ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍: ചില മുന്‍കരുതലുകള്‍ എടുക്കാം..
കൊച്ചി: കുറച്ചു ദിവസമായി നാം കേള്‍ക്കുന്നു ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുന്നതിനെ കുറിച്ച്. ഡിജിറ്റല്‍ പണവിനിമയ സംവിധാനങ്ങളിലൂടെ പണമെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകളാണ് വ്യാപകമായി മരവിപ്പിക്കപ്പെട്ടിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കിടയില്‍ കേരളത്തില്‍ രണ്ടായിരത്തിലേറെപ്പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പൊലിസ് അതോറിറ്റിയുടെ നിര്‍ദേശത്തിന്റെയോ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതിയുടെയോ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്നാണ് ബാങ്കുകള്‍ പറയുന്നത്. പൊലിസില്‍ നിന്ന് ലഭിക്കുന്ന ഉത്തരവ് പ്രകാരം ബാങ്ക് നടപടിയെടുക്കുകയും ബ്രാഞ്ചിനെയും ഇടപാടുകാരെയും അറിയിക്കുകയും ചെയ്യാറുണ്ട്. നിയമസംവിധാനങ്ങള്‍ പാലിക്കുന്ന സ്ഥാപനമായതിനാല്‍ പൊലീസിന്റെ നിര്‍ദേശം അവഗണിക്കാനാകില്ലെന്നും ബാങ്ക് വിശദീകരിക്കുന്നു.യു.പി.ഐ. വഴി മാത്രമല്ല, നെഫ്റ്റ്, ആര്‍.ടി.ജി.എസ്., അക്കൗണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുമുള്ള ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കപ്പെട്ടിട്ടുണ്ട്.
മരവിപ്പിക്കല്‍ നീക്കാന്‍
തിരിച്ചറിയല്‍രേഖകള്‍, തങ്ങളുടെ അക്കൗണ്ടില്‍ പണംവന്നത് എന്ത് ആവശ്യത്തിനാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ എന്നിവസഹിതം പരാതിക്കാരന്റെ പൊലിസ് സ്റ്റേഷനില്‍ ബന്ധപ്പെടണം. എന്നാല്‍, ഇത് പലപ്പോഴും മറ്റുസംസ്ഥാനങ്ങളിലായതിനാല്‍ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവര്‍ ദുരിതത്തിലാവും. ഇത് തങ്ങളുടെ പൊലിസ് സ്റ്റേഷനില്‍ത്തന്നെ ബോധ്യപ്പെടുത്താനുള്ള സംവിധാനം വന്നാല്‍, പ്രശ്‌നപരിഹാരം കുറേക്കൂടി എളുപ്പമാകും. എന്നാല്‍, തെറ്റായ മരവിപ്പിക്കലിനെതിരേ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ അതത് സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസറെ സമീപിക്കാവുന്നതാണെന്ന് സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്‍ സ്ഥാപകനും ഹൈക്കോടതി അഭിഭാഷകനുമായ ജിയാസ് ജമാല്‍ പറയുന്നു.
വലയില്‍ വീഴാതിരിക്കാന്‍
- പരിചയമില്ലാത്തവരില്‍നിന്ന് പണം സ്വീകരിക്കാതിരിക്കുക.
- ഉപഭോക്താക്കളില്‍നിന്ന് പണം സ്വീകരിക്കാനും മറ്റ് വ്യാപാര ഇടപാടുകള്‍ക്കും സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക. വ്യാപാരാവശ്യങ്ങള്‍ക്ക് കറന്റ് അക്കൗണ്ട് മാത്രം ഉപയോഗിക്കുക.
- വിദേശങ്ങളില്‍നിന്ന് നാട്ടിലെ ബന്ധുക്കള്‍ക്ക് പണം അയക്കുമ്പോള്‍ മണി എക്‌സ്ചേഞ്ച് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ അംഗീകൃതമാര്‍ഗങ്ങള്‍മാത്രം ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."