സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ല; നെട്ടോട്ടം വെന്റിലേറ്ററുകള്‍ക്കായി
കൊച്ചി: കൊവിഡ് രണ്ടാംതരംഗമുണ്ടായതിന്റെ ആദ്യദിനങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെട്ട മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെട്ടുവെങ്കിലും അതീവഗുരുതര രോഗികളെ ചികിത്സിക്കാന്‍ വേണ്ട വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവ് സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടെ വലയ്ക്കുന്നു.
കൊവിഡ് രണ്ടാംതരംഗത്തില്‍ ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കായി വെന്റിലേറ്ററുകള്‍ക്കായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും രോഗികളുടെ ബന്ധുക്കളും നെട്ടോട്ടത്തിലാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഭേദമില്ലാതെ എല്ലായിടത്തും വെന്റിലേറ്ററുകള്‍ ഒഴിവില്ലാത്ത സാഹചര്യമാണ്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കാര്യമായ കുറവുണ്ടാകുന്നില്ല.
പോസിറ്റീവായി ഒരാഴ്ചക്ക് ശേഷമാകും രോഗി പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് പോകുന്നത്. ആശുപത്രിയിലെത്തിക്കുന്ന രോഗിയെ വൈകാതെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിയും വരുന്നു.
കൊവിഡ് പോസിറ്റീവാകുന്ന രോഗികളില്‍ നല്ലൊരു ശതമാനത്തിനും ഇത്തരത്തില്‍ വെന്റിലേറ്റര്‍ ചികിത്സ വേണ്ടിവരുന്നു. ഈ സാഹചര്യം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ ജില്ലകളിലുള്‍പ്പെടെയുള്ള ആശുപത്രികള്‍ നേരിടുന്നുണ്ട്.ജര്‍മനി, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വെന്റിലേറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നത്.
മൂന്ന് ലക്ഷം രൂപ വരെയാണ് വെന്റിലേറ്ററുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വില കൂടിയത്. 12 ലക്ഷം രൂപ വരെ നല്‍കിയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ വെന്റിലേറ്ററുകള്‍ വാങ്ങുന്നത്.
ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ കൂടിയ വിലക്കാണെങ്കിലും ഇവ വാങ്ങാന്‍ തയാറാവുന്നുണ്ട്. ഇത്തരം ആശുപത്രികള്‍ വെന്റിലേറ്റര്‍ ചികിത്സക്ക് രോഗികളില്‍ നിന്ന് വലിയ തുക ഈടാക്കുന്നത് മൂലമാണ് കൂടിയ വിലക്ക് വാങ്ങാനും തയാറാകുന്നത്.
എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ കൂടിയ നിരക്ക് ഈടാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയാറാവുന്നില്ല. നിരക്ക് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങളാണ് പ്രധാന കാരണം.
അതേസമയം, ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകളുടെ ലഭ്യതക്കുറവും വലിയ വെല്ലുവിളിയാകുകയാണ്. ശ്വാസതടസം നേരിടുന്ന രോഗികള്‍ ഓക്‌സിജന്‍ ബെഡ് കിട്ടാതെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ദുരിതമനുഭവിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഓക്‌സിജന്‍ ബെഡുള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി താല്‍ക്കാലിക ആശുപത്രികള്‍ കൂടുതലായി സജ്ജീകരിക്കുന്നതോടെ ഈ പ്രശ്‌നത്തിന് വലിയൊരളവ് വരെ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."