ഇശ്റത്ത് കേസ് ; 17 വര്‍ഷത്തിനുശേഷം പ്രാണേഷിന്റെ കുടുംബത്തിന് പാസ്പോര്‍ട്ട് ലഭിച്ചു
ന്യൂഡല്‍ഹി: ഗുജറാത്ത് പൊലിസ് വെടിവച്ചുകൊലപ്പെടുത്തി 17 വര്‍ഷത്തിനുശേഷം മലയാളിയായ പ്രണേഷ് പിള്ള എന്ന ജാവേദ് ഗുലാം ശെയ്ഖിന്റെ കുടുംബത്തിന് പാസ്പോര്ട്ടുകള് തിരികെ നല്കി.
2004 ജൂണ്‍ 15നാണ് അഹമ്മദാബാദില്‍ വച്ച് പ്രാണേഷ് പിള്ളയ്ക്കൊപ്പം മുംബൈയിലെ കോളജ് വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാന്, സീഷാന്‍ ജൗഹര്‍, അംജദ് അലി റാണ എന്നിവരെ വെടിവച്ചുകൊന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ ലശ്കറെ ത്വെയ്ബ തീവ്രവാദികളാണ് നാലുപേരും എന്നായിരുന്നു പൊലിസ് അവകാശപ്പെട്ടിരുന്നത്.
പ്രാണേഷ് പിള്ളയുടെ വിധവ സാജിദ, മക്കളായ സിദ്ദീഖ്, സൈനബ് എന്നിവര്‍ നല്കിയ അപേക്ഷയിന്മേലാണ് നടപടികള്‍ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് തിരികെ നല്‍കിയത്. പാസ്പോര്ട്ടുകള് തിരികെ നല്കാന് ഈ മാസം ഒന്‍പതിന് സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇതുപ്രകാരം തിങ്കളാഴ്ചയാണ് കുടുംബത്തിന് തിരികെ ലഭിച്ചതെന്ന് അഭിഭാഷകന് അറിയിച്ചു.
കൊല്ലപ്പെട്ടശേഷം പൂനെയിലെ ഇവരുടെ വീട്ടിലെത്തി റെയ്ഡ് നടത്തിയാണ് ഗുജറാത്ത് പൊലിസ് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ പിടിച്ചുകൊണ്ടുപോയത്. പ്രാണേഷും കുടുംബവും സന്ദര്‍ശിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ അറിയുന്നതിന് വേണ്ടിയെന്ന് അവകാശപ്പെട്ടായിരുന്നു രേഖകളെല്ലാം എടുത്തുകൊണ്ടുപോയത്. എന്നാല്‍, തങ്ങള്‍ക്ക് ഹജ്ജിന് അപേക്ഷനല്‍കണമെന്നും അതിന് പാസ്പോര്‍ട്ട് ആവശ്യമാണെന്നും ഇവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."