ഇന്‍കമിംഗ് കാളുകളിലും സന്ദേശങ്ങളിലും വമ്പന്‍ നിയന്ത്രണങ്ങള്‍; എ.ഐ ഫില്‍ട്ടര്‍ സംവിധാനം മെയ് ഒന്നു മുതല്‍
ഇന്‍കമിംഗ് കാളുകളിലും സന്ദേശങ്ങളിലും വമ്പന്‍ നിയന്ത്രണങ്ങള്‍
ന്യൂഡല്‍ഹി: അനാവശ്യമായ ബിസിനസ് ഫോണ്‍ കാളുകളും, പരസ്യ കാളുകള്‍ സന്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം നിയന്ത്രിക്കാന്‍ നടപടിയുമായി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). ഇതിന്റെ ഭാഗമായി മേയ് ഒന്നുമുതല്‍ നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള സ്പാം ഫില്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത 'സ്പാം ഫില്‍റ്റര്‍' ഏര്‍പ്പെടുത്തണാണ് ട്രായ് ടെലികോം കമ്പനികള്‍ക്കു നല്‍കിയ നിര്‍ദേശം. അനാവശ്യ കോളുകള്‍ കണക്ട് ചെയ്യും മുന്‍പ് എഐ ഉപയോഗിച്ചു കണ്ടെത്തി തടയാനുള്ള സംവിധാനമാണ് സ്പാം ഫില്‍റ്റര്‍. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന അനാവശ്യ ഫോണ്‍കോളുകള്‍ നിയന്ത്രിക്കാനും ഇതുവഴിയുള്ള തട്ടിപ്പുകള്‍ക്ക് ഒരുപരിധിവരെ തടയിടാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്‍കമിംഗ് കാളുകളിലും സന്ദേശങ്ങളിലും വമ്പന്‍ നിയന്ത്രണങ്ങള്‍
നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സ്പാം ഫില്‍റ്ററുകള്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് ഒന്നുമുതല്‍ ഇതു നടപ്പാക്കാനാണ് നിര്‍ദേശം. ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവ ഉടന്‍ സ്പാം ഫില്‍റ്റര്‍ സംവിധാനം ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, എന്നുമുതല്‍ ഇതു നടപ്പാക്കാനാകുമെന്ന് കമ്പനികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഉപഭോക്താക്കള്‍ക്ക് വലിയ പ്രശ്‌നമായ വ്യാജ കോളുകളും എസ്എംഎസുകളും തടയാന്‍ ട്രായ് പണ്ടേ പ്രവര്‍ത്തിക്കുന്നുണ്ട്. നിരപരാധികളായ ഉപഭോക്താക്കളെ കബളിപ്പിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതു പോലുള്ള തട്ടിപ്പുകള്‍ക്ക് തടയിനായിരുന്നു നീക്കം. 10 അക്ക മൊബൈല്‍ നമ്പറിലെ പ്രൊമോഷണല്‍ കോളുകള്‍ നിര്‍ത്തണമെന്ന് ടെലികോം കമ്പനികളോട് ട്രായ് ആവശ്യപ്പെടുന്നു. ആരാണ് വിളിക്കുന്നതെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാനാകുംവിധം വിളിക്കുന്നയാളുടെ പേരും ചിത്രവും (കോളര്‍ ഐ.ഡി.) മൊബൈല്‍ സ്‌ക്രീനില്‍ ലഭ്യമാക്കുന്നതാണ് പരിഗണനയിലുള്ള മറ്റൊരു നടപടി. നിഷ്‌കളങ്കരായ ഉപഭോക്താക്കള്‍ ഇത്തരം കോളുകളിലൂടെ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണിത്. വിളിക്കുന്നയാളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സ്പാം കോളുകളാണെങ്കില്‍ അക്കാര്യം ഉപഭോക്താക്കള്‍ക്ക് നേരത്തെ അറിയാനാകും.
എന്നാല്‍ സ്വകാര്യത ലംഘിക്കപ്പെടുന്ന ആരോപണത്തെത്തുടര്‍ന്ന് ഇതു നടപ്പാക്കാനുള്ള തീരുമാനം നീളുകയാണ്. ബിസിനസ് കോളുകള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്ന പത്തക്കനമ്പര്‍ ഉപയോഗിക്കരുതെന്നാണ് മറ്റൊരു നിര്‍ദേശം. പകരം കൂടുതല്‍ അക്കങ്ങളുള്ള നമ്പറുകള്‍ നല്‍കണം. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."