രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോകപ്പിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കഴിഞ്ഞ ദിവസത്തോടെ എല്ലാ ടീമുകളുടേയും ഓരോ മത്സരം പൂര്‍ത്തിയായി. രണ്ടാം റൗണ്ട് മത്സരത്തിന് ശേഷമായിരിക്കും വിവിധ ടീമുകളുടെ ഗതി എങ്ങോട്ടാണെന്ന് മനസിലാവുക.
റഷ്യ - ഫിന്‍ലന്‍ഡ്
ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ റഷ്യയും ഫിന്‍ലന്‍ഡും നേര്‍ക്കുനേര്‍. ബെല്‍ജിയത്തിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടാണ് റഷ്യയുടെ വരവെങ്കില്‍ ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫിന്‍ലന്‍ഡിന്റെ ഒരുക്കം. സ്വന്തം മൈതാനത്താണ് മത്സരമെന്ന മുന്‍തൂക്കം റഷ്യക്കുണ്ടെങ്കിലും ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഫിന്‍ലന്‍ഡ്. ആദ്യമായി യൂറോകപ്പിലെത്തിയ ഫിന്‍ലന്‍ഡ് ആദ്യ ഗോളും ജയവും സ്വന്തമാക്കി ചരിത്ര നേട്ടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ്. ഇന്നത്തെ മത്സരത്തിലും ജയം സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനക്കാരായെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാനാകും ഫിന്‍ലന്‍ഡിന്റെ ശ്രമം. ഇപ്പോള്‍ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ് ഫിന്‍ലന്‍ഡ്.
തുര്‍ക്കി - വെയില്‍സ്
ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കാന്‍ കഴിയാത്ത ടീമുകളാണ് തുര്‍ക്കിയും വെയില്‍സും. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ 1 - 1 ന്റെ സമനില വഴങ്ങിയ വെയില്‍സ് ഇന്ന് ജയം തേടിയാണ് ഇറങ്ങുന്നത്. അതേസമയം ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഇറ്റലിയോട് പരാജയപ്പെട്ട തുര്‍ക്കിക്ക് തിരിച്ചുവരണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്. ഇറ്റലിക്കെതിരേ ശക്തമായ പ്രതിരോധം തുര്‍ക്കി പുറത്തെടുത്തെങ്കിലും ഇറ്റലിയുടെ മുന്നേറ്റത്തെ അധിക സമയം തടഞ്ഞുനിര്‍ത്താന്‍ തുര്‍ക്കിക്ക് കഴിഞ്ഞിരുന്നില്ല. അസര്‍ബൈജാനിലെ ബാകു ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍ രാത്രി 9.30നാണ് മത്സരം. ഒരു മത്സരത്തില്‍ നിന്ന് ഒരു പോയിന്റുള്ള വെയില്‍സ് ഇപ്പോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ മൂന്ന് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയ തുര്‍ക്കി ഗ്രൂപ്പില്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു.
ഇറ്റലി - സ്വിറ്റ്‌സര്‍ലന്‍ഡ്
ആദ്യ മത്സരത്തിലെ മിന്നും പ്രകടനം തുടരാനാണ് ഇന്ന് അസൂറിപ്പട സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടുന്നത്. ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ ഇറ്റലിയുടെ മുന്നേറ്റനിര ശക്തമാണ്. കെല്ലിനി നയിക്കുന്ന പ്രതിരോധത്തിനും ഇതുവരെ വിള്ളല്‍ വന്നിട്ടില്ല.
വെയില്‍സിനോട് സമനില വഴങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡും ആദ്യ ജയം തേടിയാകും ഇറ്റലിയെ നേരിടുക. മത്സരം ഇറ്റലിയിലാണെന്നത് അസൂറികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെങ്കിലും തോറ്റുകൊടുക്കാന്‍ മനസില്ലാതെയാണ് സ്വിസ് സംഘം എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."