നദാലിന് എതിരാളി റൂഡ്
പാരിസ്
ഫ്രഞ്ച് ഓപണിന്റെ കിരീടപ്പോരാട്ടത്തിൽ റാഫേൽ നദാൽ നോർവെ താരം കാസ്പർ റൂഡിനെ നേരിടും. ഇന്ന് വൈകിട്ട് 6.30നാണ് ഫ്രഞ്ച് ഓപണിന്റെ കിരീടപ്പോരാട്ടം നടക്കുന്നത്. 22-ാം ഗ്രാൻസ്ലാം കിരീടമെന്ന റെക്കോർഡ് നേട്ടം കൈപ്പിടിയിലൊതുക്കാൻ സ്പാനിഷ് താരം റാഫേൽ നദാലിനു മുന്നിൽ ഇനി ഒരു പടി കൂടി മാത്രമേയുള്ളു. ആവേശകരമായ ആദ്യ സെമി പോരാട്ടത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിന് പരുക്കേറ്റതോടെയാണ് നദാൽ ഫൈനലിൽ പ്രവേശിച്ചത്.
മത്സരത്തിന്റെ ആദ്യ സെറ്റ് നദാൽ സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റ് 6-6 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു സ്വരേവിന് പരുക്കേറ്റത്. ഇതോടെ താരം മത്സരത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
രണ്ടാം സെമിയിൽ ക്രൊയേഷ്യയുടെ വെറ്ററൻ താരം മാരിൻ സിലിച്ചിനെ തോൽപ്പിച്ച നോർവേയുടെ കാസ്പർ റൂഡാണ് ഫൈനലിൽ നദാലിന്റെ എതിരാളി. ഒരു സെറ്റിനു പിന്നിലായിരുന്ന കാസ്പർ റൂഡ്, പിന്നീട് മൂന്നു സെറ്റ് തിരിച്ചുപിടിച്ചാണ് കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. സ്കോർ 3-6, 6-4, 6-2, 6-2. ഗ്രാൻസ്ലാമിന്റെ ചരിത്രത്തിൽ ഫൈനലിലെത്തുന്ന ആദ്യ നോർവേ താരമെന്ന റെക്കോർഡും ലോക എട്ടാം നമ്പറായ കാസ്പർ റൂഡ് സ്വന്തമാക്കി. റൂഡിന്റെയും സിലിച്ചിന്റെയും ആദ്യ ഫ്രഞ്ച് ഓപ്പൺ സെമി കൂടിയായിരുന്നു ഇത്. അതേസമയം, 2014ലെ യു.എസ് ഓപ്പൺ ജേതാവാണ് സിലിച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."