വൃക്കരോഗി മരിച്ച സംഭവം ; സസ്‌പെൻഷനെതിരേ പ്രതിഷേധിച്ച് ഡോക്ടർമാർ
ഡോക്ടർമാർ കോൾഡ് ബോക്‌സ് ഡ്രൈവർമാർക്ക് കൈമാറുന്ന വിഡിയോ പുറത്ത്
തിരുവനന്തപുരം
വൃക്കമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ചതിൽ വകുപ്പുമേധാവികളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘടന കെ.ജി.എം.സി.ടി.എ ആശുപത്രി ഒ.പിക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി. ആശുപത്രി പ്രവർത്തനത്തെ ബാധിക്കാതെയായിരുന്നു പ്രതിഷേധം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുംമുമ്പ് എന്തിന് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തുവെന്ന് സംഘടന പ്രതിനിധികൾ ചോദിച്ചു. വിദഗ്ധ സമിതിയുടെ വ്യക്തമായ അന്വേഷണത്തിന് ശേഷമാകണം നടപടി. ഒരു പ്രോട്ടോകോൾ ലംഘനവും നടന്നിട്ടില്ല. 104 ശസ്ത്രക്രിയകൾ ഒരു പ്രശ്‌നവുമില്ലാതെ നടന്ന ഇവിടെ 105ാമത്തെ ശസ്ത്രക്രിയക്ക് ഇങ്ങനെ സംഭവിച്ചതിനു പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രതിനിധികൾ പറഞ്ഞു.
രോഗിയുടെ കാര്യത്തിൽ ഉത്തരവാദിത്വം ഡോക്ടർക്കാണെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ പരാമർശത്തിനെതിരേയും അവയവം അടങ്ങിയ പെട്ടി കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർമാർക്കെതിരേയും സംഘടന രംഗത്തെത്തി. വൃക്കയുള്ള പെട്ടിയുമെടുത്ത് പോയവർ ട്രാൻസ്പ്ലാന്റ് ഐ.സി.യുവിലേക്ക് പോകുന്നതിനു പകരം ഓപറേഷൻ തിയറ്ററിലേക്കാണ് കൊണ്ടുപോയതെന്ന് ഭാരവാഹികൾ ആരോപിച്ചു.
അതിനിടെ, പെട്ടി തട്ടിയെടുത്തെന്ന ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലിസ് ഇതുവരെ കേസെടുത്തിട്ടില്ല. പെട്ടിയെടുത്ത് ഓടിയ ആംബുലൻസ് ഡ്രൈവറുടെ മൊഴി എടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനു ശേഷമേ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കൂ.
അതസമയം, രോഗിയെ ശസ്തക്രിയയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതു മുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോക്കോൾ പാലിക്കാത്തതാണ് മെഡിക്കൽ കോളജിൽ വൃക്ക സ്വീകർത്താവിന്റെ മരണത്തിലേക്കു നയിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ഇക്കാര്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, വൃക്ക അടങ്ങിയ കോൾഡ് ബോക്‌സ് ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർമാർതന്നെ പുറത്തിറങ്ങുമ്പോൾ ആരോപണവിധേയർക്ക് കൈമാറുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."