മോദി വിഷപ്പാമ്പെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍, ആ വിഷം തീണ്ടിയാല്‍ മരിക്കുമെന്നും ഖര്‍ഗെ, കരയ്ക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് ബി.ജെ.പി
മോദി വിഷപ്പാമ്പെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍, ആ വിഷം തീണ്ടിയാല്‍ മരിക്കുമെന്നും ഖര്‍ഗെ
കന്നഡയില്‍ പോരുമുറുകുന്നു
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപാമ്പിനോട് ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. കര്‍ണാടകയിലെ റോണയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷപ്പാമ്പിനെ പോലെയാണെന്നും ആ വിഷം തീണ്ടിയാല്‍ നിങ്ങള്‍ മരിക്കുമെന്നും ഖര്‍ഗെ പറഞ്ഞു.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രചാരണത്തിനു ചൂടുപിടിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിവാദ പരാമര്‍ശം.
മേയ് 10നാണ് ഇവിടെ തിരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണും. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ഒരു നേര്‍ക്കുനേര്‍ പോരാട്ടമാണ് കര്‍ണാടകയില്‍ നടക്കുന്നത്.
ചെറുതും വലുതുമായ പ്രതീക്ഷകളുമായി മറ്റു കക്ഷികളും കളത്തിലുണ്ട്. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ജെഡിഎസ്. ദക്ഷിണേന്ത്യയില്‍ അധികാരമുള്ള ഏക സംസ്ഥാനം കൈവിടാതിരിക്കാന്‍ ബി.ജെ.പി പരിശ്രമിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശക്തിപകരാന്‍ കര്‍ണാടക കൈ പിടിക്കണമെന്ന നിലയിലാണ് കോണ്‍ഗ്രസ്. അതേ സമയം പ്രത്യാരോപണവുമായി ബി.ജെ.പി നേതാക്കളും രംഗത്തുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് കോണ്‍ഗ്രസിനു മറുപടിയുമായി രംഗത്തെത്തിയത്. കരയ്ക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ മറുപടി.
2018ലെ ത്രിശങ്കുസഭയില്‍ 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി വന്നത്. എന്നാല്‍ അന്ന് കോണ്‍ഗ്രസും ജെ.ഡി.എസും കൈകോര്‍ത്ത് അധികാരം പങ്കിട്ടു. പിന്നാലെ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു. ഇത്തവണയും കടുത്ത പോരാട്ടമാണ് മൂന്നു കൂട്ടരും പ്രകടിപ്പിക്കുന്നത്. ആര് അധികാരം പിടിക്കുമെന്നറിയാന്‍ മേയ് 13വരെ കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."