വിവാദങ്ങൾ കൊട്ടിക്കയറി; ഇന്ന് കൊട്ടിക്കലാശം
സുനി അൽഹാദി
കൊച്ചി
ദിവസവും പുതിയ പുതിയ വിവാദങ്ങൾ കൊട്ടിക്കയറിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് വൈകുന്നേരം ആറുമണിയോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. ശേഷിക്കുന്ന 36 മണിക്കൂർ തിരശ്ശീലയ്ക്ക് പിന്നിൽ വോട്ടുറപ്പിക്കാനുള്ള രഹസ്യപ്രചാരണം.പ്രചാരണത്തിന് തരശ്ശീല ഉയർന്നതുമുതൽ തൃക്കാക്കരയിൽ ഓരോ ദിവസവും പുതിയ വിവാദങ്ങളാണ് പൊട്ടിവീണത്. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിനെ സ്ഥാനാർഥിയാക്കുന്നതിനെതിരേ മുതിർന്ന നേതാക്കളായ കെ.വി തോമസും ഡൊമനിക് പ്രസൻ്റേഷനും രംഗത്തെത്തിയതായിരുന്നു ആദ്യവിവാദം. പിന്നീട് ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിൻ്റെ സഭാ ബന്ധമായിരുന്നു മണ്ഡലത്തിൽ കത്തിക്കയറിയത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കെ റെയിൽ കുറ്റിയിടൽ നിർത്തിവച്ചതും പിന്നീട് കുറ്റിയിടൽ തന്നെ വേണ്ടെന്നു വച്ചതും തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണത്തിൽ നിറഞ്ഞു. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി പ്രചാരണത്തിൻ്റെ നായകത്വം ഏറ്റെടുത്തതോടെ അടുത്ത വിവാദത്തിന് തുടക്കമിട്ടു. തൃക്കാക്കരയിലെ വോട്ടർമാർ രണ്ടുപ്രാവശ്യം ആവർത്തിച്ച അബദ്ധം തിരുത്തുന്നതിനുള്ള അസുലഭാവസരം എന്ന മുഖ്യമന്ത്രിയുടെ പ്രയോഗമാണ് പിന്നീടുള്ള ദിവസങ്ങളിൽ മണ്ഡലത്തിൽ നിറഞ്ഞുനിന്നത്.
മുഖ്യമന്ത്രിയെ ചങ്ങല അഴിഞ്ഞ നായ പോലെ എന്ന് ഉപമിച്ച കെ.പി..സി.സി പ്രസിഡൻ്റ് കെ. സുധാകരൻ്റെ നാടൻ പ്രയോഗമാണ് വേനൽ മഴയുടെ തണുപ്പ് നിറഞ്ഞ ദിവസങ്ങളിൽ പ്രചാരണത്തെ ചൂട്പിടിപ്പിച്ച് നിർത്തിയത്. ഈ വിവാദം കെട്ടടങ്ങുമ്പോഴേക്കും ഇടതുസ്ഥാനാർഥിക്കെതിരായ അശ്ലീല വിഡിയോ വിവാദം പ്രചാരണരംഗം കൈയടക്കി.ഈ വിവാദം പരസ്യപ്രചാരണത്തിൻ്റെ അവസാന നിമിഷംവരെ സജീവമാക്കി നിർത്താനുള്ള തീവ്രശ്രമത്തിലാണ് ഇടതുമുന്നണി. പി.സി ജോർജ് വിവാദവും ഇടക്ക് കൊട്ടിക്കയറി. ഇന്ന് രാവിലെ മുതൽ മണ്ഡലത്തിൽ ഉടനീളം റോഡ് ഷോ നടത്താനാണ് മൂന്ന് മുന്നണികളുടേയും തീരുമാനം.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള നേതാക്കളുടെ പടയും പ്രചാരണരംഗത്ത് നിറയും. വൈകുന്നേരം ആറുമണിയോടെ മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശം പാലാരിവട്ടം സെൻ്ററിലാണ് നിശ്ചയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."