സച്ചാര്‍ സമിതി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കണം: ജിദ്ദ കെ എം സി സി
മുഹമ്മദ് കല്ലിങ്ങല്‍
ജിദ്ദ: ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയെ ക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നാം യു പി എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ ദുരിതപൂര്‍ണ്ണമായ പിന്നാക്കാവസ്ഥക്ക് പരിഹാരമായി നിര്‍ദ്ദേശിച്ച ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളെപ്പലെ കേരളത്തിലും പൂര്‍ണ്ണമായും മുസ്‌ലിം സമുദായത്തിന് നല്‍കണമെന്ന് ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു . രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് വഴി നടത്താന്‍ വലിയ ജീവത്യാഗം ചെയ്ത മുസ്‌ലിം സമൂഹത്തെ ദേശീയ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ വേണ്ടി സച്ചാര്‍ കമ്മീഷന്‍ മുന്നോട്ട് വെച്ച പരിഹാരമാര്‍ഗ്ഗങ്ങള്‍ രണ്ടാം യു പി എ സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ അവയില്‍ ചില പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അന്നത്തെ കേന്ദ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്ന് കേരളം ഭരിച്ച വി.എസ് സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനായി സച്ചാര്‍ കമ്മീഷന്‍ കേരളത്തില്‍ പാലോളി കമ്മീഷനാക്കി മാറ്റി. അങ്ങനെ പേര് മാത്രമല്ല പദ്ധതിയുടെ ലക്ഷ്യം തന്നെ താളം തെറ്റിക്കുകയായിരുന്നു എന്ന് യോഗം വിലയിരുത്തി. മുസ്‌ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ട പദ്ധതി ആനുകൂല്യങ്ങള്‍ 80:20 എന്ന തോതില്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കായി വീതം വെച്ചത് പൊറുക്കാനാവാത്ത പാതകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഒന്നാം പിണറായി സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്കും സ്‌കോളര്‍ഷിപ്പിനും മുസ്‌ലിം എന്നതിന് പകരം ന്യൂനപക്ഷം എന്നാക്കി മാറ്റി. കേരളത്തില്‍ ക്രൈസ്തവ വര്‍ഗ്ഗീയ വാദികളും സംഘ് പരിവാരും മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന് ആയുധമാക്കിയിട്ടും ഇടത് സര്‍ക്കാര്‍ മൗനം പാലിച്ചത് മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കാനായിരുന്നു. പ്രചണ്ഡമായ മുസ്‌ലിം വിരുദ്ധ പ്രചാരണം കൊണ്ട് കേരളത്തിന്റെ സാമൂഹിക മണ്ഡലം മലീമസമായിട്ടും സി പി എമ്മും ഇടത് സര്‍ക്കാറും തന്ത്രപരമായി മൗനം പാലിച്ചത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു എന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ കളള പ്രചാരണം കോടതിയിലെത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ക്ഷേമ പദ്ധതി തന്നെ ഇല്ലാതായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് മുസ്‌ലിം സമുദായത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി. സച്ചാര്‍ കമ്മീഷന്‍ വഴിയുളള ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി മുസ്‌ലിംകള്‍ക്ക് നല്‍കുകയും മറ്റു നൂനപക്ഷങ്ങള്‍ അവശത അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേകമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് വേണ്ടത് എന്നും യോഗം അഭിപ്രായപ്പെട്ടു.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ മുസ്‌ലിം സമുദായത്തിന് ഭരണഘടനയും സര്‍ക്കാര്‍ സംവിധാനങ്ങളും കൊണ്ട്വന്ന പദ്ധതികള്‍ ഒന്നും കാലാകാലങ്ങളില്‍ പൂര്‍ണ്ണ തോതില്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കാതെ പോയിട്ടുണ്ട്. സംവരണത്തില്‍ തന്നെ പലപ്പോഴും അട്ടിമറികള്‍ നടന്നിട്ടുണ്ട്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷം കൊണ്ട് മാത്രം പതിനെട്ടായിരം സര്‍ക്കാര്‍ ജോലി തസ്തികകളാണ് മുസ്‌ലിംകള്‍ക്ക് നഷ്ടമായത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് മുമ്പും ശേഷവുമായി പതിനായിരക്കണക്കിന് അര്‍ഹമായ അവസരങ്ങള്‍ മുസ്‌ലിംകള്‍ക്ക് നഷ്ടപെട്ടിട്ടുണ്ട്. എന്നിട്ടും അനര്‍ഹമായി മുസ്‌ലിംകള്‍ പലതും നേടിയെടുക്കുന്നു എന്ന പ്രചാരണം കേരളത്തില്‍ സര്‍വ്വത്ര സജീവമാണ്. ഇതിനൊക്കെ ഒരു വ്യക്തത വരുത്താനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും വര്‍ഗ്ഗീയ പ്രചാരണത്തിന് അറുതി കുറിക്കാനും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ സര്‍വ്വീസിലും മറ്റു മേഖലയിലും ആര്‍ക്കൊക്കെ എത്രയൊക്കെ അവസരങ്ങളും ആനുകൂല്യങ്ങളും ലഭിച്ചു എന്ന് വ്യക്തമാക്കുന്ന സമ്പൂര്‍ണ്ണ ധവളപത്രം പുറത്തിറക്കണമെന്ന് ജിദ്ദ കെ എം സി.സി സര്‍ക്കാറിനോട് അഭ്യാര്‍ത്ഥിച്ചു.
യോഗത്തില്‍ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അന്‍വര്‍ ചേരങ്കെ ചര്‍ച്ച ഉല്‍ഘാടനം ചെയ്തു. നിസ്സാം മമ്പാട്, സി.കെ. റസാഖ് മാസ്റ്റര്‍, പി.സി.എ. റഹ്മാന്‍, ഇസ്മായീല്‍ മുണ്ടക്കുളം, ലത്തീഫ് മുസ്‌ലിയാരങ്ങാടി , ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ശിഹാബ് താമരകുളം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."