ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: കൊലപാതകമെന്ന് സൂചന, പിതൃസഹോദരി അറസ്റ്റില്‍
x
ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം
കൊയിലാണ്ടി: ഐസ്‌ക്രീം കഴിച്ച് ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മരണ കാരണം വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ചതാണെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍ പിതൃസഹോദരിയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12)യാണ് ഛര്‍ദിയെ തുടര്‍ന്ന് മരിച്ചത്.
ഞായറാഴ്ചയാണ് അരിക്കുളത്തെ കടയില്‍നിന്ന് ഐസ്‌ക്രീം കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയുണ്ടായതിനാല്‍ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി. ഭേദമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്നു രാവിലെ മരിച്ചു.
ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊലിസ്, ഫോറന്‍സിക് വിഭാഗം എന്നിവ അരിക്കുളത്തെ ഐസ്‌ക്രീം വിറ്റ കടയില്‍നിന്ന് സാമ്പ്ള്‍ ശേഖരിച്ച ശേഷം കടയടപ്പിച്ചു. എന്നാല്‍ പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, കുട്ടിയുടെ ശരീരത്തില്‍ അമോണിയം ഫോസ് ഫറസിന്റെ അംശം കണ്ടെത്തിയത് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചു. തുടര്‍ന്ന് കൊയിലാണ്ടി പൊലിസ് വിദഗ്ധ അന്വേഷണം നടത്തുകയായിരുന്നു. നിരവധി പേരില്‍നിന്ന് മൊഴിയെടുത്തു.
മൂന്നുദിവസം ഏതാനും പേരെ പൊലിസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. റൂറല്‍ ജില്ല പൊലീസ് മേധാവി ആര്‍. കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി ആര്‍. ഹരിപ്രസാദ്, സി.ഐ കെ.സി. സുബാഷ് ബാബു, എസ്.ഐ വി. അനീഷ്, പി.എം. ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ കരീം, ഗംഗേഷ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."