തിരുക്കാഴ്ചയുടെ അനുഭൂതികള്‍
മുജ്തബ ഫൈസി ആനക്കര
സത്യവിശ്വാസികളുടെ ജീവിതത്തില്‍ ആത്മസംസ്‌കരണത്തിനുള്ള പ്രാധാന്യം ചെറുതല്ല. മനുഷ്യശരീരവും ആത്മാവും അല്ലാഹുവിന്റെ മാര്‍ത്തില്‍ സമര്‍പ്പിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ സത്യവിശ്വാസി. ഇസ്‌ലാമിലെ നിര്‍ബന്ധ ആരാധനാകര്‍മങ്ങളില്‍ ആത്മസംസ്‌കരണത്തിന് ഏറെ ഊന്നല്‍ നല്‍കിയ ആരാധനയാണ് റമദാനിലെ നിര്‍ബന്ധ വ്രതാനുഷ്ഠാനം.
ഇസ്‌ലാമിലെ പ്രധാന ആരാധനാ കര്‍മങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രതിപാദിക്കുന്നുണ്ട്. തിന്മകളില്‍ നിന്നും ദുര്‍വൃത്തികളില്‍ നിന്നും വിശ്വാസികളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നതാണ് നിസ്‌കാരമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: 'നീചവൃത്തികളിലും നിഷിദ്ധകര്‍മങ്ങളിലുംനിന്ന് തീര്‍ച്ചയായും നിസ്‌കാരം തടയുന്നതാണ്. അല്ലാഹുവിനെ സ്മരിക്കുക എന്നത് ഏറ്റം മഹത്തായ കാര്യം തന്നെ' (29:45). സമ്പത്തും ശരീരവും ശുദ്ധീകരിച്ചെടുക്കലാണ് സകാത്തുകൊണ്ട് ലക്ഷ്യമാക്കപ്പെടുന്നത്. അതേക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നു: 'അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സകാത്ത് അവരുടെ സമ്പത്തില്‍നിന്ന് താങ്കള്‍ വാങ്ങുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക (09:103)'. അല്ലാഹു ആദരിച്ചതിനെ ആദരിക്കുകയും ബഹുമാനിച്ചതിനെ ബഹുമാനിക്കുകയും ചെയ്ത് വിശ്വാസവും ഭക്തിയും ഊട്ടിയുറപ്പിക്കുകയാണ് ഹജ്ജിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. വിശുദ്ധ ഖുര്‍ആന്‍ അതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്. 'അല്ലാഹു ആദരിച്ചവയെ ഒരാള്‍ ബഹുമാനിക്കുന്നുവെങ്കില്‍ തന്റെ നാഥങ്കല്‍ അവനത് ഉദാത്തമാകുന്നു (22:30)'.
ഇതുപോലെ വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയതിന്റെ ലക്ഷ്യത്തെക്കുറിച്ചും ഖുര്‍ആന്‍ വിശദീകരണം നല്‍കുന്നുണ്ട്. സത്യവിശ്വാസികള്‍ക്ക് ആത്മസംസ്‌കരണം നേടിയെടുക്കാന്‍ സാധ്യമാകുന്ന അവസരമായാണ് വിശുദ്ധ ഖുര്‍ആന്‍ നോമ്പനുഷ്ഠാനത്തെ പരിചയപ്പെടുത്തിയത്. 'ഹേ സത്യവിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്നപോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ (02:183)'. തഖ്‌വയുള്ളവരായിത്തീരുക എന്നതാണ് വിശുദ്ധ റമദാന്‍കൊണ്ട് ഓരോ വിശ്വാസികള്‍ക്കും നേടിയെടുക്കാന്‍ സാധ്യമാകേണ്ട ഏറ്റവും വലിയ നേട്ടം. ഈമാനിന്റെ സംരക്ഷണത്തിനു ഭയഭക്തിയുണ്ടാവല്‍ വളരെ പ്രധാനമാണ്.
നോമ്പിന്റെ ഭക്തി, മനസിന്റെ ശുദ്ധി
എങ്ങനെയാണ് നോമ്പനുഷ്ഠിക്കുന്നതിലൂടെ ഭക്തി നേടാനാകുന്നത്. എന്തുകൊണ്ടാണ് മറ്റു ആരാധനാ കര്‍മങ്ങള്‍ക്കൊന്നും വിശേഷിപ്പിക്കാത്തവിധം ഭയഭക്തിയുടെ ലക്ഷ്യം നോമ്പിന് പ്രത്യേകമായി അല്ലാഹു നിജപ്പെടുത്തിയത്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടനും സവിശേഷ ജീവിയുമായ മനുഷ്യന് അനേകം ദൗര്‍ബല്യങ്ങളും പോരായ്മകളും ഉണ്ടെന്ന് ഖുര്‍ആന്‍ തന്നെ പല ഘട്ടങ്ങളിലായി സൂചിപ്പിച്ചിട്ടുണ്ട്. മനുഷ്യന്‍ അക്രമിയാണ്, സത്യനിഷേധിയാണ്, ധിക്കാരിയാണ്, ദുര്‍ബലനാണ് തുടങ്ങിയ പല പ്രയോഗങ്ങളും വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഉല്‍കൃഷ്ടന്‍ എന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച മനുഷ്യനെ കുറിച്ച്, ഈ ഭൂമിയിലുള്ളതെല്ലാം അവനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് സന്തോഷം അറിയിക്കപ്പെട്ട മനുഷ്യനെ കുറിച്ച് തന്നെ നടേപറഞ്ഞ പോലെ ദുര്‍മാര്‍ഗിയും അക്രമകാരിയുമാണെന്നൊക്കെ വിശേഷിപ്പിക്കപ്പെടാന്‍ കാരണമെന്താണ്.
അടിസ്ഥാനപരമായി മനുഷ്യന്‍ ഉല്‍കൃഷ്ടസൃഷ്ടിയും സവിശേഷ ജീവിയുമാണെങ്കിലും ആത്യന്തിക ലക്ഷ്യത്തില്‍ നിന്ന് അവനെ വഴിതെറ്റിക്കുന്ന ശത്രുക്കള്‍ അവന്റെ കൂടെയുണ്ട്. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ശത്രു സ്വന്തം ശരീരവും മറ്റൊന്ന് പിശാചുമാണ്. ഈ രണ്ടു ശത്രുക്കളാണ് അല്ലാഹുവിന്റെ നിര്‍ദേശങ്ങളുടെ നേര്‍വഴിയില്‍നിന്ന് മനുഷ്യനെ വഴിതെറ്റിക്കുന്നത്. അങ്ങനെ വഴിതെറ്റുമ്പോഴാണ് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചതുപോലെ മനുഷ്യന്‍ അക്രമകാരിയും അഹങ്കാരിയുമെല്ലാം ആയിത്തീരുന്നത്.
ഇങ്ങനെ സ്വന്തം ശരീരത്തിനു വഴിപ്പെടാതെ ദേഹേച്ഛകളെ അവഗണിച്ച് പിശാചിന്റെ ദുര്‍ബോധനങ്ങളില്‍നിന്ന് രക്ഷപ്പെട്ട് മനുഷ്യന് അവന്റെ സ്രഷ്ടാവ് നിശ്ചയിച്ച ശരിയായ മാര്‍ഗത്തിലൂടെ മാത്രം സഞ്ചാരം സാധ്യമാകുമ്പോള്‍ മാത്രമാണ് അവന്‍ ഉല്‍കൃഷ്ട സൃഷ്ടിയാണെന്ന ഖുര്‍ആനിന്റെ പരാമര്‍ശത്തെ അന്വര്‍ഥമാകുന്നത്. ഈ ശത്രുക്കളില്‍നിന്നും രക്ഷനേടുക എന്നതാണ് മനുഷ്യജീവിതത്തിലെ ഏറ്റവും ശ്രമകരമായ ജോലി. അല്ലാഹുവിലുള്ള ഭയഭക്തി വിശ്വാസത്തിന് തടസം നില്‍ക്കുന്നത് ഈ രണ്ടു ശത്രുക്കള്‍ തന്നെയാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ഇവയെ സൂക്ഷിക്കണം എന്ന് നിരന്തരമായി മനുഷ്യനോട് ഉദ്‌ബോധനം നടത്തിയത്. 'പിശാച് അവര്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുകതന്നെ ചെയ്യും. നിശ്ചയം, മാനവന്റെ പ്രത്യക്ഷ ശത്രുവാണ് പിശാച് (17:23)'.
പിശാച് മനുഷ്യ ജീവിതവിജയത്തിന് തടസം നില്‍ക്കുമെന്ന പോലെത്തന്നെ ദേഹേച്ഛകളും അവന്റെ ആത്യന്തികമായ വിജയത്തിനു തടസം നില്‍ക്കുന്ന ഘടകമാണ്. ദേഹേച്ഛകളെ പിന്തുടരുന്നതിനെ വിശുദ്ധ ഖുര്‍ആന്‍ നിരുത്സാഹപ്പെടുത്തുകയും ദേഹേച്ഛകളോട് പ്രതിരോധം തീര്‍ക്കുന്നവര്‍ക്കു സ്വര്‍ഗം വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: 'തന്റെ നാഥന്റെ പദവി ഭയപ്പെടുകയും മനസിനെ സ്വേച്ഛകളില്‍നിന്ന് ഉപരോധിച്ചു നിര്‍ത്തുകയും ചെയ്തതാരോ, അവന്റെ അഭയകേന്ദ്രം സ്വര്‍ഗമാണ് (79:40)'.
ദേഹേച്ഛകളെ നിയന്ത്രിക്കാനും പിശാചിന്റെ ദുര്‍ബോധനത്തില്‍നിന്ന് രക്ഷപ്പെടാനും കഴിയുന്ന വിശ്വാസിയാണ് യഥാര്‍ഥ വിജയി. അതിനുള്ള ഏറ്റവും മികച്ച അവസരമാണ് നോമ്പനുഷ്ഠിക്കല്‍. കാരണം പ്രധാന ശത്രുവായ പിശാചിനെ റമദാനില്‍ അള്ളാഹു തന്നെ നിയന്ത്രിക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. റമദാന്‍ മാസത്തിന്റെ പ്രത്യേകതകളില്‍പെട്ടതാണ് പിശാചിനെ ബന്ധിയാക്കുക എന്നത്. മനുഷ്യന്റെ ആജന്മ ശത്രുവായ, ശരീരത്തില്‍ രക്തം സഞ്ചരിക്കുന്ന വഴികളിലൂടെയെല്ലാം സഞ്ചരിക്കുന്നവനാണെന്ന് പ്രവാചകന്‍ മുന്നറിയിപ്പു നല്‍കിയ പിശാചിന്റെ നിയന്ത്രണം ഈ വിശുദ്ധ മാസത്തില്‍ അല്ലാഹു തന്നെ ഏറ്റെടുത്തത് അടിമകളെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. മനുഷ്യനന്മകള്‍ക്കു തടസം നില്‍ക്കുന്ന മറ്റൊരു ഘടകം അവന്റെ ദേഹവും തന്നിഷ്ടവുമാണല്ലോ. അതിനെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഭക്ഷണം കഴിക്കാതിരിക്കലാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിന്റെ വൈകാരിക താല്‍പര്യങ്ങളില്‍ നിന്നും ദേഹേച്ഛകളില്‍ നിന്നും രക്ഷനേടാന്‍ മികച്ച മാര്‍ഗമാണ്.
അതുകൊണ്ടാണ് വിവാഹപ്രായമെത്തിയവര്‍ അതിനാവശ്യമായ സാമ്പത്തിക ശേഷിയും മറ്റും ഇല്ലാത്തവരാണെങ്കില്‍ നോമ്പനുഷ്ഠിക്കണമെന്ന് പ്രവാചകന്‍ നിര്‍ദേശിച്ചത്. ശരീരത്തെ നിയന്ത്രിക്കാനുള്ള മാര്‍ഗം ശരീരത്തിന്റെ അന്നം നിയന്ത്രിക്കലാണ്. ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരം നിയന്ത്രിക്കപ്പെടുകയും അതുവഴി ആത്മീയ സംസ്‌കരണം സാധ്യമാക്കുകയും ചെയ്യുകയാണ് റമദാനിലെ ആത്മീയ രഹസ്യം.
മനുഷ്യന്‍ ദേഹവും ദേഹിയും ചേര്‍ന്ന മിശ്രിത ജീവിയാണ്. ഭൗതികവാദികളുടെ വാദംപോലെ കേവലം ജഡം മാത്രമുള്ള ജീവിയല്ല മനുഷ്യന്‍. ആത്മാവ് എന്ന അസ്തിത്വം അവനിലുണ്ട്. ശരീരത്തിന് വളര്‍ച്ചയുള്ളതുപോലെ ആത്മാവിനും വളര്‍ച്ചയുണ്ട്. ശരീരത്തിന് ഭക്ഷണവും വിശപ്പും ഉള്ളതുപോലെ ആത്മാവിനും അന്നവും വിശപ്പുമുണ്ട്. ശരീരം നിര്‍ണിതമായ അളവിലേ വളരുകയുള്ളൂ. ഒരു പരിധിക്കപ്പുറത്ത് വളരാന്‍ ശരീരത്തിനു കഴിയില്ല. ഒരു പരിധിക്കപ്പുറത്ത് ഭക്ഷണം സ്വീകരിക്കാനും അതിനു കഴിയില്ല. എന്നാല്‍ ആത്മാവ് അങ്ങനെയല്ല. ആത്മാവിന് പരിധിയില്ലാതെ വളരാന്‍ കഴിയും. പക്ഷേ, ആത്മാവ് വളരണമെങ്കില്‍ ശരീരത്തിന്റെ ഭക്ഷണം പരിമിതപ്പെടണം.
വയറുനിറക്കുന്നവന് ഇബാദത്തിന് കൂടുതല്‍ കഴിയില്ലെന്ന് ഇമാം ഷാഫി (റ) പറഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ വളര്‍ച്ച കൂടുമ്പോള്‍ ആത്മാവിന്റെ വളര്‍ച്ച കുറയുകയാണു ചെയ്യുക.
ശരീരത്തിന്റെ അന്നം കുറക്കുകയും ആത്മാവിന് ആവശ്യമായ ഇന്ധനം വര്‍ധിപ്പിക്കുകയുമാണ് റമദാനിലൂടെ സത്യവിശ്വാസികള്‍ ചെയ്യുന്നത്. ആത്മാവിന്റെ വളര്‍ച്ച കൂടുതല്‍ നേടിയെടുക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യ സൃഷ്ടിപ്പിന്റെ ഉല്‍കൃഷ്ടത ബോധ്യപ്പെടുക. നബി (സ) പറയുന്നു: മനുഷ്യഹൃദയങ്ങളില്‍ പിശാച് മറയിട്ടില്ലായിരുന്നുവെങ്കില്‍ ആകാശ ലോകങ്ങള്‍ക്കു പുറത്തുള്ള അദൃശ്യ ലോകത്തെ വിവരങ്ങള്‍ കണ്ടെത്താന്‍ മനുഷ്യര്‍ക്കു കഴിയുമായിരുന്നു. ഇത്രമേല്‍ ഔന്നത്യം നേടാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. പക്ഷേ, മുമ്പുപറഞ്ഞ മനുഷ്യന്റെ ആജന്മ ശത്രുക്കളെ നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സാധാരണക്കാര്‍ക്ക് അത്തരം പദവികള്‍ നേടിയെടുക്കാന്‍ സാധ്യമാകാത്തത്. ആ തടസങ്ങളെ നിയന്ത്രിക്കാനും ആത്മാവിനെ കൂടുതല്‍ പരിശീലിപ്പിക്കാനും ആത്മീയലോകത്തെ ഉന്നതികള്‍ കീഴടക്കാനുമുള്ള മികച്ച അവസരമാണ് പരിശുദ്ധ റമദാന്‍. പുണ്യനബി (സ) പറയുന്നു: ഉറച്ച വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷയോടെയും വിശുദ്ധ റമദാനിലെ രാത്രികളെ ആരാധനകൊണ്ട് ധന്യമാക്കുന്നവര്‍ക്ക് സര്‍വപാപങ്ങളും പൊറുക്കപ്പെടും.
ഈ ഹദീസില്‍ പ്രതിപാദിക്കപ്പെട്ടതുപോലെ സത്യവിശ്വാസത്തിന്റെ ദൃഢതയും അല്ലാഹുവില്‍നിന്ന് പ്രതിഫലം കിട്ടുമെന്ന ഉയര്‍ന്ന പ്രതീക്ഷയും മനസിലിരുത്തി കൊണ്ടായിരിക്കണം ഓരോ സത്യവിശ്വാസിയുടെയും വ്രതാനുഷ്ഠാനവും മറ്റു ആരാധനാകര്‍മങ്ങളും നിര്‍വഹിക്കപ്പെടേണ്ടത്.
നോമ്പ് പരിചയാണെന്ന് ഒരു ഹദീസില്‍ കാണാം. മനുഷ്യന്റെ സ്വാഭാവികമായ പരിമിതികളെ നിയന്ത്രിക്കുകയും സാധാരണയില്‍ ഉണ്ടായേക്കാവുന്ന മറ്റു ദുര്‍ബോധനങ്ങളെയെല്ലാം തടഞ്ഞുനിര്‍ത്തുകയും ആത്മീയതയുടെ വഴിയിലേക്ക് തടസം നില്‍ക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുക എന്നതു തന്നെയാണ് നോമ്പിന്റെ ആത്മീയധര്‍മം. അതുകൊണ്ടാണ് നോമ്പ് കേവലം പട്ടിണി കിടക്കല്‍ മാത്രമല്ല എന്ന ഹദീസ് വചനങ്ങള്‍ കാണാന്‍ കഴിയുന്നത്. നബി (സ) പറഞ്ഞു: എത്ര നോമ്പുകാരാണ്, വിശപ്പല്ലാതെ ഒന്നും അവനത് സമ്മാനിക്കുന്നില്ല. എത്ര നിസ്‌കാരമാണ്, ഉറക്ക് ഒഴിവാക്കലല്ലാതെ ഒന്നും അവന് ലഭിക്കുന്നില്ല (അഹ്‌മദ്). ജനങ്ങള്‍ നിസ്‌കരിച്ചു നിസ്‌കരിച്ചു വില്ലുപോലെ വളഞ്ഞാലും നോമ്പെടുത്ത് നോമ്പെടുത്ത് അമ്പുപോലെ മെലിഞ്ഞാലും ഭക്തിയും സൂക്ഷ്മതയും ഇല്ലെങ്കില്‍ അതുകൊണ്ടൊന്നും ഉപകാരമില്ല എന്നും ചില ഹദീസ് വചനങ്ങളില്‍ കാണാം. കാരണം നോമ്പിന്റെ ആത്മാവ് പട്ടിണി കിടക്കുന്നതില്‍ മാത്രമല്ല ഇമാം ഗസ്സാലി പറയുന്നു: ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും നോമ്പുണ്ട്.
കൈകള്‍ക്കും കണ്ണുകള്‍ക്കും കാതുകള്‍ക്കും എല്ലാം നോമ്പുണ്ട്. എല്ലാ അവയവങ്ങളെയും നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ കഴിയുകയും ദുസ്വഭാവങ്ങളെ ആത്മീയ ഊര്‍ജത്തിലൂടെ അകറ്റിനിര്‍ത്തുകയും ചെയ്യാനാണ് നോമ്പിലൂടെ സാധ്യമാകേണ്ടത്. കേവലം ഭൗതികമായ താല്‍പര്യങ്ങളില്‍നിന്ന് മാറി ആത്മീയമായ നേട്ടങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ ഈ വിശുദ്ധിയുടെ വസന്തോത്സവംകൊണ്ട് സാധ്യമകണം.
നോമ്പിലൂടെ നേടിയെടുക്കുന്ന ആത്മീയസൗഖ്യങ്ങള്‍ അവസാനം എത്തിച്ചേരുന്നത് തിരുക്കാഴ്ചയുടെ അനുഭൂതിയിലാണ്. അതിനു ദര്‍ശനം ലഭിച്ചവര്‍ക്ക് ധാരാളം അനുഗ്രഹങ്ങള്‍ അന്ധ്യനാളില്‍ ലഭിക്കുന്നുണ്ട്. മഹ്ശറിലെ പ്രയാസകരമായ അവസ്ഥയില്‍ പോലും നോമ്പുകാര്‍ക്ക് ആദരത്തിന്റെ സ്വീകരണമുണ്ട്. അനസ് (റ)വില്‍നിന്ന് നിവേദനം: നോമ്പനുഷ്ഠിച്ചവര്‍ അന്ത്യനാളില്‍ അവരുടെ ഖബ്‌റുകളില്‍ നിന്ന് പുറത്തുവരുമ്പോള്‍ നോമ്പിന്റെ പരിമളംകൊണ്ട് അവരെ വേര്‍തിരിച്ചറിയപ്പെടും. അന്നേരം അവരുടെ വായകള്‍ക്കു കസ്തൂരിയെക്കാള്‍ സുഗന്ധമായിരിക്കും. അവര്‍ക്കുവേണ്ടി സുപ്രകളും പാത്രങ്ങളും നിരത്തിവച്ചതിനു ശേഷം ഇങ്ങനെ വിളിച്ചുപറയും: നിങ്ങള്‍ വിശപ്പു സഹിച്ചിരുന്നു. അതിനാല്‍ നിങ്ങളിന്ന് സുഭിക്ഷമായി കഴിച്ചോളൂ. നിങ്ങള്‍ ദാഹം സഹിച്ചിരുന്നു. അതിനാല്‍ നിങ്ങളിന്ന് നന്നായി കുടിച്ചോളൂ. ജനങ്ങള്‍ സുഖിച്ചപ്പോള്‍ നിങ്ങള്‍ വിഷമമനുഭവിച്ചിട്ടുണ്ട്. അങ്ങനെ നോമ്പുകാര്‍ തിന്നുകയും കുടിക്കുകയും ചെയ്യും. മറ്റുള്ളവരാകട്ടെ വിചാരണയുടെയും ദാഹത്തിന്റെയും വിഷമത്തിലായിരിക്കും (ദൈലമി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."