കടല്‍ക്കൊലകേസ്: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ഇന്ത്യയിലെ ക്രിമിനല്‍ കേസ് സുപ്രിം കോടതി റദ്ദാക്കും, ഉത്തരവ് ചൊവ്വാഴ്ച
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ഇന്ത്യയിലെ ക്രിമിനല്‍ കേസ് സുപ്രിം കോടതി റദ്ദാക്കും. മത്സ്യത്തൊഴിലാളികളെ കൊന്ന കുറ്റത്തിന് നാവികര്‍ക്കെതിരായ കേസ് റദ്ദാക്കാനുള്ള ഉത്തരവ് സുപ്രിം കോടതി വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും.
കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ തങ്ങളുടെ രാജ്യത്ത് നിയമപരമായ നടപടികള്‍ തുടരുമെന്ന് ഇറ്റലി സുപ്രിം കോടതിയെ അറിയിച്ചു. ഇറ്റലി കൈമാറിയ പത്ത് കോടി രൂപ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സ്വീകരിക്കും.
എന്നാല്‍ ഇറ്റലി കൈമാറിയ നഷ്ടപരിഹാരത്തുകയുടെ വിതരണം എങ്ങനെ ആയിരിക്കണമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.ആര്‍. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആരാഞ്ഞു. 10 കോടി രൂപ ആദ്യം സ്ഥിരം നിക്ഷേപമായി സൂക്ഷിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ഥിരം നിക്ഷേപത്തിന്റെ പലിശ ഇരകള്‍ക്ക് പിന്‍വലിക്കാം. പിന്നീട് മുഴുവന്‍ തുകയും ഇരകള്‍ക്ക് ലഭ്യമാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാര വിതരണം ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച ഇറക്കുന്ന ഉത്തരവില്‍ ഇത് സംബന്ധിച്ച് വ്യക്തത കോടതി വരുത്തും.
നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ സുപ്രിം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ കണ്ടാലേ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കൂവെന്ന് സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇരകള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയെ അറിയിച്ചു.
നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് 10 കോടി നഷ്ടപരിഹാരമായി ഇറ്റലി സര്‍ക്കാര്‍ കൈമാറിയത്. രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി നഷ്ടപരിഹാരം നല്‍കുന്നത്. വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കിയാതായി കേരളം നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."