കിണറില്‍ വെള്ളം വറ്റുന്നോ…കിണറൊന്ന് റീചാര്‍ജ്ജ് ചെയ്താലോ
കിണറില്‍ വെള്ളം വറ്റുന്നോ
വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം കേരളത്തില്‍ വ്യാപകമാവുകയാണ്. ഏറ്റവും കൂടുതല്‍ കിണര്‍സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും വേനല്‍ക്കാലത്ത് കിണര്‍ വറ്റുകയോ, വെള്ളം പരിമിതപ്പെടുകയോ ചെയ്യുന്ന അവസ്ഥ സാധാരണമാണ്. കേരളത്തിലെ ഭൂഗര്‍ഭജലവിതാനം പൊതുവെ താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്ന കാര്യത്തില്‍ കേരളം അതീവ ജാഗ്രത പാലിച്ചേപറ്റു. നമുക്ക് കാലവര്‍ഷം, തുലാവര്‍ഷം തുടങ്ങി ധാരാളം മഴവെള്ളം കിട്ടുന്നുണ്ട്. എന്നാല്‍ ഇവയെ ശാസ്ത്രീയമായി സംഭരിച്ച് വേനല്‍ക്കാല കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതില്‍ നാം വേണ്ടത്ര ശ്രദ്ധ പുലര്‍ത്തില്ല. ഇതില്‍ നമുക്ക് ഫലപ്രദമായി ചെയ്യാവുന്ന പ്രവൃത്തിയാണ് കിണര്‍ റീചാര്‍ജിങ്. പ്രത്യേകിച്ചും തുലാമഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളമെങ്കിലും നഷ്ടപ്പെടാതെ ശുദ്ധീകരിച്ച് കിണറില്‍ സംഭരിച്ചാല്‍ നാലുമാസത്തെ കുടിവെള്ളം ഉണ്ടാക്കിയെടുക്കാനാവും. വലിയ ചിലവ് വരുന്നില്ല എന്നതാണ് കിണര്‍ റീ ചാര്‍ജ്ജിങ്ങിന്റെ പ്രത്യേകത.
1000 ച. അടി വിസ്തൃതിയുള്ള ഒരു മേല്‍ക്കൂരയില്‍ ഒരുവര്‍ഷം ശരാശരി മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം മഴവെള്ളമായി പെയ്ത് വീഴുന്നു. തുലാമഴക്കാലത്ത് ഇതിന്റെ 20 ശതമാനം കിട്ടും. ഇത്രയൊന്നും സംഭരിക്കുന്നില്ലെങ്കില്‍പ്പോലും 5000 ലിറ്റര്‍ കപ്പാസിറ്റിയിലുള്ള ടാങ്കില്‍ ശേഖരിച്ചാല്‍ മാത്രം നാലു മാസം തുടര്‍ച്ചയായി ദിനംപ്രതി 40 ലിറ്റര്‍ വെള്ളം ലഭ്യമാക്കാന്‍കഴിയും. സാധ്യത എത്രയോ അധികമാണ്. റീചാര്‍ജ് ചെയ്യേണ്ടതെങ്ങനെയെന്നു നോക്കാം.
കിണര്‍ റീ ചാര്‍ജിങ് എങ്ങനെ
മേല്‍ക്കൂരയില്‍ പെയ്തുവീഴുന്ന മഴവെള്ളത്തെ പിവിസി പൈപ്പിന്റെ പാത്തിയിലൂടെ ഒഴുക്കി ഒരു പൈപ്പില്‍ക്കൂടി താഴെക്ക് എത്തിക്കുക. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന ഒരു 'അരിപ്പ ടാങ്ക്' സ്ഥാപിക്കണം. വിപണിയില്‍ ലഭ്യമാവുന്ന വാട്ടര്‍ ടാങ്കുകളോ വീപ്പയൊ ഇഷ്ടികകൊണ്ട് കെട്ടിയ കുഴിയോ എന്തായാലും മതി. ഇതിന്റെ ഏറ്റവും അടിയില്‍ ഏതാണ്ട് 20 സെ.മീ. കനത്തില്‍ ചരല്‍ക്കല്ല് വിരിക്കുക. അതിനുമുകളില്‍ 10 സെ. മീ. കനത്തില്‍ മണല്‍ വിരിക്കുക. അതിനു മുകളില്‍ ചിരട്ട കരിച്ച കരിയോ മരക്കരിയോ 10 സെ. മീ. കനത്തില്‍ വിരിക്കുക. ഇതിനുമുകളില്‍ 10 സെ. മീ. കനത്തില്‍ ചരല്‍വിരിക്കുക. ടാങ്കിന്റെ ഏറ്റവും അടിഭാഗത്ത് ഒരു പിവിസി പൈപ്പ് ഘടിപ്പിച്ച് കുടിവെള്ള കിണറിലേക്ക് ഇറക്കിക്കൊടുക്കുക. മേല്‍ക്കൂര മഴവെള്ളം ആദ്യം അരിപ്പയിലേക്കും അവിടെവച്ച് ശുദ്ധീകരിക്കുകയും തുടര്‍ന്ന് കിണറിലേക്കു പതിച്ച് കിണറില്‍ സംഭരിക്കുകയും ചെയ്യുന്നു. ഏറ്റവും ലളിതമായ സംവിധാനത്തിലൂടെ നമുക്ക് അമൂല്യമായ ഈ വെള്ളത്തെ കൂടുതല്‍ സംഭരിച്ച് ഉപയോഗിക്കാന്‍കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."