വ്യക്തിനിയമത്തിലും കൈകടത്തുന്നു മുസ്‌ലിം വ്യക്തിനിയമമടക്കം 52 നിയമങ്ങള്‍ പുനഃപരിശോധിക്കുന്നു
ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമം ഉള്‍പ്പെടെയുള്ള 52 നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു.
1937ലെ ശരീഅത്ത് ആക്ട്, ഹിന്ദു വിവാഹ നിയമം, ഇന്ത്യന്‍ പിന്തുടര്‍ച്ചാ നിയമം, സിവില്‍ നടപടിക്രമ നിയമം തുടങ്ങിയ നിയമങ്ങള്‍ പുനപ്പരിശോധിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസ് ആണ് റിപ്പോര്‍ട്ട്‌ചെയ്തത്.
നിയമം രൂപീകരിച്ച സാഹചര്യത്തില്‍നിന്ന് സമൂഹം ഒരുപാട് മാറിയതിനാല്‍ അതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതികളും പ്രശ്‌നങ്ങളും പരിശോധിച്ച് അറിയിക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രാലയം എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.
പവര്‍ ഓഫ് അറ്റോര്‍ണി ആക്ട്, ഒഫിഷ്യല്‍ ട്രസ്റ്റീ ആക്ട്, കൊമേഴ്ഷ്യല്‍ ഡോക്യുമെന്റ്‌സ് എവിഡന്‍സ് ആക്ട്, ദി ലിമിറ്റേഷന്‍ ആക്ട്, സ്‌പെസിഫിക് റിലീഫ് ആക്ട് ഉള്‍പ്പെടെയുള്ളവയും പരിഷ്‌കരിക്കപ്പെടും.
മന്ത്രാലയങ്ങളും വകുപ്പുകളും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഭേദഗതികള്‍ കൊണ്ടുവരിക. നിയമഭേദഗതികള്‍ക്ക് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ അംഗീകാരം നേടിയെടുക്കാനും കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
പഴകിയ പത്തുനിയമങ്ങള്‍ എടുത്തുകളയുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണകാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
ഭരണഘടന അടിമുടി മാറ്റിയെഴുതുകയെന്ന കേന്ദ്രസര്‍ക്കാരിന്റേയും ബി.ജെ.പിയുടേയും തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. അതേസമയം,പുതിയ നീക്കം ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന സൂചനയുണ്ട്.
മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ഓരോന്നായി ചോദ്യംചെയ്യുന്ന ഏതാനും ഹരജികള്‍ നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
അനന്തരാവകാശ നിയമം, വിവാഹമോചനം, ദത്തെടുക്കല്‍, വിവാഹമോചിതയായ സ്ത്രീക്ക് മുന്‍ഭര്‍ത്താവ് നല്‍കുന്ന ജീവനാംശം എന്നിവ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സമയത്തായി അഭിഭാഷകന്‍ കൂടിയായ ബി.ജെ.പി നേതാവ് അശ്വിനികുമാര്‍ നല്‍കിയ നാലുഹരജികളാണ് ഇതില്‍ പ്രധാനം.
ഇവയിലെല്ലാം കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിട്ടുമുണ്ട്. വിവാഹപ്രായം സംബന്ധിച്ച കേസുകള്‍ വിവിധ ഹൈക്കോടതികളിലുണ്ട്. ഇവയെല്ലാം സുപ്രിംകോടതിയിലേക്ക് മാറ്റി ഒന്നിച്ച് കേള്‍ക്കണമെന്ന ആവശ്യവും അശ്വിനികുമാര്‍ ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."