ഇതാണ്, ശരിയായ മന്‍ കി ബാത്ത്
എ സജീവന്‍
'മൂന്നു തലമുറയെ കൊന്നൊടുക്കിയതിന്റെ ദുഃഖത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഇവിടെ വാക്കുകള്‍ അശക്തമാണ്. ഒരു സമുദായത്തിന്റെ വേദനയും രോഷവും തുടച്ചുമാറ്റാന്‍ ഒരു സാന്ത്വനത്തിനുമാവില്ല. ഉറ്റവരെല്ലാം നഷ്ടപ്പെട്ട ആ ബാലകന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. എന്നാല്‍, ഒരു കാര്യം പറയാം. നിങ്ങള്‍ തനിച്ചല്ല, ഇന്നും എന്നും കാനഡയിലെ മുഴുവന്‍ ജനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടാവും'.
ലോകത്തെ മുഴുവന്‍ മനുഷ്യസ്‌നേഹികളും ആശ്വാസത്തോടെ കേട്ട, ലോകത്തെ മുഴുവന്‍ മുസ്‌ലിംകളുടെയും മനസില്‍ തങ്ങള്‍ അശരണരല്ല എന്ന തോന്നല്‍ അങ്കുരിപ്പിച്ച വാക്കുകളാണ് ഇവ... കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാക്കുകള്‍.
കാനഡയിലെ ഒന്റാറിയോയില്‍ പാകിസ്താനി കുടുംബത്തില്‍പ്പെട്ട നാലുപേരെ ഒരു മതഭ്രാന്തന്‍ ട്രക്കു കയറ്റി കൊന്നപ്പോള്‍ അതൊരു ഒറ്റപ്പെട്ട, യാദൃച്ഛിക സംഭവമെന്നു ന്യായീകരിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ജസ്റ്റിന്‍ ട്രൂഡോ തയാറായില്ല. അവിടെ നടന്നത് തികഞ്ഞ ഇസ്‌ലാമോഫോബിയയാണെന്ന് തുറന്നുപറയുകയും, ഏതോ കശ്മലന്‍ ചെയ്ത ക്രൂരതയ്ക്ക്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടും അവരുടെ സമുദായത്തോടും മാപ്പു പറയുകയും അവരുടെ വേദന സ്വന്തം ഹൃദയത്തിലേയ്ക്ക് ആവാഹിക്കുകയും ചെയ്തു ആ ഭരണാധികാരി.
ഇങ്ങനെയൊരു ഭരണാധികാരി നമുക്കും ഉണ്ടായിരുന്നെങ്കില്‍ എന്നു കൊതിച്ചു പോകുന്ന വാക്കും പ്രവൃത്തിയുമാണ് ജസ്റ്റിന്‍ ട്രൂഡോയില്‍ നിന്നുണ്ടായത്.
കൊല്ലപ്പെട്ടവര്‍ പൗരാണികമായി കാനഡയില്‍ ജനിച്ചുവളര്‍ന്നവരല്ല, പാക് വംശജരാണ്. ജസ്റ്റിന്‍ ട്രൂഡോ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന മതത്തില്‍പ്പെട്ടവരുമല്ല, മുസ്‌ലിംകളാണ്. ഇന്നത്തെ കാലത്ത്, തള്ളിപ്പറയാനും കണ്ടില്ലെന്നു നടിക്കാനും ഇതൊക്കെ ധാരാളം. പക്ഷേ, ജസ്റ്റിന്‍ ട്രൂഡോ എന്ന ഭരണാധികാരി അതു ചെയ്തില്ല. കാരണം, ആത്യന്തികമായി അദ്ദേഹം തികഞ്ഞ മനുഷ്യനാണ്, മനുഷ്യസ്‌നേഹിയാണ്. അതുകൊണ്ടുതന്നെ ആ കൊടുംക്രൂരതയെ അധിക്ഷേപിക്കാതിരിക്കാനും ഇരകള്‍ക്കൊപ്പം നില്‍ക്കാതിരിക്കാനും അദ്ദേഹത്തിനാവില്ല.
അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കൂടി കേള്‍ക്കൂ: 'ഇതു നഗ്നമായ ഇസ്‌ലാംവിരുദ്ധത (ഇസ്‌ലാമോഫോബിയ) ആണ്. വെറുപ്പിന്റെയും പകയുടെയും തത്വശാസ്ത്രമാണത്. അതു വളരാന്‍ അനുവദിച്ചാല്‍ സമൂഹഗാത്രത്തില്‍ അങ്ങേയറ്റത്തെ ദൂഷ്യഫലങ്ങളുണ്ടാക്കും. അതുകൊണ്ട് ഇത്തരം മനോഭാവത്തോടെ ആരെങ്കിലും നമ്മിലൊരാള്‍ക്കു നേരേപോലും കടന്നാക്രമണത്തിനു മുതിര്‍ന്നാല്‍ മുഴുവന്‍ ജനതയും ഒറ്റക്കെട്ടായി അതിനെ നേരിടണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല'.
ട്രൂഡോ പറഞ്ഞത് എത്രമാത്രം ശരിയാണ്. തികഞ്ഞ ഇസ്‌ലാംവിരുദ്ധത കൊണ്ടുമാത്രമല്ലേ ആ ക്രൂരന്‍ ഇത്തരമൊരു കുടുംകൈ ചെയ്തത്. വൃദ്ധമാതാവുള്‍പ്പെടെയുള്ള ആ കുടുംബം വളരെ സന്തോഷത്തോടെ റോഡരുകിലൂടെ നടന്നുനീങ്ങുകയായിരുന്നല്ലോ. അവര്‍ക്കിടയിലേയ്ക്കാണ് ആ മതഭ്രാന്തന്‍ ട്രക്ക് അതിവേഗത്തില്‍ ഓടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയത്. സല്‍മാന്‍ അഫ്‌സല്‍, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, മാതാവ് എന്നിവരെല്ലാം കൊല്ലപ്പെട്ടു. ഒമ്പതുവയസുള്ള മകന്‍ മാത്രം ഭാഗ്യം കൊണ്ട് ജീവന്‍ നഷ്ടപ്പെട്ടില്ല. അവന്‍ അതിഗുരുതരാവസ്ഥയിലാണ്.
സല്‍മാനെക്കുറിച്ച് അദ്ദേഹത്തിന്റെ പരിചയക്കാരും അയല്‍ക്കാരുമെല്ലാം അനുസ്മരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. എല്ലാവര്‍ക്കും പറയാനുള്ളത് നല്ല വാക്കുകള്‍ മാത്രം. ആരോടും പകയും പരിഭവവുമില്ലാതെ സന്തോഷത്തോടുകൂടി കഴിഞ്ഞുകൂടിയ കുടുംബമെന്നാണ് അവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത്. സല്‍മാനെയും കുടുംബത്തെയും കണ്ടു പരിചയം മാത്രമുള്ള ഒരാള്‍ പറഞ്ഞത്, താന്‍ സായാഹ്നസഞ്ചാരം നടത്തുമ്പോള്‍, വളരെ സന്തോഷത്തോടെ ഒരുമിച്ചു കളിതമാശകള്‍ പറഞ്ഞു നടക്കാറുണ്ടായിരുന്ന ആ കുടുംബത്തെ കാണാറുണ്ടായിരുന്നുവെന്നാണ്.
ജസ്റ്റിന്‍ ട്രൂഡോ ചോദിച്ച ചോദ്യം തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതസ്പര്‍ദ്ധയും അക്രമവും വിതയ്ക്കുന്ന മതഭ്രാന്തന്മാരോട് എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും ചോദിക്കാനുള്ളത്, 'ഈ ക്രൂരതകള്‍കൊണ്ട് നിങ്ങള്‍ എന്തു നേടി'.
വീണ്ടും ജസ്റ്റിന്‍ ട്രൂഡോയിലേയ്ക്കു വരട്ടെ. വെറുപ്പിന്റെ തത്വശാസ്ത്രം അടിസ്ഥാനപ്രമാണമാക്കി ജീവിക്കുകയും ഭരിക്കുകയും ചെയ്യുന്ന ഭരണാധികാരികളെ കണ്ടു ശീലിച്ച ലോകത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ട്രൂഡോയുടെപ്പോലുള്ള മനുഷ്യത്വമുള്ള അപൂര്‍വം ചില ഭരണാധിപന്മാരുടെ വാക്കും പ്രവൃത്തിയും. അതിശക്തമായ ഭാഷയിലാണ് അദ്ദേഹം, ആ പാകിസ്താനി കുടംബം കൊല്ലപ്പെട്ട അതേ നിരത്തോരത്തു നിന്ന്, ഇസ്‌ലാമോഫോബിയക്കെതിരേ പ്രതികരിച്ചത്. ആ വാക്കുകള്‍ അതേ വികാരത്തോടെ ഏറ്റെടുക്കാന്‍ അവിടെ തടിച്ചുകൂടിയവരെല്ലാം ഉണ്ടായിരുന്നുവെന്നതിന് വിഡിയോ ദൃശ്യങ്ങള്‍ സാക്ഷി. നല്ല ഭരണാധികാരികളെ പിന്‍പറ്റിയേ നല്ല ജനത വളര്‍ന്നുവരികയുള്ളൂ.
ഒന്റാറിയോയിലെ വംശീയകൂട്ടക്കൊലയും അതിന്റെ പശ്ചാത്തലത്തില്‍ ട്രൂഡോ പ്രതികരിച്ച രീതിയും കണ്ടപ്പോള്‍ മനസിലേയ്ക്ക് ഓടിയെത്തിയത് മറ്റൊരു പ്രധാനമന്ത്രിയുടെ മുഖമാണ്. ആ മുഖം, ന്യൂസിലാന്‍ഡിലെ പ്രധാനമന്ത്രിയുടേതായിരുന്നു.., ജസീന്താ ആര്‍ഡേനിന്റെ നിഷ്‌കളങ്ക മുഖം.
ഓര്‍ക്കുന്നില്ലേ 2019 ലെ ന്യൂസിലാന്‍ഡ് വംശഹത്യ. ക്രൈസ്റ്റ് ചര്‍ച്ച് പ്രദേശത്തെ രണ്ടു മുസ്‌ലിംപള്ളികളിലായി നടന്ന കൂട്ടക്കൊല. 2019 മാര്‍ച്ച് 15 ന് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെയാണ് യന്ത്രത്തോക്കുമായെത്തിയ മതഭ്രാന്തന്‍ പ്രാര്‍ഥനാനിരതരായിരുന്ന ജനത്തിനു നേരേ തുരുതുരാ വെടിയുതിര്‍ത്തത്. 47 പുരുഷന്മാരും ഏഴു സ്ത്രീകളും തല്‍ക്ഷണം മരിച്ചു.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മാത്രമേ ന്യൂസിലാന്‍ഡ് വംശജനായി ഉണ്ടായിരുന്നുള്ളു. ബാക്കി 50 പേരും പാകിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, യു.എ.ഇ, ഫിജി, സോമാലിയ, സിറിയ, ജോര്‍ദാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യക്കാരായിരുന്നു.
കൊല്ലപ്പെട്ടവര്‍ താന്‍ വിശ്വസിക്കുന്ന മതത്തില്‍പ്പെട്ടവരല്ലെന്നോ അവര്‍ ശരിയായ ന്യൂസിലാന്‍ഡുകാരല്ലെന്നോ എന്നൊന്നും ജസീന്ത ആര്‍ഡേന്‍ നോക്കിയില്ല. ആത്മാര്‍ഥമായിരുന്നു അവരുടെ വാക്കും പ്രവൃത്തിയും. അവര്‍ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി ആശ്വസിപ്പിച്ചു. കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി നടന്ന പ്രാര്‍ഥനയില്‍ പങ്കെടുത്തു.
മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് മുസ്‌ലിം പണ്ഡിതനെക്കൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിപ്പിച്ചാണ്. മതഭ്രാന്തിന് ഇരകളാക്കപ്പെടുന്നവര്‍ക്കും അവരുടെ സമുദായങ്ങള്‍ക്കും എത്രമാത്രം ആശ്വാസദായകമാണ് ഇത്തരം നടപടികളെന്നതു വിശദീകരിക്കേണ്ടതില്ലല്ലോ.
അതേ, മതേതര ലോകം കൊതിക്കുന്നത് ഇത്തരം നേതാക്കളെയും ഭരണാധികാരികളെയും പോലെയുള്ളവരെയാണ്. അവരുടെ വാക്കുകളാണ് മനസില്‍ നിന്നുവരുന്ന വാക്കുകള്‍, ശരിയായ മന്‍ കി ബാത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."