HOME
DETAILS
MAL
ശൈഖ് രിഫാഈ(റ): ആത്മജ്ഞാനികളുടെ വഴികാട്ടി
backup
April 16 2023 | 18:04 PM
അഹ്മദുല്‍ കബീര്‍ രിഫാഈ (റ) ജനസേവകര്‍ക്കുള്ള ഉദാത്ത മാതൃകയാണ്. പാവങ്ങളുടെ അത്താണിയായിരുന്ന അദ്ദേഹം കുഷ്ഠരോഗം ബാധിച്ചവര്‍, തളര്‍വാതമുള്ളവര്‍ എന്നിവരെ സമീപിച്ച് വസ്ത്രങ്ങള്‍ അലക്കി കൊടുക്കുകയും ആവശ്യമായ ഭക്ഷണങ്ങള്‍ എത്തിച്ചുകൊടുക്കുകയും അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. ദുആ കൊണ്ട് വസ്വിയത്ത് ചെയ്തിട്ടാണ് അവിടെനിന്ന് തിരിച്ചുവരാറുള്ളത്. ഇതുപോലെയുള്ള ആളുകളെ സന്ദര്‍ശിക്കല്‍ നിര്‍ബന്ധമാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. രോഗിയുണ്ടെന്നു കേട്ടാല്‍ എത്ര ദൂരെയാണെങ്കിലും അദ്ദേഹം അവിടെ ചെല്ലുമായിരുന്നു. ഒരു ദിവസമോ, രണ്ട് ദിവസമോ അവിടെ താമസിച്ച് ആ രോഗിക്ക് ആവശ്യമായ പരിചരണം നടത്തിയാണ് തിരിച്ചുവരാറുള്ളത് (ത്വബഖാത്തുല്‍ കുബ്‌റാ).
ഇറാഖിലെ ബത്വാഇഹ് ഗ്രാമത്തില്‍ പ്രസിദ്ധ വലിയ്യ് അബുല്‍ ഹസന്‍ അലി(റ) എന്നവരുടെയും പ്രശസ്ത ആരിഫായിരുന്ന മന്‍സൂറുല്‍ ബത്വാഇഹിയുടെ സഹോദരി ഉമ്മുല്‍ ഫള്ല്‍ ഫാത്വിമത്തുല്‍ അന്‍സ്വാരിയ്യ (റ)യുടെയും മകനായി ഹിജ്‌റ വര്‍ഷം 500 റജബ് 27ന് ഉമ്മു അബീദയിലാണ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)വിന്റെ ജനനം. നബി (സ)യുടെ പൗത്രന്‍ ഹുസൈനി(റ)വിലേക്ക് പിതൃപരമ്പരയും മറ്റൊരു പൗത്രന്‍ ഹസനി(റ)വിലേക്ക് മാതൃപരമ്പരയും എത്തിച്ചേരുന്നുവെന്ന സവിശേഷ പൈതൃകവുമുണ്ട്. ഏഴു വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. തുടര്‍ന്ന് ഇറാഖിലെ പ്രശസ്തമായ വാസ്വിതില്‍ അമ്മാവനോടൊപ്പമായിരുന്നു താമസം. പല മഹാന്മാരില്‍ നിന്നും വിജ്ഞാനം കരഗതമാക്കിയ ശൈഖ് രിഫാഈ (റ) ചെറുപ്രായത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്തു. ആത്മജ്ഞാനികളുടെ കിരീടം, പരിത്യാഗികളുടെ നേതാവ് തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെട്ടു. ശൈഖ് രിഫാഈ (റ)വിന്റെ മഹത്വങ്ങള്‍ വിവരിച്ച് അനേകം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം റാഫിഈ(റ)വിന്റെ സവാദുല്‍ അയ്‌നയ്ന്‍, ഇമാം കാസറൂനി(റ)വിന്റെ ശിഫാഉല്‍ അസ്ഖാം, ഇമാം അലിയ്യുബ്‌നു ഹദ്ദാദി (റ)വിന്റെ റബീഉല്‍ ആശിഖീന്‍ എന്നിവ അതില്‍ ചിലതു മാത്രം. എഴുപത് വര്‍ഷത്തെ ജീവിതത്തിലൂടെ ഇസ്‌ലാമിനായി കഠിനാധ്വാനം ചെയ്ത്, നിരവധി പേര്‍ക്ക് നേരിന്റെ വഴി കാണിച്ചുകൊടുക്കുകയും ചെയ്ത മഹാന്‍ ഹിജ്‌റ 570ല്‍ ജുമാദുല്‍ ഊലാ 12നാണ് വിടപറഞ്ഞത്.
ശൈഖ് രിഫാഈ(റ) ആരാധനയില്‍ നിമഗ്നനാവുകയും ഐഹിക വിരക്തിയില്‍നിന്ന് അകന്നുപോകാന്‍ കാരണമാകുന്ന ബാഹ്യബന്ധങ്ങള്‍ നിലനിര്‍ത്തുന്നതോടൊപ്പം ഐഹിക വിരക്തിയില്‍ വിജയം പ്രാപിക്കുകയും ചെയ്തു. ഭൗതികമായ സമ്പത്ത് വേണ്ടെന്നുവച്ച മഹാന്റെ സമ്പത്തും ഭൂമിയുമെല്ലാം വഞ്ചിച്ചെടുക്കാന്‍ ശ്രമിച്ച പലരെയും തന്റെ ആത്മീയ മേഖലയിലേക്ക് കൊണ്ടുവന്ന ധാരാളം ഉദാഹരണങ്ങള്‍ കാണാനാവും. ഒരിക്കല്‍ ഭക്ഷണം കൊണ്ടുവന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ദുനിയാവ് എത്തിക്കഴിഞ്ഞു'. ഇതു കേട്ട ശിഷ്യര്‍ ചോദിച്ചു: 'ഭക്ഷണം കഴിക്കുന്നത് ഐഹിക പ്രേമമാകുമോ'. അല്ലാഹുവിനെ ഓര്‍ക്കുന്നതിന് തടസമാകുന്നതെല്ലാം ഭൗതിക പ്രേമമാകുമെന്ന് അദ്ദേഹം പ്രതിവചിച്ചു. ആത്മീയ ഉയര്‍ച്ചയുടെ അടിസ്ഥാനം ഭൗതിക പരിത്യാഗമാണെന്ന് ശൈഖ് എപ്പോഴും പറയാറുണ്ടായിരുന്നു.
പാവങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്ന മഹാന്‍ പണക്കാരുടെ മുഖത്തേക്ക് താല്‍പര്യപൂര്‍വം നോക്കുക പോലുമുണ്ടായിരുന്നില്ല. അവരോടുള്ള സമ്പര്‍ക്കം ഹൃദയ കാഠിന്യത്തിനു കാരണമാകുമെന്ന് ശിഷ്യരെ ഉദ്‌ബോധിപ്പിച്ചു. ഉമ്മു അബീദയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ കൂടെ ഒരു കയര്‍ കരുതുകയും തിരിച്ചുവരുമ്പോള്‍ വിറക് ശേഖരിച്ച് നാട്ടിലെ അശരണര്‍ക്കും വിധവകള്‍ക്കും എത്തിച്ചുകൊടുക്കുകയും ചെയ്തു. സ്വന്തം ആവശ്യത്തിന് മറ്റൊരാളെയും ആശ്രയിക്കാത്ത രിഫാഈ (റ) ഞാന്‍ തന്നെ സേവകനാണ്, സേവകനെന്തിന് മറ്റൊരു സേവകന്‍ എന്നെപ്പോഴും പറയാറുണ്ടായിരുന്നുവത്രെ.
മനുഷ്യരോടും ഇതര ജീവികളോടുമുള്ള സ്‌നേഹവായ്പും ഹൃദയ നൈര്‍മല്യവും ആര്‍ദ്ര മനസുമാണ് അദ്ദേഹത്തെ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതെന്ന് സമകാലിക മഹാന്മാര്‍ അനുസ്മരിക്കുന്നുണ്ട്. സുല്‍ത്വാനുല്‍ ആരിഫീന്‍ എന്ന വിശുദ്ധ പദവിയിലേക്ക് ഒരു സുപ്രഭാതത്തില്‍ എത്തിച്ചേര്‍ന്നതല്ലെന്ന് അദ്ദേഹത്തില്‍ ജീവിതചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാനാകും. പഠന സപര്യയിലും ഗുരു സമ്പര്‍ക്കത്തിലും യുവത്വം തളച്ചിട്ട രിഫാഈ(റ) എല്ലാ വിജ്ഞാന ശാഖകളിലും ഔന്നത്യം പ്രാപിക്കുകയും ഇരുപതാം വയസില്‍ ഗുരു ശൈഖ് അലിയ്യുല്‍ വാസിത്വിയില്‍നിന്ന് എല്ലാ വിഷയങ്ങളിലും ഇജാസത്ത് നേടുകയും ചെയ്തു. പഠനകാലത്തു തന്നെ രിഫാഈ (റ) പ്രമുഖ ശാഫിഈ പണ്ഡിതനായ അബൂ ഇസ്ഹാഖുശ്ശീറാസി(റ)വിന്റെ കിതാബുത്തന്‍ബീഹ് മനപ്പാഠമാക്കുകയും ശേഷം അതിന് അല്‍ ബഹ്ജ എന്ന വ്യാഖ്യാനം രചിക്കുകയും ചെയ്തു. കൂടാതെ എല്ലാ വിജ്ഞാന ശാഖകളിലും ഗ്രന്ഥരചന നടത്തിയിരുന്നു. ത്വരീഖത്തില്‍ ചേരാനായി പര്‍ണശാലയിലെത്തിയവരോട് ആദ്യമായി മഹാന്‍ പഠിപ്പിച്ചത്, ആധ്യാത്മികതയുടെ അടിസ്ഥാനം വിജ്ഞാനമാണെന്നായിരുന്നു.
ഉമ്മു അബീദാ ഗ്രാമത്തില്‍ മാരക വ്രണങ്ങള്‍ ബാധിച്ച് ശരീരമാസകലം പൊട്ടിയൊലിച്ച് അവശയായ ഒരു നായയുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധം കാരണം ഒരുപറ്റം ആളുകള്‍ അതിനെ വലിച്ചിഴച്ച് ഗ്രാമത്തിന്റെ വെളിയില്‍ കൊണ്ടുപോയി. വിവരമറിഞ്ഞ അദ്ദേഹം സങ്കടപ്പെടുകയും മരുന്നും ഭക്ഷണവുമായി നായയുടെ അടുത്തെത്തി, വ്രണങ്ങള്‍ ശുദ്ധിയാക്കുകയും മരുന്നു വച്ചുകെട്ടുകയും വെയില്‍ തടയാന്‍ ചെറിയ കുടില്‍ കെട്ടി നായയെ അതില്‍ പാര്‍പ്പിക്കുകയും ചെയ്തു. ശേഷം കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷമാണ് മഹാന്‍ വിശ്രമിച്ചത്.
രിഫാഈ ശൈഖിന്റെ ക്ഷമയിലും സഹനത്തിലും ലോകജനതയ്ക്ക് നിരവധി പാഠങ്ങളുണ്ട്. താഴ്മയും ത്യാഗമനോഭാവവും കരഗതമാക്കി, സര്‍വവും നാഥനിലര്‍പ്പിച്ചാണ് മനുഷ്യന്‍ ജീവിക്കേണ്ടതെന്ന ഉത്തമ മാതൃകയാണ് മഹാന്‍ ലോകത്തിനു പകര്‍ന്നുനല്‍കുന്നത്. അസൂയക്കാരുടെ ആരോപണങ്ങള്‍ക്കു മുന്നില്‍ പതറിയില്ല. മറിച്ച്, തന്റെ ഉല്‍കൃഷ്ടമായ സഹനസ്വഭാവവും ക്ഷമാശീലവും ജീവിതവിശുദ്ധിയും കണ്ട് ആരോപകരെല്ലാം സന്‍മാര്‍ഗസിദ്ധി നേടി. പ്രബോധന മേഖലയില്‍ മികച്ചുനിന്ന രിഫാഈ (റ) വളരെ തന്ത്രപരമായാണ് ഇസ്‌ലാമിലേക്ക് പൊതുസമൂഹത്തെ അടുപ്പിച്ചത്. വശ്യമായ പെരുമാറ്റത്തിലൂടെയും അനുകമ്പയോടെയും പ്രസംഗ പാടവത്തിലൂടെയും കൊള്ളക്കാരെയും സാമൂഹ്യദ്രോഹികളെയും ഇതര മതസ്ഥരെയും അനുയായികളാക്കി മാറ്റാന്‍ സാധിച്ചു.
വിശ്വപ്രസിദ്ധരായ നാലു ഖുത്വുബുകളില്‍ ഒരാളാണ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ). രിജാലുല്‍ ഗൈബിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്വമാണ് ഖുത്വുബ്. വ്യക്തിവിശുദ്ധി അതിന്റെ ഉന്നതതലത്തിലെത്തിയ, അല്ലാഹുവുമായി ഏറെ അടുത്ത ഔലിയാക്കളുടെ നേതൃസ്ഥാനമാണ് ഖുത്വുബ്. ഈ പദവി ഒരു സമയത്ത് ഒരാള്‍ മാത്രമേ അലങ്കരിക്കൂ. പദവിയില്‍ തൊട്ടുതാഴെയുള്ളത് നാലു പേരാണ്. അവര്‍ക്ക് ഔതാദ് എന്നു പറയപ്പെടും. അവര്‍ക്ക് താഴെ ഏഴു പേരാണ്, അവര്‍ക്ക് അബ്ദാല്‍ എന്നും പറയുന്നു. അവര്‍ക്കു താഴെ നുഖബാഅ് എന്നറിയപ്പെടുന്ന നാല്‍പത് പേരാണ്. അതിനു താഴെ നുജബാഅ് എന്ന പദവിയില്‍ അറിയപ്പെടുന്ന 300 പേരും. ഇവരില്‍ ഖുത്വുബ് മരണപ്പെട്ടാല്‍ ഔതാദില്‍ നിന്ന് ഒരാള്‍ ഖുത്വുബായി ഉയരുകയും തുടര്‍ന്ന് താഴെയുള്ള പദവികളിലുള്ളവരില്‍ ഓരോരുത്തര്‍ തൊട്ടു മുകളിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും. അവരാണ് അല്ലാഹുവിന്റെ അടിമകളെ വിപത്തുകളില്‍ നിന്ന് സംരക്ഷിക്കുന്നത്. അവര്‍ കാരണമാണ് മുകളില്‍നിന്ന് മഴ വര്‍ഷിക്കുന്നതും (അല്‍ ഫതാവല്‍ ഹദീസിയ്യ).
ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) തങ്ങളുടെ ഖാദിരിയ്യ ത്വരീഖത്ത് പോലെ ഏറെ പ്രസിദ്ധിയാര്‍ജിച്ചതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ശിഷ്യഗണങ്ങളുമുള്ള രിഫാഇയ്യ ത്വരീഖത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. കേരളീയ മുസ്‌ലിംകള്‍ക്കിടയിലും ഏറെ പ്രചാരം ലഭിച്ച സരണിയാണ് രിഫാഈ ത്വരീഖത്ത്. നിരവധി കറാമത്തുകളാല്‍ അനുഗ്രഹീതമായ രിഫാഈ (റ)വിന്റെ മഖ്ബറ ഇന്നും അനുരാഗികളുടെ അഭയ കേന്ദ്രമാണ്. ഇറാഖില്‍ ബസ്വറയുടെ തൊട്ടടുത്ത് വാസ്വിത് എന്ന ഉള്‍ഗ്രാമത്തില്‍ വിജനമായ പ്രദേശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന രിഫാഈ മസ്ജിദും മഖ്ബറയും ദൂരദിക്കുകളില്‍ നിന്നു പോലുമെത്തുന്ന സന്ദര്‍ശകരാല്‍ വീര്‍പ്പുമുട്ടുന്നത് നിത്യ കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."