സേവ് ലക്ഷദ്വീപ് ഫോറത്തില്‍നിന്ന് ബി.ജെ.പിയെ പുറത്താക്കി
സ്വന്തം ലേഖകന്‍
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നിയമങ്ങള്‍ക്കും നടപടികള്‍ക്കുമെതിരേ ലക്ഷദ്വീപിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഒരുമിക്കുന്ന സേവ് ലക്ഷദ്വീപ് ഫോറത്തില്‍നിന്ന് ബി.ജെ.പിയെ പുറത്താക്കി.
ഐഷ സുല്‍ത്താനയ്‌ക്കെതിരേ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ നല്‍കിയ രാജ്യദ്രോഹക്കേസ് പിന്‍വലിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം ബി.ജെ.പി യെ പുറത്താക്കിയത്. പട്ടേല്‍ കൊണ്ടുവന്ന വിവാദ നിയമങ്ങളുടെ കരട് പിന്‍വലിക്കുക, ജനദ്രോഹപരമായ ഉത്തരവുകള്‍ പിന്‍വലിക്കുക, പട്ടേലിനെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളില്‍ മൂന്നാമത്തേതിനോട് ബി.ജെ.പി നേരത്തെതന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഐഷയ്‌ക്കെതിരായ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് ബി.ജെ.പി പ്രതിനിധി അറിയിച്ചത്. ഇക്കാര്യം സാധ്യമല്ലെന്ന, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയുടെ ശബ്ദ സന്ദേശം പുറത്തു വരുകകൂടി ചെയ്ത സാഹചര്യത്തിലാണ് പുറത്താക്കല്‍ തീരുമാനമെന്ന് എസ്.എല്‍.എഫ് കോഓഡിനേറ്റര്‍ ഡോ.സാദിഖ് സുപ്രഭാതത്തോട് പറഞ്ഞു.
എസ്.എല്‍.എഫിന്റെ തിരുമാനം അംഗീകരിക്കുകയാണെന്നും, ലക്ഷദ്വീപ് ജനതയക്കൊപ്പംതന്നെ നിലകൊള്ളുമെന്നും ബി.ജെ.പി ഘടകം സംസ്ഥാന ജനറല്‍ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം പറഞ്ഞ ു.ബി.ജെ.പിയില്‍ ഐഷയുടെ കാര്യത്തില്‍ ഭിന്നതയുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, അഡ്മിനിസ്‌ട്രേറ്റര്‍ ബി.ജെ.പി നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."