HOME
DETAILS

പട്ടിണിനിര്‍മാര്‍ജനത്തിന്റെ യു.എ.ഇ മോഡല്‍

  
backup
April 13 2023 | 08:04 AM

the-uae-model-of-hunger-eradication

ഹനീഫ് റഹ്‌മാനി പനങ്ങാങ്ങര

ഇലയുടെ മുമ്പില്‍നിന്ന് ആട്ടിയിറക്കപ്പെടുന്നതിന്റെ ദുഃഖം നിങ്ങളറിഞ്ഞിട്ടുണ്ടോ? ഒരുപക്ഷേ, ജീവിതത്തിലെ ഏറ്റവും ദുരന്തം നിറഞ്ഞ അവഹേളനം അതായിരിക്കണം. ദരിദ്രര്‍ അതെക്കാലവും അറിയുന്നുണ്ട്. എറിഞ്ഞുകൊടുക്കുന്ന ഭക്ഷണപ്പൊതിയെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അതിന്റെ അവഹേളനം നിങ്ങളറിയുന്നുണ്ടോ? യുദ്ധകാലങ്ങളിലും ക്ഷാമകാലങ്ങളിലും പ്രളയകാലങ്ങളിലും അതൊരു കാരുണ്യമായി വാഴ്ത്തപ്പെടാം. പക്ഷേ, അതിനൊരു അധീശസ്വഭാവമുണ്ട്. അതിലെ മധുരത്തിനു കയ്പാണുള്ളത്. ജീവന്‍ നിലനിറുത്താന്‍ ഈ കയ്പ് നമ്മള്‍ കഴിക്കേണ്ടിവരുന്നു.' (പ്രവാസത്തിന്റെ മുറിവുകള്‍: ബാബു ഭരദ്വാജ്)


വിശപ്പ് ഒരുവിഭാഗത്തിന്റെ നിലവിളിയായി ഉയരുമ്പോള്‍ മറ്റൊരു വിഭാഗം അതിനു ചെവികൊടുക്കാതെ നിര്‍വചനങ്ങളില്‍നിന്ന് വായിച്ചെടുക്കുന്ന വിരോധാഭാസം എന്നും ലോകത്തുണ്ടായിട്ടുണ്ട്. പട്ടിണിപ്പാവങ്ങളൊന്നും ഇന്നില്ലെന്ന് ഒഴുക്കന്‍ മട്ടില്‍ പ്രസ്താവിക്കുന്നവനും പൊങ്ങച്ചത്തില്‍ വച്ചുവിളമ്പി പാഴാക്കിക്കളയുന്ന സല്‍ക്കാരത്തിന് ക്ഷണിക്കപ്പെടാതെപോകുന്ന അയല്‍പക്കത്തെ ആത്മാഭിമാനമുള്ളവന്റെ വയറെരിച്ചില്‍ അറിയുന്നില്ല. വ്രതത്തിന്റെ ആത്യന്തിക ലക്ഷ്യം വിശപ്പിന്റെ കാഠിന്യം തിരിച്ചറിയലല്ലെങ്കില്‍കൂടി വ്രതമാസം സാധ്യമാക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങളില്‍ പ്രധാനം ഇല്ലാത്തവനെ അടുത്തറിയാനും ചേര്‍ത്തുപിടിക്കാനുമുള്ള സന്ദേശം തന്നെയാണ്.



 

വിശപ്പിന്റെ വിളിക്ക് എന്നും ചെവികൊടുത്തിട്ടുള്ള യു.എ.ഇക്ക് റമദാന്‍ എന്നാല്‍ ലോകത്തെ പട്ടിണി നിര്‍മാര്‍ജനത്തിന്റെ സാക്ഷാല്‍ക്കാരമെന്നാണ്. അതുകൊണ്ടുതന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സന്ദേശമുയര്‍ത്തി ലോകത്തിന്റെ വിശപ്പകറ്റാന്‍ ഓരോ റമദാനുകളിലും വലിയ പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. യു.എ.ഇയുടെ ജീവകാരുണ്യയജ്ഞത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ വര്‍ഷം നടപ്പില്‍ വരുത്തിയ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി അമ്പത് രാജ്യങ്ങളിലെ ദരിദ്രരെ ലക്ഷ്യം വച്ചായിരുന്നു. അറുനൂറ് ദശലക്ഷം ആളുകള്‍ക്കു ഭക്ഷണമെത്തിക്കാനുള്ള തുക വിവിധ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും നിശ്ചയിച്ച ദിവസങ്ങള്‍ക്കു മുമ്പേ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. നാനൂറ് ദശലക്ഷം ആളുകള്‍ക്കു വ്യക്തിപരമായി ഭക്ഷണമെത്തിക്കുമെന്നും യു.എ.ഇ ഭരണാധികാരി അറിയിച്ചിരുന്നു.
മൂന്നേകാല്‍ ലക്ഷം ആളുകള്‍ വ്യക്തിഗതമായി സംഭാവനകള്‍ നല്‍കിയിരുന്നു. യു.എ.ഇ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ സ്വീകാര്യതയാണ് ഇതു വ്യക്തമാക്കുന്നതെന്നും ഈ സമൂഹം വെല്ലിവിളികള്‍ നേരിടുന്ന സഹജീവികളെ ചേര്‍ത്തുനിര്‍ത്തുന്നവരാണെന്നും ശൈഖ് മുഹമ്മദ് പ്രതികരിക്കുകയുണ്ടായി. ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് വഴിയും ഇതര സംഘടകള്‍ വഴിയും സഹായമെത്തി.


യുദ്ധത്തിനും ദുരന്തങ്ങള്‍ക്കും ഇരയായവര്‍, അഭയാര്‍ഥികള്‍, നിരാലംബര്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു സാന്ത്വനത്തിന്റെ കൈസ്പര്‍ശമാവാന്‍ എന്നും യു.എ.ഇ മുന്നില്‍ നിന്നിട്ടുണ്ട്. ശുദ്ധജലം ലഭിക്കാത്തതു കാരണം ലോകത്തു മരണം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പശ്ചാത്തലത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ശുദ്ധജലം നിഷേധിക്കപ്പെട്ട അമ്പതുലക്ഷം ആളുകള്‍ക്ക് യു.എ.ഇ സ്ഥായിയായി കുടിവെള്ളം എത്തിക്കുക എന്ന പദ്ധതി മുന്‍വര്‍ഷങ്ങളില്‍ നടപ്പില്‍ വരുത്തിയിരുന്നു. പാര്‍പ്പിടം, വസ്ത്രം, മരുന്ന് തുടങ്ങി ലോകത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഓരോന്നിനും പരിഹാരം കാണാന്‍ യു.എ.ഇ റമദാന്‍ മാസം ഉപയോഗപ്പെടുത്തുന്നു.
റമദാന്‍ 19 യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്റെ ആണ്ടുദിനമാണ്. ആ ദിവസം വര്‍ഷംതോറും അദ്ദേഹത്തിന്റെ ധന്യസ്മരണകള്‍ പുതുക്കി രാജ്യം അദ്ദേഹത്തിന്റെ പേരില്‍ ജീവകാരുണ്യദിനമായി ആചരിക്കുന്നു.
****




 

ഹൃദയംഗമമായ അനുഭവമാക്കാന്‍ പര്യാപ്തമായ പല ചേരുവകള്‍ ഉള്‍ച്ചേര്‍ന്നതാണ് യു.എ.ഇയിലെ റമദാന്‍ അനുഭവം. പ്രവാസ ജീവിതത്തിനിടെ ഏതാനും വര്‍ഷം നാട്ടില്‍ ചെലവഴിച്ചപ്പോള്‍ വല്ലാതെ മിസ് ചെയ്തിരുന്നത് യു.എ.ഇയിലെ റമദാന്‍ കാലമായിരുന്നു. റമദാന് ഓരോ നാടിനും പ്രാദേശികമായ പൊലിവുകളേറെ പറയാനുണ്ടാകാമെങ്കിലും യു.എ.ഇയില്‍ റമദാന്‍ ഒരാഘോഷം തന്നെയാണ്. ഒരുത്സവകാലം. ആത്മഹര്‍ഷത്തിന്റെയും ആവേശത്തിന്റെയും നാളുകളാണ്. റമദാനെ വരവേല്‍ക്കാന്‍ മുസ്‌ലിംകള്‍ തയാറെടുക്കുന്ന പോലെ ഒരുകാലം വന്നണയാന്‍ ഒരു സമൂഹം അദമ്യമായി ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നുണ്ടാവില്ല. വിശ്വാസികള്‍ക്കു മാത്രമല്ല, ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും റമദാന്‍ ആശ്വാസവും ആനന്ദവും പകരുന്നുവെന്നതാണ് പ്രവാസലോകത്തെ സവിശേഷത. റമദാന്‍കാലം എല്ലാവരുടെയും ദൈനംദിന സമയക്രമത്തില്‍ തന്നെ മാറ്റം വരുത്തുന്നു. കുറഞ്ഞ ജോലി സമയം. കൂടുതല്‍ വിശ്രമം. വാണിജ്യ സ്ഥാപനങ്ങളുടെ വക സമ്മാനങ്ങളുടെയും ഓഫറുകളുടെയും പെരുമഴ. തടവുകാരില്‍ പലര്‍ക്കും ശിക്ഷായിളവുകളും ജയില്‍മോചനവും. അങ്ങനെ എന്തെങ്കിലും വിധേന റമദാന്‍നന്മയില്‍ അനുഗ്രഹിക്കപ്പെടാതെ പോകുന്നവരായി ആരുമുണ്ടാകില്ല.


ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെ തന്നെ ഓരോ വര്‍ഷവും റമദാന്‍ മാസം അടുക്കുന്നതോടെ യു.എ.ഇയുടെ നഗര ഗ്രാമാന്തരങ്ങളും പുണ്യനാളുകളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങും. പാതയോരങ്ങള്‍ അലങ്കാരദീപങ്ങളാല്‍ ഒരുക്കപ്പെടുന്ന കലാരൂപങ്ങളാലും കാലിഗ്രഫികളാലും പുതുമോടിയണിയും. കാഴ്ചക്കാരുടെ മനസിലേക്ക് സന്തോഷത്തിന്റെ പ്രകാശങ്ങള്‍ വിതറും. പള്ളികളും സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ഈ മുന്നൊരുക്കത്തില്‍ പങ്കുചേരും. നന്നായി മോടിപിടിപ്പിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ സമ്മാനങ്ങളും നല്‍കപ്പെടും.


റമദാനിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആളുകള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ ഏരിയകളിലൊക്കെ നൂറുകണക്കിനു പേര്‍ക്ക് ഒന്നിച്ചിരുന്ന് നോമ്പു തുറക്കാന്‍ സൗകര്യപ്രദമായ ഇഫ്താര്‍ ടെന്റുകള്‍ ഉയരുന്നു. റമദാനിന്റെ വരവറിയിക്കുന്നതുതന്നെ പള്ളികള്‍ കേന്ദ്രീകരിച്ചും മാര്‍ക്കറ്റ്, ലേബര്‍ ക്യാംപുകളിലും പ്രത്യേകമായി ഉയരുന്ന ഇഫ്താര്‍ ടെന്റുകളാണ്. ദേശഭാഷകള്‍ക്കതീതമായി, വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചിരുന്ന് മര്യാദകള്‍ പാലിച്ചും സഹോദരനെ പരിഗണിച്ചും നോമ്പ് തുറക്കുന്നത് ചേതോഹര കാഴ്ചതന്നെ. റമദാന്‍ ടെന്റുകളില്‍ സന്നദ്ധസേവനം നടത്തുന്ന പ്രവര്‍ത്തകര്‍ ഊര്‍ജമാണ് പകര്‍ന്നുനല്‍കുന്നത്. യു.എ.ഇയുടെ മണ്ണില്‍ ഒരു പ്രവാസിയും നോമ്പു തുറയ്ക്കാനുള്ള വിഭവമില്ലാതെ പ്രയാസപ്പെടരുതെന്ന താല്‍പര്യത്തില്‍ തുടങ്ങിയ ചെറിയ ഇഫ്താര്‍ സംഗമങ്ങളാവണം വിദേശികളുടെ ആധിക്യത്താലും ആവശ്യക്കാരുടെ താല്‍പര്യത്താലും ഇത്ര വിപുലമായ തോതില്‍ ഈ സംസ്‌കാരം വളര്‍ത്തിയിട്ടുണ്ടാവുക. ഈ ഇഫ്താര്‍ ടെന്റുകള്‍ അറബ് ദാനത്തിന്റെ പ്രതീകവും അവിടെ കൈമാറ്റം ചെയ്യപ്പെടുന്നത് മാനവികതയും സാഹോദര്യവുമാകുന്നു. കൊവിഡ് കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ടെന്റുകള്‍ക്കു നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം പഴയപടി തിരിച്ചുവരുന്നതാണ് കാണുന്നത്.


വെള്ളം, ഈത്തപ്പഴം, മോര്, ജ്യൂസ്, അരീസ, ബിരിയാണി, ഫ്രൂട്‌സ് തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കപ്പെടാറുള്ളത്. ഇവയ്ക്കു പുറമെ കൂടുതല്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാംപുകളിലും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണങ്ങളും സംഗമങ്ങളും നടക്കാറുണ്ട്. ഇത്രയും വിപുലമായ തോതില്‍ ഭക്ഷണം തയാറാക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും എല്ലാം കുറ്റമറ്റതാക്കാന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് കാണിക്കുന്ന ജാഗ്രതയും പരിരക്ഷയും ശ്ലാഘനീയമാണ്.


റമദാന്‍ മാസം ആരംഭിച്ചാല്‍ പ്രവാസജീവിതത്തില്‍ വലിയ മാറ്റം തന്നെ ഉണ്ടാകുന്നു. രാത്രികള്‍ പകല്‍ പോലെ ഉണര്‍ന്നിരിക്കും. പകല്‍സമയങ്ങള്‍ ഭക്തിയുടെയും വ്രതത്തിന്റെയും വിശുദ്ധിയില്‍ കടന്നുപോകുന്നു. സന്ധ്യമയങ്ങിയാല്‍ തെരുവുകള്‍ ഉണരുന്നു. എങ്ങും പ്രകാശത്തില്‍ കുളിച്ച നഗരവീഥികള്‍. വാഹനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്ക്. പല സര്‍ക്കാര്‍ ഓഫിസുകളും നോമ്പുതുറയ്ക്ക് ശേഷവും സജീവമാകും. കുറഞ്ഞ മണിക്കൂറുകളില്‍ കൂടുതല്‍ ജോലികള്‍ നിര്‍വഹിക്കപ്പെടുന്നു.
രാത്രിയില്‍ പള്ളികളില്‍നിന്ന് ഒഴുകിയെത്തുന്ന തറാവീഹ് നിസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണത്തിന്റെ മധുരിമയില്‍ നാടൊന്നാകെ ലയിച്ചുചേരുന്നു. പകല്‍സമയങ്ങളില്‍ അടഞ്ഞുകിടക്കുന്ന റസ്റ്ററന്റുകള്‍ പുതിയ ഉണര്‍വോടെ ജനത്തിരക്കില്‍ നിറയും. ഷോപ്പിങ് മേളയുടെ ഭാഗമായി തെരുവുകളില്‍ ഒരുക്കപ്പെടുന്ന സ്റ്റാളുകളിലും വര്‍ണകാഴ്ചകളും കലാവിരുന്നുകളും ഒരുക്കുന്ന പാര്‍ക്കുകളിലും ജനസാഗരം. സ്വദേശിയും വിദേശിയും വേര്‍തിരിവില്ലാതെ ആഘോഷത്തിമര്‍പ്പില്‍ ഇഴുകിച്ചേരും.
കഠിനാധ്വാനം ചെയ്യപ്പെടുന്ന നിര്‍മാണ മേഖലകളിലും ജോലിസമയങ്ങളില്‍ ഇളവുകള്‍ അനുവദിക്കപ്പെടുന്നു.

പകല്‍സമയങ്ങളില്‍ കുറഞ്ഞ സമയം ജോലിചെയ്യുന്ന പല സ്ഥാപനങ്ങളും രാത്രി അധികസമയം പ്രവര്‍ത്തിക്കും. ചെറുകിട സ്ഥാപനങ്ങളിലെ ചെറിയ ശമ്പളക്കാരായ തൊഴിലാളികള്‍ ഇത്തരം സമയങ്ങളില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നു. പകല്‍ സമയങ്ങളില്‍ തിരക്കു കുറയുമെങ്കിലും നോമ്പുതുറയുടെ സമയം അടുക്കുന്നതോടെ ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും തിരക്ക് ആരംഭിക്കും. അധികവും ഹോം ഡെലിവറിയായതുകൊണ്ട് ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്കു വൈകുന്നേരങ്ങളില്‍ വിശ്രമമില്ലാത്ത തിരക്കായിരിക്കും. നോമ്പുതുറപോലും മറന്ന് ജോലി ചെയ്യേണ്ടിവരുന്നു. കടയില്‍തന്നെ ലളിതമായി ഒരുക്കപ്പെടുന്ന നോമ്പുതുറയില്‍ ആശ്വാസം കണ്ടെത്തേണ്ടിവരും.
* * *

 

 

വ്യത്യസ്ത മതവിശ്വാസികളും മതമില്ലാത്തവരും പ്രവാസികളായി തുടരുന്ന യു.എ.ഇ പോലുള്ള രാജ്യത്ത് മറ്റു ജനവിഭാഗങ്ങളുടെ ജീവിതത്തിനു ഒരു പ്രയാസവും വരാത്തവിധം എന്നാല്‍ പൊതുയിടങ്ങളില്‍ റമദാനിന്റെ മഹത്വത്തിന് പരുക്കേല്‍ക്കാതെയും ക്രമീകരണങ്ങള്‍ നടത്തിയുള്ള ആഘോഷം ഇതര വിശ്വാസികളില്‍ ഇസ്‌ലാം മതത്തിന്റെ കനിവിന്റെയും കാരുണ്യത്തിന്റെയും സന്ദേശം എത്തിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. മതപ്രബോധന രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പ്രഗത്ഭരായ വാഗ്മികളെയും പണ്ഡിതന്മാരെയും പങ്കെടുക്കുപ്പിച്ച് വര്‍ഷങ്ങളേറെയായി വളരെ വിപുലമായ തോതില്‍ നടത്തപ്പെടുന്ന ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം, കേരളീയരടക്കം വ്യത്യസ്ത നാടുകളില്‍നിന്ന് യു.എ.ഇ പ്രസിഡന്റിന്റെ അതിഥിയായി ക്ഷണിക്കപ്പെടുന്ന പ്രഗത്ഭ വ്യക്തിത്വങ്ങള്‍ രാജ്യത്തിലെ വ്യത്യസ്ത പള്ളികളിലും വേദികളിലും നടത്തുന്ന പ്രഭാഷണങ്ങള്‍, യു.എ.ഇ ഔഖാഫിന്റെ കീഴില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ക്ലാസുകള്‍ തുടങ്ങിയവയെല്ലാം അറിവിന്റെയും ഉണര്‍വിന്റെയും വിളംബരമാവാറുണ്ട്.
* * *


യു.എ.ഇയില്‍ നാലു പതിറ്റാണ്ടോളമായി മലയാളം അധ്യാപകനായി സേവനം ചെയ്യുന്ന കവി മുരളി മംഗലത്ത് റമദാനിന്റെ മുപ്പത് ദിനങ്ങളിലായി എഴുതിത്തീര്‍ത്ത 'നോമ്പുയിര്' എന്ന കവിതാസമാഹാരം ഇസ്‌ലാമിന്റെ മാനവിക ദര്‍ശനങ്ങളെ, വിശിഷ്യാ റമദാനിന്റെ ആത്മചൈതന്യത്തെ അപഗ്രഥിക്കുന്നുണ്ട്. അജ്മാന്‍ അല്‍ അമീര്‍ സ്‌കൂളില്‍നിന്ന് ഇഫ്താര്‍ കിറ്റുമായി ലേബര്‍ ക്യാംപില്‍ പോയപ്പോഴുണ്ടായ ഒരു കുട്ടിയുടെ ഹൃദയസ്പര്‍ശിയായ അനുഭവം ആവിഷ്‌കരിക്കുന്നതിങ്ങനെ.
'ബാങ്കിനു മുമ്പേ ക്യാംപിലെത്താന്‍
ബസ് പുറപ്പെട്ടു കൃത്യമായിത്തന്നെ
ഇത്തിരി ദൂരമുണ്ടെല്ലാരും നിശബ്ദം
കര്‍ത്തവ്യനിരതരായ് കാത്തിരുന്നു.
വരികള്‍ ശരിയാക്കി
നിര്‍ത്തുന്നതിന്‍ മുമ്പേ
പൊതികള്‍ തട്ടിയെടുത്തകത്തേക്ക് പായുവോര്‍
കണ്ടുനില്‍ക്കാനായില്ലവള്‍ക്കധികനേരം
നെഞ്ചു പൊട്ടുമ്പോലുള്‍ക്കിടിലമുള്ളില്‍
തന്റെയുള്ളിലെ പിടച്ചിലിന്‍
സാദൃശ്യങ്ങള്‍
മുറ്റിനില്‍പ്പതായ് തോന്നിയോരോ
മിഴിയിലും
വീട്ടിലെത്തുംവരെ മിണ്ടിയില്ലവള്‍ മൗനത്തില്‍
വീര്‍പ്പടക്കിയിരുന്നൊരു
കോണിലേകാകിയായ്
വീട്ടുപടിക്കല്‍ ബസു നിറുത്തവേ
ചാടിയിറങ്ങി
വീണുചിതറിയൊരു
പൊട്ടിക്കരച്ചിലായ്
അമ്മയെ കെട്ടിപ്പിടിച്ചവള്‍
തേങ്ങിയൊത്തിരി
എത്രയഹങ്കാരി താന്‍ നിത്യവും തന്നിഷ്ട
ഭക്ഷണത്തിനായ്
വാശിപിടിക്കുമ്പോള്‍
കഷ്ടമപ്പാവങ്ങള്‍ക്കില്ലിറ്റു വെള്ളംപോലും നേരാനേരം
ഇനിയമ്മയെന്തു തന്നാലുമമൃതായ്
വിശപ്പടക്കും ഞാന്‍
കിനിയില്ലൊരുതുള്ളി കണ്ണീരും
തീന്മേശയില്‍ ...'


ചുട്ടുപഴുക്കുന്ന മലനിരകളും മരുഭൂമിയും തീര്‍ക്കുന്ന വരണ്ട കാലാവസ്ഥയിലും ഇറ്റ് ദാഹജലംപോലുമില്ലാതെ നീണ്ട മണിക്കൂറുകള്‍ ഉപവാസമനുഷ്ടിച്ചിട്ടും സമര്‍പ്പണത്തിന്റെ ആത്മീയാനന്ദത്തില്‍ ക്ഷീണമോ പ്രയാസമോ ഒട്ടും അനുഭവപ്പെടാത്ത ശരീരവും മനസും നേടിയെടുക്കുന്ന ഉല്‍ക്കര്‍ഷം അവാച്യമാണ്. ഏതാനും മണിക്കൂര്‍ നേരത്തെ ഓഫിസ് ഡ്യൂട്ടി കഴിഞ്ഞ് ബാക്കി സമയം ശീതീകരിച്ച റൂമുകളില്‍ ഉറക്കവും വിശ്രമവുമായി വൈകുന്നേരമാകുന്ന പ്രവാസികള്‍ മാത്രമല്ല, മണലാരണ്യത്തിലെ മേച്ചില്‍സ്ഥലങ്ങളില്‍ ആടുമാടുകളോടൊപ്പം അത്യുഷ്ണത്തില്‍ വേവുന്നവരും കെട്ടിടനിര്‍മാണം പോലുള്ള മേഖലകളില്‍ സൂര്യാതപത്തിലും പാചകതൊഴിലിലുമേര്‍പ്പെട്ടിരിക്കുന്നവര്‍ അടുപ്പിന്റെ അഗ്‌നിയിലും വെന്തുരുകുന്നവരും ആയുഷ്‌കാലത്തില്‍ ലഭിക്കുന്ന റമദാനിന്റെ മഹത്വം ഉള്‍ക്കൊണ്ട് ഒരുപേക്ഷയും കൂടാതെ വ്രതമനുഷ്ടിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago