ഒന്നിച്ചുള്ള യാത്രയെ രണ്ടാക്കിയതാര്?
മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്
നേരത്തെ നടന്ന അഞ്ചു സിറ്റിങ്ങുകളും ക്രിയാത്മകമായിരുന്നു. അവസാന സിറ്റിങ്ങിൽ ഹുദവികളുമായി നടത്തിയ ചർച്ചയിൽ ചില ആരോപണങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്ന് മനസിലായി. മറ്റുള്ളവയ്ക്ക് പരിഹാരം കണ്ടു. ഇതോടെ ഹുദവികളുമായി ബന്ധപ്പെട്ട പ്രശ്‌നം അവസാനിച്ചു.
വഫിയ്യ കോഴ്‌സിന് പഠിക്കുന്നവരുടെ വിവാഹം, ജസ്റ്റിസ് കെമാല്‍ പാഷാ പ്രശ്‌നം, സി.ഐ.സി ഭരണഘടനാഭേദഗതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് സമസ്ത മുശാവറക്കും മുശാവറ നിയോഗിച്ച സമിതിക്കും ഒട്ടേറെ യോഗങ്ങൾ ചേരേണ്ടിവന്നിട്ടുണ്ട്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായും അദ്ദേഹത്തിന്റെ മരണത്തിനുശേഷം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും പലപ്പോഴും ചര്‍ച്ച നടത്തിയിട്ടുണ്ട്. സി.ഐ.സിയുമായി നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ചിലത് ഇവിടെ ഉദ്ധരിക്കാം.
വഫിയ്യക്കു പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നിക്കാഹിന്റെ പേരില്‍ പഠനം നിഷേധിച്ചതു സംബന്ധിച്ച് മുശാവറക്കു രക്ഷിതാക്കളില്‍നിന്നു പരാതി ലഭിച്ചപ്പോള്‍ 13-1-2021ന് ചേര്‍ന്ന മുശാവറ ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ഇതേ യോഗത്തില്‍ തന്നെ ജസ്റ്റിസ് കെമാല്‍ പാഷയെ സി.ഐ.സിയുടെ ഉപദേശകനാക്കിയ വിഷയവും ചര്‍ച്ചക്കു വന്നു. ഈ രണ്ടു വിഷയത്തിൽ മുശാവറയെടുത്ത നിലപാട് വ്യക്തമാക്കി സി.ഐ.സിക്ക് കത്തയക്കാൻ തീരുമാനിച്ചു. 10-2-2021 ന് ചേര്‍ന്ന മുശാവറ യോഗത്തില്‍ വീണ്ടും വിഷയം ചര്‍ച്ചക്ക് വന്നു. സി.ഐ.സിക്ക് അയച്ച കത്തിന് മറുപടി ലഭിച്ചശേഷം തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയും ജസ്റ്റിസ് കെമാല്‍ പാഷയെക്കുറിച്ചുള്ള പരാതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി, മുസ്തഫല്‍ ഫൈസി എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
8-4-2021ന് ചേര്‍ന്ന മുശാവറയില്‍ സി.ഐ.സിയില്‍ നിന്ന് ലഭിച്ച മറുപടി ചര്‍ച്ച ചെയ്തു. വഫിയ്യ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ 13-1-21ന് സമസ്ത കൈകൊണ്ട തീരുമാനം നടപ്പില്‍വരുത്താന്‍ ആവശ്യപ്പെട്ടു. സി.ഐ.സിയെ അറിയിക്കാനും തീരുമാനിച്ചു.
മേല്‍കാര്യങ്ങളില്‍ സി.ഐ.സിയുമായി ബന്ധപ്പെട്ടവരോട് സംസാരിക്കാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ എന്നിവരെ ചുമതലപ്പെടുത്തി. 10-11-21ന് ചേര്‍ന്ന മുശാവറ യോഗം 25-8-21ന് ചുമതലപ്പെടുത്തിയ ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ട് വായിച്ച് അംഗീകരിക്കുകയും സമസ്ത പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നിവരും സമിതിയംഗങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയരായ ആദൃശ്ശേരി ഹക്കീം ഫൈസിയെയും മറ്റും വിളിപ്പിച്ചു വിശദീകരണം തേടാനും ചര്‍ച്ച നടത്താനും തീരുമാനിച്ചു. അതനുസരിച്ച് 23-11-2021ന് ചൊവ്വാഴ്ച ചേളാരി സമസ്താലയത്തില്‍ ആറ് മുശാവറ മെമ്പര്‍മാരും അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ നേതൃത്വത്തില്‍ 8 സി.ഐ.സി പ്രതിനിധികളും ചേര്‍ന്നു ചര്‍ച്ച നടത്തി. സമസ്തയുടെ ചില നിലപാടുകള്‍ സി.ഐ.സി പ്രതിനിധികള്‍ അംഗീകരിച്ചെങ്കിലും വഫിയ്യക്കു പഠിക്കുന്ന പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും മതഗ്രന്ഥങ്ങൾ കൊണ്ട് ആ നിലപാടുകളെ നേരിടാന്‍ സമസ്തയെ വെല്ലുവിളിക്കുകയുമാണ് ചെയ്തത്.
12-1-22 ന് ചേര്‍ന്ന മുശാവറ യോഗത്തില്‍ 23-11-21ന് നടത്തിയ സിറ്റിങ്ങിന്റെ റിപ്പോര്‍ട്ട് വായിച്ചു. ബന്ധപ്പെട്ട വിഷയം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്തു മുശാവറയെ അറിയിക്കാന്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരെ ചുമതലപ്പെടുത്തി. 2-3-22ല്‍ ചേര്‍ന്ന മുശാവറയില്‍ സി.ഐ.സിയുമായി ബന്ധപ്പെട്ട സെനറ്റ് അംഗങ്ങളായ എ.എം പരീത്, ഇബ്രാഹിം ഫൈസി പേരാല്‍, അലി മാസ്റ്റര്‍ കാവനൂര്‍ എന്നിവരും വളാഞ്ചേരി മര്‍കസ് ജനറല്‍ സെക്രട്ടറിയും സി.ഐ.സി ജനറല്‍ സെക്രട്ടറി ആദൃശ്ശേരി ഹക്കീം ഫൈസിയും നല്‍കിയ കത്തുകള്‍ വായിച്ചു.
സി.ഐ.സി ഭരണഘടനയില്‍ വരുത്തിയ ഭേദഗതി 1. ഉദ്ദേശ്യലക്ഷ്യങ്ങള്‍(എ), 2. ഉപദേശകസമിതി(എ.5) ദുര്‍ബലപ്പെടുത്തണമെന്നും വഫിയ്യക്കു പഠിക്കുന്ന പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ച് മുശാവറ കൈകൊണ്ട തീരുമാനം നടപ്പില്‍വരുത്തണമെന്നും രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് സി.ഐ.സിക്കു കത്തു നല്‍കാനും തൃപ്തികരമായ മറുപടി ലഭിക്കാത്ത പക്ഷം അടിയന്തര മുശാവറ ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. 7-4-22 ന് അടിയന്തര മുശാവറ ചേര്‍ന്നു. സി.ഐ.സിയുടെ ഭരണഘടനാ സംബന്ധമായും മറ്റുമുള്ള സമസ്തയുടെ നിലപാട് അവരെ അറിയിക്കാന്‍ തീരുമാനിച്ചു. 11-4-22ന് ചേര്‍ന്ന മുശാവറയിലും ഇതേ ചര്‍ച്ചകളുണ്ടായി. ഒന്നിനും തൃപ്തികരമായ പ്രതികരണമില്ലാത്തതുകാരണം 8-6-22 ന് ചേര്‍ന്ന മുശാവറ ഇനി പറയുന്ന തീരുമാനമെടുക്കേണ്ടിവന്നു.
'ഭരണഘടനാ ഭേദഗതി, പെണ്‍കുട്ടികളുടെ വിവാഹം എന്നീ വിഷയങ്ങളില്‍ സമസ്ത മുശാവറയുടെ തീരുമാനം അംഗീകരിക്കാത്ത കാലത്തോളം സി.ഐ.സിയുമായുള്ള സംഘടനാബന്ധം തുടര്‍ന്നുപോവാന്‍ സാധിക്കുകയില്ലെന്നും സമസ്തയുടെ പേരു ഉപയോഗിക്കരുതെന്നും സി.ഐ.സിയെ അറിയിക്കാന്‍ തീരുമാനിച്ചു'. അതനുസരിച്ച് സി.ഐ.സിക്ക് കത്ത് നല്‍കിയശേഷം സി.ഐ.സി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 30-6-22ന് സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഭരണഘടന ഭേദഗതി ദുര്‍ബലപ്പെടുത്തല്‍, പെണ്‍കുട്ടികളുടെ വിവാഹം എന്നിവയില്‍ സമസ്തയുടെ തീരുമാനം അംഗീകരിക്കുമെന്നു പ്രസിഡന്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ 8-6-22ന് മുശാവറയെടുത്ത തീരുമാനം നടപ്പാക്കേണ്ടതില്ലെന്നു 4-7-22 ന് ചേര്‍ന്ന മുശാവറ തീരുമാനിച്ചു. 10-8-22ന് ചേര്‍ന്ന മുശാവറയില്‍ സി.ഐ.സിയുമായി ബന്ധപ്പെട്ട് 28-7-22ന് മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സമിതി യോഗത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി വിഷയം സംസാരിക്കാന്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫല്‍ ഫൈസി, അബ്ദുസ്സലാം ബാഖവി എന്നിവരുള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തുകയും െചയ്തു.
സമസ്തയും സമസ്ത നിയോഗിച്ച ഉപസമിതിയും ആദൃശ്ശേരി അബ്ദുല്‍ ഹക്കീം ഫൈസി അടക്കമുള്ള സി.ഐ.സി പ്രതിനിധികളുമായി നടത്തിയ ചില ചര്‍ച്ചകളും തീരുമാനങ്ങളും പ്രതികരണങ്ങളുമാണ് മുകളില്‍ കൊടുത്തത്. ഇനി സമസ്തയുടെയും സമുദായത്തിന്റെയും ഗുണകാംക്ഷികളായ നേതാക്കള്‍ നടത്തിയ ഇടപെടലുകളില്‍ ചിലതും ഇവിടെ കുറിക്കാം.
1. എം.സി മായിന്‍ഹാജിയും മാന്നാര്‍ ഇസ്മാഇൗല്‍ കുഞ്ഞുഹാജിയും മുന്‍കൈയെടുത്ത് ജിഫ്‌രി തങ്ങളുടെയും എം.ടി ഉസ്താദിന്റെയും സാദിഖലി ശിഹാബ് തങ്ങളുടെയും അനുമതിയോടെ കോഴിക്കോട് ഹോട്ടല്‍ വൈറ്റ് ലൈനില്‍ ഹക്കീം ഫൈസി, അലി ഫൈസി തൂത, അഹ്മദ് വാഫി കക്കാട് എന്നിവരുമായി മണിക്കൂറുകള്‍ നീണ്ട ചർച്ച നടത്തി.
2. സാദിഖലി ശിഹാബ് തങ്ങള്‍ ഏല്‍പ്പിച്ചതനുസരിച്ച് ജിഫ്‌രി തങ്ങളുടെ നേതൃത്വത്തില്‍ ഇസ്മാഇൗല്‍ കുഞ്ഞുഹാജി, എം.സി മായിന്‍ഹാജി എന്നിവര്‍ മുണ്ടക്കുളം ശംസുല്‍ ഉലമാ കോളജില്‍വച്ച് ഹക്കീം ഫൈസി ഉള്‍പ്പെടെ മൂന്നു സി.ഐ.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
3. ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് എം.ടി ഉസ്താദുമായും സാദിഖലി ശിഹാബ് തങ്ങളുമായും പലവട്ടം സംസാരിച്ച് രൂപംകാണുകയും സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി സംസാരിച്ച് ഏകദേശം ധാരണ ഉണ്ടാക്കുകയും അക്കാര്യം തങ്ങള്‍ നേരിട്ട് വിദ്യാഭ്യാസ ബോര്‍ഡില്‍ അവതരിപ്പിച്ച് നേതാക്കളുടെ അംഗീകാരം വാങ്ങുകയും ചെയ്ത ഫോര്‍മുല അംഗീകരിക്കാന്‍ വേണ്ടി അവസാന സിറ്റിങ് പാണക്കാട്ടേക്ക് തങ്ങള്‍ വിളിച്ച് ചേര്‍ത്തു. ഈ സിറ്റിങ്ങിലേക്ക് എം.സി മായിന്‍ഹാജി, ഇസ്മാഇൗല്‍ കുഞ്ഞു ഹാജി എന്നിവരെയും തങ്ങള്‍ വിളിച്ചിരുന്നു. അവസാനനിമിഷം സിറ്റിങ്ങിന്റെ അഥവാ തലേദിവസം ഹക്കീം ഫൈസി ഒഴിഞ്ഞുമാറി.
4. 13-2-23ന് എം.സി മായിന്‍ ഹാജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ ഹക്കീം ഫൈസിയുമായി സംസാരിക്കാന്‍ സാദിഖലി തങ്ങള്‍ വീണ്ടും ചുമതലപ്പെടുത്തി. മായിന്‍ഹാജി 13ന് തന്നെ ഹക്കീം ഫൈസിയെ വിളിച്ചു. ഈ വിഷയത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് ഹക്കീം ഫൈസി തീര്‍ത്തുപറഞ്ഞു. സാദിഖലി തങ്ങള്‍ ഏല്‍പ്പിച്ചതാണെന്ന് മായിന്‍ ഹാജി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാനുണ്ടെങ്കില്‍ എന്നോട് നേരിട്ടാവട്ടെ, മധ്യസ്ഥന്മാര്‍ ആവശ്യമില്ലെന്നും ഹക്കീം ഫൈസി പറഞ്ഞു. ഒടുവിൽ, പി.കെ കുഞ്ഞാലിക്കുട്ടിയും സയ്യിദ് ആബിദ് ഹുസൈൻ തങ്ങളും സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കെ. ആലിക്കുട്ടി മുസ് ലിയാർ എന്നിവരുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തി. അവസാന നിമിഷം അതും നടക്കാതെപോയി.
ഒന്നിച്ചുപോകാനുള്ള വഴികൾ തേടിയാണ് സമസ്തയും പ്രമുഖ വ്യക്തിത്വങ്ങളും ഇത്രയും ശ്രമിച്ചത്. ചിലരുടെ പിടിവാശി ഇല്ലായിരുന്നെങ്കിൽ ശാന്തമായി ഒന്നിച്ചുപോകാനുള്ള വഴി തെളിഞ്ഞേനെ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."