണ്ട്. ജി 23 എന്ന വിമത പക്ഷത്തിന്റെ വക്താവാണദ്ദേഹം. രാഹുൽ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരേ സംസാരിച്ചതിന് കോൺഗ്രസ് പ്രവർത്തകർ വസതിക്ക് നേരെ തക്കാളി എറിഞ്ഞു, കാറ് തകർത്തു! പഞ്ചാബുൾപ്പെടെ സംസ്ഥാനങ്ങളിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഇനിയും പാഠം പഠിക്കാത്തതെന്തെന്ന് ചോദിക്കാതിരുന്നില്ല. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് ഗാന്ധി കുടുംബം തന്നെ വേണമെന്ന ചിലരുടെ വാദത്തോട് പോലും കപിൽ വിയോജിച്ചു. പ്രസിഡന്റ് പദം ഒഴിയുകയും എന്നാൽ പ്രസിഡന്റിനെ പോലെ അധികാരം ഉപയോഗിക്കുകയും ചെയ്തതിന് രാഹുൽ ഗാന്ധിയെ വിമർശിക്കാനും കപിൽ സിബലിന്റെ ശബ്ദം ഉയർന്നു. ജയ്പൂരിൽ ചിന്തൻ ശിബ്‌രത്തിൽ ജി 23 നേതാക്കൾ കൂടി പങ്കാളികളായപ്പോൾ കപിൽ വിട്ടുനിന്നത് ഈ തീരുമാനം എടുത്തതുകൊണ്ടു തന്നെയാണ്. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കൂടിയാലോചിക്കുന്ന സമ്മേളനത്തിൽനിന്നു പോലും അഥവാ ജി 23ൽ, മൂന്നു പേർ പാർട്ടി വിട്ടു.
മുസഫർ നഗർ കലാപത്തെ പശ്ചാത്തലമാക്കി പവൻകുമാർ സിങ് സംവിധാനം ചെയ്ത ഷോർഗൾ എന്ന ഹിന്ദി സിനിമയിൽ രണ്ടു പാട്ടുകൾ കപിൽ സിബൽ എഴുതി. തേരേ ബീനാ ജീനാ ലഗേ എന്നുതുടങ്ങുന്ന ഗാനം സിനിമയുടെ അവതരണ ഗാനമായാണ് ഉപയോഗിച്ചത്. മസ്ത് ഹവാ എന്നതാണ് രണ്ടാമത്തേത്. പ്രണയവും കാൽപനികതയും മുറ്റിനിൽക്കുന്ന വരികളാണ് ഈ ഗാനങ്ങളുടെ പ്രത്യേകത. ഭരണഘടനാ-നിയമ വിശാരദൻ കപിൽ സിബലിനെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഐ വിറ്റ്‌നസ്, മൈ വേൾഡ് വിത്തിൻ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ്.
ദിനോസറസ് രാജിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്ന ദൗത്യം കക്ഷി രാഷ്ട്രീയത്തിനതീതമായി ഏറ്റെടുക്കേണ്ടതാണെന്ന ബോധ്യത്തിൽ നിന്നാവണം കപിൽ സിബലിന്റെ നീക്കം. സ്വതന്ത്രനാവുന്നത് രാജ്യത്തെ സ്വതന്ത്രമാക്കാനുള്ള നീക്കങ്ങൾക്കു ശക്തി ലഭിക്കാനാണെന്നാണ് അദ്ദേഹം വിചാരിക്കുന്നുവെങ്കിൽ തള്ളിപ്പറയേണ്ടതില്ല. പല കോൺഗ്രസുകാരെയും പോലെ, ഇട്ടെറിഞ്ഞു പോകുമ്പോൾ അദ്ദേഹം സ്വീകരിച്ചത് താമരത്തണ്ടല്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."