ഉക്രൈൻ അധിനിവേശം ; പുടിൻ ചെയ്തത് ചരിത്രപരമായ വിഡ്ഢിത്തം: ഫ്രാൻസ്
റഷ്യ ആഗോളതലത്തിൽ
ഒറ്റപ്പെട്ടെന്നും പ്രസിഡന്റ്
ഇമ്മാനുവൽ മാക്രോൺ
പാരിസ്
റഷ്യയുടെ ഉക്രൈൻ അധിനിവേശം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഏകപക്ഷീയമായ ആക്രമണം വഴി ആഗോളതലത്തിൽ റഷ്യ ഒറ്റപ്പെട്ടെന്നും മാക്രോൺ അഭിപ്രായപ്പെട്ടു. ഫ്രാൻസ് പ്രാദേശിക മാധ്യമത്തോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഞാൻ കരുതുന്നത് റഷ്യയുടെ ഉക്രൈൻ അധിനിവേശം മഹാ വിഡ്ഢിത്തമാണെന്നാണ്. അതുവഴി പുടിൻ സ്വന്തത്തെയും തന്റെ രാജ്യത്തെയും ആഗോളതലത്തിൽ ഒറ്റപ്പെടുത്തിയിരിക്കുന്നു. ഇതു ഞാൻ നേരിട്ട് അദ്ദേഹത്തിനോട് പറഞ്ഞിട്ടുള്ള കാര്യമാണ്'- മാക്രോൺ പറഞ്ഞു. അതേസമയം, റഷ്യയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്നും യുദ്ധം അവസാനിക്കുന്ന പക്ഷം നയതന്ത്ര മാർഗത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം ആവർത്തിച്ചു.
ഇതിനിടെ ആഗോള ഭക്ഷ്യ, ഊർജ പ്രതിസന്ധിയിൽ പടിഞ്ഞാറൻ രാജ്യങ്ങളെ ആക്ഷേപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രംഗത്തെത്തി. ഉക്രൈനിൽനിന്ന് ധാന്യങ്ങൾ കയറ്റിപ്പോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വൈദേശിക ശക്തികൾ റഷ്യക്കെതിരേ തുടരുന്ന ഉപരോധം അന്താരാഷ്ട്ര മാർക്കറ്റുകളിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. ഉൽപാദനം കുറയാനും അതുവഴി വിലക്കയറ്റം സംഭവിക്കാനും ഉപരോധം കാരണമാകും. ഉക്രൈനിൽ എവിടെ നിന്ന് ഭക്ഷ്യധാന്യ കയറ്റുമതി നടത്താമെന്നും പുടിൻ ഉറപ്പുനൽകി. ആഗോള ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, ഉക്രൈൻ രാജ്യങ്ങളിൽ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."