HOME
DETAILS
MAL
അത്ര സ്വകാര്യമല്ല ഓഡിയോ ചാറ്റ് റൂമുകള്‍, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; മുന്നറിയിപ്പുമായി കേരളാ പൊലിസ്
backup
June 09 2021 | 09:06 AM
തിരുവനന്തപുരം: മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ ക്ലബ് ഹൗസിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലിസ്. സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്ന് ഫേസ്ബുക്കിലെ കുറിപ്പിലൂടെ പൊലിസ് ഓര്‍മപ്പെടുത്തുന്നു. തരംഗമാകുന്ന പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും
സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്ന പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക.
ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയും.
.
സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളുകളുടെ ടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ 'സെൻസറിംഗ്' ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു.
ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.
അതിനാൽ ശ്രദ്ധിക്കുക, സൂക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."