അനുസരിച്ചില്ലെങ്കില്‍ അനുഭവിക്കും
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്കായുള്ള പുതിയ ചട്ടം അനുസരിക്കുകയോ അല്ലെങ്കില്‍ ഐ.ടി നിയമപ്രകാരമുള്ള അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാവുകയോ ചെയ്യാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാറിന്റെ അന്ത്യശാസനം. കേന്ദ്രവും ട്വിറ്ററും തമ്മില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ പോര് മുറുകുന്നതിടെയാണ് കേന്ദ്രം അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഉപരാഷ്ട്രപതി അടക്കം പ്രമുഖരുടെ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക് നീക്കിയതിനു പിന്നാലെയാണ് ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
ഫെബ്രുവരിയില്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം സമൂഹമാധ്യമങ്ങള്‍ രാജ്യത്ത് ഒരു പരാതി പരിഹാര ഉദ്യോഗസ്ഥന്‍, നോഡല്‍ കോണ്‍ടാക്ട് ഓഫിസര്‍ തുടങ്ങി മൂന്നുപേരെ മെയ് 26നകം നിയമിക്കണം. എന്നാല്‍ ട്വിറ്റര്‍ അതിനു തയാറായിട്ടില്ല. മാര്‍ഗരേഖ അനുസരിക്കാതിരുന്നാല്‍ അത് ഇന്ത്യയില്‍ സുരക്ഷിതമായ പ്ലാറ്റ്‌ഫോം ഒരുക്കുന്നതില്‍ ട്വിറ്ററിനുള്ള പ്രതിജ്ഞാബദ്ധതയില്ലായ്മയായാണ് കണക്കാക്കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു. 79ാം വകുപ്പുപ്രകാരം സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ പിന്‍വലിക്കുമെന്നാണ് കേന്ദ്രത്തിന്റെ സുപ്രധാന മുന്നറിയിപ്പ്. അങ്ങനെ വന്നാല്‍ ഉപയോക്താക്കളുടെ ട്വീറ്റുകളുടെ ഉത്തരവാദിത്വം നിയമപ്രകാരം ട്വിറ്റര്‍ ഏറ്റെടുക്കേണ്ടിവരും.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ബ്ലു ടിക് ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്യുകയും ഐ.ടി മന്ത്രാലയം ഇടപെട്ടതിനെത്തുടര്‍ന്ന് പുനഃസ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ആറുമാസമായി ലോഗിന്‍ ചെയ്യാതിരുന്നതിനാലാണ് ബ്ലൂ ടിക് നീക്കം ചെയ്തതെന്ന് ഉപരാഷ്ട്രപതിയുടെ ഓഫിസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."