'ചാടിക്കയറി ലിങ്കില്‍ ക്ലിക്കല്ലേ': ഇന്‍സ്റ്റഗ്രാമിലൂടെ ജോലി തട്ടിപ്പ്,യുവതിക്ക് നഷ്ടമായത് 8.6ലക്ഷം
ന്യൂഡല്‍ഹി: വീട്ടിലിരുന്ന് ജോലി ചെയ്യാം മാസം 50,000 വരെ സമ്പാദിക്കാം തുടങ്ങിയ വാഗ്ദാനങ്ങളില്‍ പെട്ട് കബളിക്കപ്പെടുന്നവര്‍ നിരവധിയാണ്. ഓണ്‍ലൈനില്‍ ജോലി അന്വേഷിക്കുന്നവര്‍ തട്ടിപ്പിനിരയാകുന്ന സംഭവങ്ങള്‍ പ്രതിദിനം കൂടിവരികയാണ്. അത്തരം ജോലി ഓഫര്‍ നല്‍കുന്ന ലിങ്കില്‍ കയറി ക്ലിക്ക് ചെയ്യുന്നതോടെ ചതിയുടെ ഘട്ടം ആരംഭിക്കും.
അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെയുള്ള തൊഴില്‍ തട്ടിപ്പിനിരയായി ഡല്‍ഹി സ്വദേശിയായ യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപയാണ്. ഭര്‍ത്താവാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. 2022 ഡിസംബറിലാണ് സംഭവം. തന്റെ ഭാര്യ ഇന്‍സ്റ്റാഗ്രാമിലെ ജോലി പരസ്യം കാണുകയും തന്നിരിക്കുന്ന ലിങ്ക് തുറക്കുകയും ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു.
ഇന്‍സ്റ്റാഗ്രാമിലെ ജോലിക്ക് അപേക്ഷിക്കുന്നുവെന്ന് കാണിച്ചുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു. പിന്നാലെ 'എയര്‍ലൈന്‍ജോബ്ആള്‍ന്ത്യ' എന്ന മറ്റൊരു ഐഡിയിലേക്ക് കടന്നു. നിര്‍ദ്ദേശപ്രകാരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും പിന്നാലെ പേര് വിവരങ്ങള്‍ നല്‍കുകയും ചെയ്തതായി യുവതി പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വിവരങ്ങള്‍ നല്‍കിയതിന് ശേഷം രാഹുല്‍ എന്നയാളില്‍ നിന്ന് ഫോണ്‍ വന്നു. ഇയാള്‍ രജിസ്‌ട്രേഷന്‍ ഫീസായി 750 രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം ഗേറ്റ് പാസ് ഫീസ്, ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയെക്കൊണ്ട് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇയാള്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നത് തുടര്‍ന്നപ്പോള്‍ സംഭവം പൊലിസില്‍ അറിയിക്കുകയായിരുന്നു.
സംഭവത്തിനുപിന്നാലെ പ്രതിയെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് ഇയാള്‍ കൂടുതല്‍ പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. പ്രതിയുടെ മൊബൈല്‍ ഫോണും ഇതേ സംസ്ഥാനത്താണ്. തുടര്‍ന്ന് ടീം അംഗങ്ങള്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊവിഡ് മഹാമാരിക്ക് പിന്നാലെയാണ് ജോലി തട്ടിപ്പ് ആരംഭിച്ചതെന്നും ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."