രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് ജമാഅത്തേ ഇസ്ലാമി
കോഴിക്കോട്: രാജ്ഭവനിലേക്ക് ചൊവ്വാഴ്ച ചില സംഘടനകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് ജമാഅത്തേ ഇസ്ലാമി അറിയിച്ചു. സോളിഡാരിറ്റിയും പങ്കെടുക്കുന്നില്ലെന്നാണ് അറിയുന്നത്. രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, മുസ്ലിം ലീഗ്, കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്ത്, കെ.എന്‍.എം, ജമാഅത്തേ ഇസ്ലാമി എന്നീ സംഘടനകള്‍ നേരത്തെ അറിയിച്ചിരന്നു.
മുസ്‌ലിം കോഓഡിനേഷന്‍ എന്ന പേരില്‍ നാളെ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേര് ഉള്‍പ്പെടുത്തിയുള്ള പ്രചാരണ പോസ്റ്ററുകളും മെസ്സേജുകളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികള്‍ക്ക് സമസ്തയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്ന് സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.
'പ്രവാചകനിന്ദ'ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സമസ്തയുടെ പോഷക ഘടകമായ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകള്‍ക്ക് മുമ്പിലും കഴിഞ്ഞ ദിവസം മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ഏത് പരിപാടികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിക്കും അംഗീകാരത്തിനും വിധേയമായി മാത്രമേ സംഘടിപ്പിക്കാവൂ എന്നും കീഴ്ഘടകളോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചതായും സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.
മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ചില തല്‍പര കക്ഷികള്‍ വിവിധ സംഘടനകളുടെ പേരെഴുതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ മുസ്‌ലിംലീഗിന്റെ പേരും എഴുതിയിട്ടുണ്ട്. മുസ്ലിംലീഗിന് ഈ പരിപാടിയുമായി യാതൊരു ബന്ധവുമില്ല. വ്യാജ പ്രചാരണം നടത്തി ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചിലര്‍. അത്തരം പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."