'ട്രംപിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന മാധ്യമ ഉടമകള്‍' കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാതെ വാഷിങ്ടണ്‍ പോസ്റ്റ്; രാജിവച്ച് കാര്‍ട്ടൂണിസ്റ്റ്
വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ശത കോടീശ്വരന്‍ ജെഫ് ബെസോസിനേയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതോടെ സ്ഥാപനത്തില്‍നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച് വാഷിങ്ട്ടണ്‍ പോസ്റ്റ് കാര്‍ട്ടൂണിസ്റ്റ് ആന്‍ ടെല്‍നയിസ്. വാഷിങ്ടണ്‍ പോസ്റ്റ് ഉടമകൂടിയായ ജെഫ് ബെസോസും മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗും മറ്റും പണക്കിഴികളുമായി ട്രംപിന് മുമ്പാകെ ഭവ്യതയോടെ തൊഴുത് കുനിഞ്ഞുനില്‍ക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ സ്ഥാപനം വിസമ്മതിച്ചതോടെയാണ് പുലിറ്റ്‌സര്‍ ജേതാവ് കൂടിയായ ആന്‍ രാജിവച്ചത്. പണവുമായി മാധ്യമ ഉടമകള്‍ ട്രംപിന് മുന്നില്‍ വണങ്ങി നില്‍ക്കുന്നതാണ് കാര്‍ട്ടുണിന്റെ ഉള്ളടക്കമെന്നും എഡിറ്റര്‍ ഇത് പ്രസിദ്ധീകരിക്കുന്നത് തടയുകയായിരുന്നുവെന്നും ആന്‍ പറഞ്ഞു.
യു.എസിലെ മാധ്യമങ്ങളുടെ ട്രംപ് അനുകൂല നിലപാട് വിവാദമായിരിക്കെയാണ്, ഏറെ വിശ്വസനീയത അവകാശപ്പെടുന്ന വാഷിങ്ട്ടണ്‍ പോസ്റ്റിന്റെ നടപടി. ബെസോസ് ഉള്‍പ്പടെയുള്ള മാധ്യമ ഉടമകള്‍ ഫ്‌ലോറിഡയിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍ലാഗോ ക്ലബിലെ സന്ദര്‍ശകരാണെന്നും ആന്‍ പറഞ്ഞു. സാമൂഹികവിമര്‍ശനമാണ് തന്റെ ചുമതലയെന്നും എന്നാല്‍ ഇതാദ്യമായി വിമര്‍ശനം സ്വന്തം പത്രാധിപര്‍ തടഞ്ഞുവെന്നും അതിനാലാണ് രാജിയെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 20ന് ട്രംപ് അധികാരത്തിലേറാനിരിക്കെ മാധ്യമ ഉടമകളടക്കമുള്ളവര്‍ അദ്ദേഹവുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. എന്നാല്‍, കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാതിരുന്നത് ബാഹ്യശക്തികളുടെ പ്രേരണ കൊണ്ടല്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."