മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
കാസര്‍കോട്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ് ചുമത്തിയത്.
കാസര്‍കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പുതിയ വകുപ്പുകൂടി ചേര്‍ത്തത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയുടെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ കോഴ നല്കി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നടപടി.
പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും പാരിതോഷികം നല്‍കിയെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി രമേശന് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനു ശേഷമാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി.ഇ വകുപ്പുകളും നേരത്തെ ചുമത്തിയിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് പ്രതികള്‍. സാക്ഷിമൊഴികള്‍ക്ക് പുറമെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."