വിദ്വേഷ പ്രചാരണം കർശന നടപടി വേണം: സമസ്ത
കോഴിക്കോട്
രാജ്യത്തിന്റെ യശസ്സിനു കളങ്കം വരുത്തുന്നവിധത്തിൽ ഉത്തരവാദപ്പെട്ടവരിൽനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും പര മത വിദ്വേഷ പ്രചാരണവും തടയാൻ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും ആവശ്യപ്പെട്ടു.
ബി.ജെ.പി വക്താവ് നൂപുർ ശർമ അടക്കമുള്ളവരുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ പ്രസ്താവന ആയതുകൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. മറിച്ച് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ചയായി വേണം ഇതിനെ കരുതാൻ. അതിനാൽ പാർട്ടി നടപടി കൊണ്ടുമാത്രം ഈ പ്രശ്‌നം തീർക്കാൻ സാധിക്കില്ല.
കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുകയും വേണം.
ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങൾ ചാർത്തി പ്രവാചക നിന്ദ നടത്തിയവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
മാതൃകാപരമായ നടപടികൾ സ്വീകരിച്ച് ലോകരാജ്യങ്ങൾക്കിടയിൽ അഭിമാനത്തിനും യശ്ശസിനും ഇന്ത്യക്കുണ്ടായ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."