മുസ് ലിംകൾക്കെതിരായ അതിക്രമം; സർക്കാർ കണ്ണടയ്ക്കുന്നുവെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്
മീററ്റ്
മുസ് ലിംകൾ നേരിടുന്ന അതിക്രമങ്ങളിൽ കേന്ദ്രസർക്കാർ കണ്ണടയ്ക്കുകയാണെന്നും രാജ്യത്തെ പണയംവച്ച് പ്രശ്‌നങ്ങളോട് സന്ധിചെയ്യാൻ കഴിയില്ലെന്നും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന മഹ്മൂദ് അസാദ് മദനി. മീററ്റിൽ ചേർന്ന സംഘടനയുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സർക്കാർ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഈ ആശങ്ക എല്ലാ ജനങ്ങൾക്കുമുണ്ട്. പുറത്തിറങ്ങി നടക്കുമ്പോൾപോലും മുസ് ലിംകൾ വിവേചനവും അതിക്രമവും നേരിടുകയാണ്. ഏതു അക്രമവും നേരിടാൻ മുസ് ലിംകൾ തയാറാണ്. തങ്ങളെ ഈ രാജ്യത്തുനിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ല. ഏതു സാഹചര്യത്തോടും സന്ധിചെയ്യാനാകുമെങ്കിലും രാജ്യത്തെ പണയംവച്ചുള്ള സന്ധിക്ക് തയാറല്ല. രാജ്യത്തെ മുസ് ലിംകൾ ദുർബലരാണെന്ന് ധരിക്കരുത്. സാഹോദര്യവും സമാധാനവുമാണ് ഇസ് ലാം മുന്നോട്ടുവയ്ക്കുന്ന ആശയം. തീയെ തീകൊണ്ട് നേരിടാറില്ല. രാജ്യത്തെ വിദ്വേഷത്തെ സ്‌നേഹം കൊണ്ട് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാൻവാപി, താജ്മഹൽ പള്ളികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കെതിരേ സംഘടന പ്രമേയം പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."