മോദി ' മാജിക്' ഏറ്റില്ല: കൂടുതൽ സമയം ചെലവിട്ടു, റെക്കോഡ് റോഡ് ഷോകൾ നടത്തി; എന്നിട്ടും ബി.ജെ.പി തോറ്റു
മോദി ' മാജിക്' ഏറ്റില്ല: കൂടുതല്‍ സമയം ചെലവിട്ടു, റെക്കോഡ് റോഡ് ഷോകള്‍ നടത്തി; എന്നിട്ടും ബി.ജെ.പി തോറ്റു
ബംഗളൂരു: കര്‍ണാടകയെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്രയും 'റിസ്‌ക്' എടുത്ത ഒരു സംസ്ഥാനം വേറെയുണ്ടാകില്ല. തെരഞ്ഞെടുപ്പിന് വളരെ മുമ്പ് മോദി കര്‍ണാടകയില്‍ സന്ദര്‍ശിച്ച് കൊണ്ടിരുന്നു. പൊതുവേ പ്രധാനമന്ത്രിയെ പോലെ ഒരു വി.വി.ഐ.പിയുടെ സാന്നിധ്യം ആവശ്യമില്ലാത്ത പദ്ധതികളുടെ ഉദ്ഘാടനത്തിന് പോലും നരേന്ദ്രമോദി കര്‍ണാടകയില്‍ എത്തി. ഒരുവര്‍ഷത്തിനിടെ പത്തിലധികം തവണാണ് മോദി കര്‍ണാടക സന്ദര്‍ശിച്ചത്. മറ്റൊരു സംസ്ഥാനത്തും ഇത്രയും തവണ മോദി എത്തിയിട്ടുണ്ടാകില്ല.
കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ദേശീയ അധ്യക്ഷനും കര്‍ണാടകക്കാരനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെയാണ് നേതൃത്വം നല്‍കിയിരുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരും ഖാര്‍ഗെക്കൊപ്പം പ്രചാരണങ്ങളില്‍ സജീവമായി. ഡി.കെയാണ് പ്രചാരണം കോര്‍ഡിനേറ്റ്‌ചെയ്തത്. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണമുഖം. മോദിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അപ്രസക്തനായി.
വോട്ടെടുപ്പ് നടന്ന ഈ മാസം പത്ത് വരെയുള്ള ഒരാഴ്ച പൂര്‍ണമായും മോദി കര്‍ണാടകയില്‍ തന്നെ തങ്ങി. ഈ സമയങ്ങളില്‍ 30,000 പേരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍, യുവാക്കള്‍, ഉദ്യോഗസ്ഥര്‍, വിവിധ അവാര്‍ഡ് ജേതാക്കള്‍, പൗരപ്രമുഖര്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരെ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഈ സമയം ബി.ജെ.പി സൗകര്യമൊരുക്കി. ഇതിന് പുറമെ വിര്‍ച്വല്‍ ആയും പ്രധാനമന്ത്രി നിരവധി പേരുമായി കൂടിക്കാഴ്ച നടത്തി.
19 റാലികളാണ് മോദി കര്‍ണാടകയില്‍ നടത്തിയത്. ആകെ ആറു റോഡ് ഷോകളും നടത്തി. മൂന്നെണ്ണം ബംഗളൂരുവിലും മൈസൂരുവിലും കല്‍ബുല്‍ഗിയിലും തുമകുരുവിലും ഓരോന്നു വീതവും നടത്തി. കൂടാതെ അമിത്ഷാ 16 റാലികളിലും 15 റോഡ്‌ഷോകളിലും പങ്കെടുത്തു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ 10 റാലികളും 16 റോഡ് ഷോകളും സംഘടിപ്പിച്ചു. ചലച്ചിത്രമേഖലയില്‍നിന്ന് ബിജെ.പിയിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ബി.ജെ.പി ഉപയോഗിച്ചു. 17 പൊതുയോഗങ്ങളിലും രണ്ടു റോഡ് ഷോകളിലും അവര്‍ പങ്കെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രണ്ട് റോഡ് ഷോകള്‍ നടത്തി. ബി.ജെ.പി മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാനും ഹിമന്ത് ബിശ്വശര്‍മയും റോഡ് ഷോകള്‍ നടത്തുകയും പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. കൂടാതെ രാജ്‌നാഥ് സിങ് ഒഴിച്ചുള്ള മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെല്ലാം പ്രചാരണത്തിനെത്തി. ഇവരൊപ്പം 128 ദേശീയ നേതാക്കളും പ്രചാരണങ്ങള്‍ക്കെത്തി. ആകെ 3116 റാലികളാണ് ബി.ജെ.പി നടത്തിയത്. 311 ക്ഷേത്രസന്ദര്‍ശനങ്ങള്‍ നടത്തി. 9,125 പൊതുയോഗങ്ങള്‍. 1377 റോഡ് ഷോകള്‍. 9077 തെരുവ് യോഗങ്ങളും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."