കേരള സ്‌റ്റോറി: വെല്ലുവിളി ഉയര്‍ന്നതോടെ 32,000 പേരുടെ 'ഹൃദയ ഭേദക' കഥ മൂന്നു പേരുടേതായി ചുരുങ്ങി
കേരള സ്‌റ്റോറി: വെല്ലുവിളി ഉയര്‍ന്നതോടെ 32,000 പേരുടെ 'ഹൃദയ ഭേദക' കഥ മൂന്നു പേരുടേതായി ചുരുങ്ങി
വെല്ലുവിളി ഉയര്‍ന്നതിന് പിന്നാലെ കടുത്ത വിദ്വേഷ പ്രചാരണവുമായെത്തുന്ന സിനിമ 'ദ കേരളാ സ്റ്റോറി'യുടെ വിവരണത്തില്‍ നിന്ന് '32,000 സ്ത്രീകളുടെ കഥ' എന്നത് അപ്രത്യക്ഷമായി. പകരം 'കേരളത്തില്‍ നിന്നുള്ള മൂന്ന് യുവതികളുടെ കഥ' എന്നാണ് യുട്യൂബ് ട്രെയിലറില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിവരണം.
'കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ' എന്നായിരുന്നു സണ്‍ഷൈന്‍ പിക്‌ചേഴ്‌സിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറില്‍ നല്‍കിയിരുന്ന അടിക്കുറിപ്പ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു. പിന്നാലെയാണ് മാറ്റം വന്നിരിക്കുന്നത്. 'കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകള്‍' എന്നാണ് ഇപ്പോള്‍ നല്‍കിയ അടിക്കുറിപ്പ്.
'ദി കേരള സ്റ്റോറി'ക്ക് എ സര്‍ട്ടിഫിക്കറ്റോടെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചത്. സിനിമയിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കണം. കേരള മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
'ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍' എന്ന സംഭാഷണത്തില്‍ നിന്നും 'ഇന്ത്യന്‍' എന്ന വാക്ക് നീക്കണം. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാനാണ് ആവശ്യം. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
'ദ കേരളാ സ്റ്റോറി'യുടെ പ്രദര്‍ശനത്തിനെതിരെയുള്ള അപേക്ഷയില്‍ ഇന്ന് അടിയന്തരമായി ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. നാളെ വിശദമായ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഫയല്‍ ചെയ്യാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."