മലപ്പുറത്തിന് പിന്നാലെ കോഴിക്കോട്ടും മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: കനത്ത സുരക്ഷയിലും മലപ്പുറത്തിന് പിന്നാലെ കോഴിക്കോട്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധം. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരും എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടിയായ ട്രൈപ്പന്റ ഹോട്ടലിലെ പുസ്തക പ്രകാശന വേദിയില്‍ തന്നെ പ്രതിഷേധവുമായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. തുടര്‍ന്ന് വൈകീട്ട് നാലിന് ജില്ലാ സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടന വേദിയിലും പ്രതിഷേധമുണ്ടായി. കോഴിക്കോട് കാരപ്പറമ്പില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനെത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധവുമായി സഹകരണ ആശുപത്രിയിലെ വേദിക്കു സമീപത്തെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ മലപ്പുറം ജില്ലയില്‍ പലയിടത്തും മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം അരങ്ങേറി. തവനൂരില്‍ മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരുന്ന വേദിക്ക് പുറത്ത് പൊലിസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രിയിലും മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും കരിങ്കൊടി പ്രതിഷേധം നടത്തി. ഇവരെ പൊലിസെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."