യു.പിയിൽ 230 പേർ അറസ്റ്റിൽ
ലഖ്‌നൗ
പ്രവാചകനിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പ്രതിഷേധിച്ച 230 പേരെ യു.പിയിൽ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും കർശന നിയമനടപടിയുണ്ടാകുമെന്നും എ.ഡി.ജി.പി പ്രശാന്ത് കുമാർ പറഞ്ഞു. വെള്ളിയാഴ്ചയാണ് പലയിടത്തും പ്രതിഷേധവും സംഘർഷവുമുണ്ടായത്. ഇന്നലെ ഒരിടത്ത് സംഘർഷമുണ്ടായി. നാലു ജില്ലകളിൽ ഏതാനുംപേർ ഇന്നലെയും പ്രതിഷേധിച്ചെന്നും അവരെ പിരിച്ചുവിട്ടുവെന്നും പൊലിസ് പറഞ്ഞു.
ഏഴു ജില്ലകളിൽ 11 കേസുകളിലായാണ് 230 പേരെ അറസ്റ്റ് ചെയ്തത്. എല്ലാ കേസിലും ഗുരുതരമായ വകുപ്പാണ് ചേർത്തിട്ടുള്ളത്.
ഗുണ്ടാനിയമം, ദേശസുരക്ഷാ നിയമം എന്നിവയും പ്രതിഷേധിച്ചവർക്കെതിരേ പ്രയോഗിച്ചു. പൊതു, സ്വകാര്യമുതൽ നശിപ്പിച്ചതിന് പ്രതിചേർക്കപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പൊലിസ് പറഞ്ഞു. മതനേതാക്കളുമായി സംസാരിച്ചെന്നും എല്ലാവരും സമാധാനാഹ്വാനം നൽകിയിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
പ്രയാഗ് രാജിൽ നിന്ന് 68 പേരെയും ഹത്രാസിൽ നിന്ന് 50 പേരെയും സഹാറൻപൂരിൽ നിന്ന് 48 പേരെയും അംബേദ്കർ നഗറിൽ നിന്ന് 28 പെരെയും മൊറാദാബാദിൽ നിന്ന് 25 പേരെയും ഫിറോസാബാദിൽ നിന്ന് എട്ടുപേരെയും അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."