വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസെടുക്കുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് വിജയി ബാബു ദുബായിലേക്ക് കടന്നതെന്നാണ് പൊലിസിന്റെ വാദം.
അതിനിടെ വിജയ് ബാബു തിങ്കളാഴ്ച കൊച്ചിയിലെത്തിയേക്കും. 30ന് കൊച്ചിയിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
വിജയ് ബാബു കീഴടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ഹൈക്കോടതിയില്‍ വിമാനടിക്കറ്റിന്റെ പകര്‍പ്പ് എത്തിച്ച ദിവസം റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍വെച്ചു തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പൊലിസ്. അതിനാല്‍ ടിക്കറ്റ് റദ്ദാക്കുമോയെന്ന സംശയം പൊലിസിനുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഒളിവില്‍ കഴിയവേ വിജയ് ബാബുവിന് രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു നടന് കൊച്ചിയില്‍നിന്ന് എത്തിച്ചു നല്‍കിയതായും ഒരു നടിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയെ പിന്തിരിപ്പിക്കാന് ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിജയ് ബാബുവിനെതിരേ തെളിവുകള്‍ ശക്തമാണെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."