ഹൂതി വിമതരുമായി ചർച്ചകൾക്കായി സഊദി ഉദ്യോഗസ്ഥർ യെമൻ തലസ്ഥാനത്ത്
സന: ഹൂതി വിമതരുമായി ചർച്ചകൾക്കായി സഊദി ഉദ്യോഗസ്ഥർ ഞായറാഴ്ച യെമൻ തലസ്ഥാനമായ സനായിൽ എത്തി. യെമനിൽ കഴിഞ്ഞ ഒമ്പത് വർഷമായി തുടരുന്ന സംഘർഷത്തിന് പരിഹാരം കാണാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് ഹൂതി വിമതരുമായി ചർച്ചകൾ നടത്താനുള്ള സഊദി അധികൃതർ സനായിൽ എത്തിയത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാബ വാർത്താ ഏജൻസി പുറത്തിവിട്ട റിപ്പോർട്ട് പ്രകാരം, യെമനിലെ സഊദി അംബാസഡർ മുഹമ്മദ് ബിൻ സയീദ് അൽ ജാബറിന്റെ അധ്യക്ഷതയിലാണ് സഊദി അറേബ്യയുടെ പ്രതിനിധി സംഘം യെമനിലെ വിമത മേഖലകൾ നിയന്ത്രിക്കുന്ന മേഖലയിലെത്തി ചർച്ചകൾ നടത്തുക. ഹൂതികളുടെ പരമോന്നത രാഷ്ട്രീയ കൗൺസിൽ തലവൻ മഹ്ദി അൽ മഷാത്താണ് ഹൂതികളുടെ ഭാഗത്ത് നിന്ന് ചർച്ചയിൽ പങ്കെടുക്കുക.
ശനിയാഴ്ച സനായിൽ എത്തിയ ഒമാനി പ്രതിനിധി സംഘവും ചർച്ചയിൽ ചേരുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മേഖലയിൽ സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള വഴികൾ സഊദിയും ഒമാനി അധികൃതരും ചർച്ച ചെയ്യുമെന്ന് ഹൂതി നേതാവ് മുഹമ്മദ് അൽ ബുക്കൈതി ട്വിറ്ററിൽ പറഞ്ഞിരുന്നു.
ഹൂതികൾക്കും സഊദി അറേബ്യക്കും ഇടയിൽ മാന്യമായ സമാധാനം കൈവരിക്കുന്നത് ഇരു രാജ്യത്തിന്റെയും വിജയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ അന്തരീക്ഷം സംരക്ഷിക്കാനും ഭൂതകാലത്തിന്റെ പേജ് മാറ്റാൻ തയ്യാറെടുക്കാനും അദ്ദേഹം എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.
2014ൽ ആരംഭിച്ച യെമൻ സംഘർഷം പരിഹരിക്കാൻ ഒമാന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് സനായിൽ ചർച്ചകൾ നടക്കാൻ പോകുന്നത്. ഒക്ടോബറിൽ അവസാനിച്ച വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കാൻ സഊദി അറേബ്യയും ഹൂതികളും കഴിഞ്ഞ മാസമാണ് കരട് കരാറിലെത്തിയത്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."